ആറുമക്കളുടെ അമ്മ വീടിന്റെ ഉമ്മറത്ത് ഉറുമ്പരിച്ച നിലയിൽ; മക്കൾക്കെതിരെ വയോജന സംരക്ഷണ നിയമപ്രകാരം കേസെടുത്തു:വൃദ്ധയുടെ സംരക്ഷണം ഏറ്റെടുത്ത് ജ്വാല

ആറുമക്കളുടെ അമ്മ വീടിന്റെ ഉമ്മറത്ത് ഉറുമ്പരിച്ച നിലയിൽ; മക്കൾക്കെതിരെ വയോജന സംരക്ഷണ നിയമപ്രകാരം കേസെടുത്തു:വൃദ്ധയുടെ സംരക്ഷണം ഏറ്റെടുത്ത് ജ്വാല

സ്വന്തം ലേഖകൻ

മാവേലിക്കര: ആറ് മക്കൾക്ക് ജന്മം നൽകിയിട്ടും അവസാന കാലത്ത് ഒരുതവി കഞ്ഞി കൊടുക്കാൻ മക്കൾക്ക് താല്പര്യമില്ല. ആറ് മക്കളും നല്ല നിലയിൽ ജീവിക്കുന്നവരും. വയോധികയുടെ ജീവിതമാകട്ടെ ദുരിതപൂർണവും. കല്ലുമല മാർക്കറ്റിനു സമീപം ചരിവുമേലതിൽ ഭവാനിയമ്മയാണ് (86) മക്കളുടെ അവഗണനയിൽ കഴിയേണ്ടി വന്നത്. മൂന്ന് ആണും മൂന്ന് പെണ്ണുമടക്കം ആറുമക്കളുള്ള ഇവർ കല്ലുമലയിലെ ആറുസെന്റ് പുരയിടത്തിലെ വീട്ടിൽ ഇളയമകനും മരുമകൾക്കുമൊപ്പമാണ് കഴിഞ്ഞുവരുന്നത്. മകനും മരുമകളും പുറത്തുപോകുമ്പോൾ വീട്ടിൽ കയറ്റാതെ പടിയിൽ കിടത്തുമെന്ന് നാട്ടുകാർ പറയുന്നു. ജ്വാലയുടെ പ്രവർത്തകരും മാവേലിക്കര പൊലീസും എത്തുമ്പോൾ മുഖത്തും ശരീരത്തിലും മലം പുരണ്ടനിലയിൽ ഉറുമ്പരിച്ച് കിടക്കുകയായിരുന്നു. ജ്വാല പ്രവർത്തകരായ അശ്വതി, ജയകുമാർ, മാവേലിക്കര സ്റ്റേഷനിലെ വനിത കോൺസ്റ്റബിൾ ശ്രീകല, എ.എസ്.ഐമാരായ അനിരുദ്ധൻ, സിറാജ് എന്നിവർ ചേർന്ന് കുളിപ്പിച്ച് വസ്ത്രം ധരിപ്പിച്ചശേഷം മാവേലിക്കര ജില്ല ആശുപത്രിയിലേക്ക് മാറ്റി. മാതാവിനെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ച മക്കൾക്കെതിരെ വയോജന സംരക്ഷണ നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് ജ്വാല പ്രവർത്തകർ മാവേലിക്കര പൊലീസിൽ പരാതി നൽകി. മക്കളോട് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എസ്.ഐ സി. ശ്രീജിത്ത് പറഞ്ഞു.