ജില്ലാ ആയുർവേദ ആശുപത്രിയിൽ വ്യാജ വനിതാ ഡോക്ടർ: വാർഡിനുള്ളിൽ കയറി പണപ്പിരിവ് നടത്താൻ ശ്രമം: ആശുപത്രി അധികൃതരുടെ പരാതി വെസ്റ്റ് പൊലീസിന്

ജില്ലാ ആയുർവേദ ആശുപത്രിയിൽ വ്യാജ വനിതാ ഡോക്ടർ: വാർഡിനുള്ളിൽ കയറി പണപ്പിരിവ് നടത്താൻ ശ്രമം: ആശുപത്രി അധികൃതരുടെ പരാതി വെസ്റ്റ് പൊലീസിന്

Spread the love

ശ്രീകുമാർ

കോട്ടയം: ആശുപത്രി അധികൃതർ അറിയാതെ ജില്ലാ ആയുർവേദ ആശുപത്രിയ്ക്കുള്ളിൽ വ്യാജ ഡോക്ടർ. ആശുപത്രിക്കുള്ളിലും വാർഡിലും കയറിയിറങ്ങി രോഗികളെ പരിശോധിച്ച ഡോക്ടറെ കണ്ടെത്തിയ ഉടൻ തന്നെ അധികൃതർ വെസ്റ്റ് പൊലീസിലും, ഡിവൈഎസ്പി ഓഫിസിലും പരാതി നൽകി. സമീപത്തെ കടയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച പൊലീസ് സംഘം പരിശോധന ആരംഭിച്ചിട്ടുണ്ട്. മാനസിക അസ്വാസ്ഥമുള്ള യുവതിയാണ് ആശുപത്രിയിൽ എത്തി രോഗികളെ പരിശോധിച്ചതെന്നു സംശയിക്കുന്നു.
മൂന്നാഴ്ച മുൻപായിരുന്നു പരാതിക്കിടയാക്കിയ സംഭവം. ജില്ലാ ആയുർവേദ ആശുപത്രിക്കുള്ളിൽ എത്തിയ യുവതി ഇവിടെ വാർഡിലും, ഒരു ഡോക്ടറുടെ മുറിയിലും എത്തി രോഗികളെ പരിശോധിക്കുകയായിരുന്നു. ഇവർ എത്തിയ വിവരം രോഗികൾ പറഞ്ഞ് അറിഞ്ഞതോടെ ആശുപത്രി അധികൃതർ ഇവരെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. എന്നാൽ, പിന്നീട് ഇവർ ഇവിടേയ്ക്ക് എത്തിയില്ല. ഇതിനിടെ ആശുപത്രിയിലെ ഒരു വിഭാഗം ജീവനക്കാരോട് ഈ ഡോക്ടറെപ്പറ്റി രണ്ടു പേർ തിരക്കി. വിവാഹാലോചന എന്ന പേരിലാണ് ഡോക്ടറെ അന്വേഷിച്ച് രണ്ടു പേർ ആശുപത്രിയിൽ എത്തിയത്. ഇതിനു പിന്നാലെ നഗരത്തിലെ ഒരു ബ്രോക്കർ സ്ഥലം വിൽപ്പനയ്ക്കായി ആശുപത്രിയിലെ ഇതേ വനിതാ ഡോക്ടർ തന്നെ സമീപിച്ച് സ്ഥലം വാങ്ങാൻ പണം ഇടപാട് ചെയ്തതായി ആശുപത്രി അധികൃതരെ അറിയിച്ചു. ഇതോടെ അധികൃതർ വീണ്ടും ജാഗ്രതയിലായി.
ഇതിനിടെ ഇതേ വ്യാജഡോക്ടർ രണ്ടാം തവണ ആശുപത്രിയിൽ എത്തുകയും രോഗികളിൽ നിന്നു പണപ്പിരിവ് നടത്താൻ ശ്രമിക്കുകയും ചെയ്തു. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നു ആശുപത്രി അധികൃതർ സ്ഥലത്ത് എത്തിയപ്പോഴേയ്ക്കും വനിതാ ഡോക്ടർ സ്ഥലം വിട്ടിരുന്നു. തുടർന്നാണ് അധികൃതർ ഡിവൈഎസ്പി ഓഫിസിലും വെസ്റ്റ് സിഐ ഓഫിസിലും പരാതി നൽകിയത്. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആയുർവേദ ആശുപത്രിക്കു സമീപത്തെ കടയിൽ നിന്നും സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. എന്നാൽ, രണ്ടാഴ്ച കഴിഞ്ഞിട്ടും ഇതുവരെയും ഇവരെ കണ്ടെത്താൻ പൊലീസിനു സാധിച്ചിട്ടില്ല. ഇവർ മാനസിക രോഗിയാണെന്ന വാദമാണ് ആശുപത്രി അധികൃതർ ഉന്നയിക്കുന്നത്.
എന്നാൽ, മാനസിക അസ്വാസ്ഥ്യമുള്ളവരാണെങ്കിൽ ഇത്തരത്തിൽ ഡോക്ടറാണെന്ന പേരിൽ വിവാഹ ആലോചന നടത്തുമോ എന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്. സ്ഥലം ഇടപാടിന്റെ പേരിൽ ഇവർ പണം തട്ടിപ്പ് നടത്താൻ ശ്രമിച്ചിട്ടുമുണ്ട്. ഇതുകൂടാതെ രോഗികളിൽ നിന്നു പണപ്പിരിവും നടത്താൻ ശ്രമിച്ചിട്ടുണ്ട്. സംഭവം പരാതിയാകുമെന്ന് കണ്ടതോടെ ഇവർ പിന്നീട് ആശുപത്രിയിൽ എത്തിയിട്ടുമില്ല. ഈ സാഹചര്യത്തിൽ ഇവർ മാനസിക രോഗിയാണെന്ന വാദം അംഗീകരിക്കാനാവുന്നില്ല. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തി വ്യാജ ഡോക്ടറെ പുറത്തു കൊണ്ടു വരണമെന്നാണ് ആശുപത്രി രോഗികളുടെ ആവശ്യം.