ഭാരത് ആശുപത്രിയിലെ ഡോക്ടർക്കു കൊവിഡ്: ഡോക്ടറുടെ സമ്പർക്കപ്പട്ടികയിൽ നാനൂറോളം രോഗികൾ; കൊവിഡ് പടർന്നത് ചിങ്ങവനം സ്വദേശിയിൽ നിന്നെന്നു സൂചന; ഡോക്ടർക്കു കൊവിഡ് സ്ഥിരീകരിച്ചിട്ടും ആശുപത്രി അടച്ചില്ല; പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയില്ല; ഭാരതിനെ രക്ഷിക്കാൻ രോഗവിവരം നഗരസഭയിൽ നിന്നു പോലും മറച്ചു വച്ച് ജില്ലാ ഭരണകൂടം

ഭാരത് ആശുപത്രിയിലെ ഡോക്ടർക്കു കൊവിഡ്: ഡോക്ടറുടെ സമ്പർക്കപ്പട്ടികയിൽ നാനൂറോളം രോഗികൾ; കൊവിഡ് പടർന്നത് ചിങ്ങവനം സ്വദേശിയിൽ നിന്നെന്നു സൂചന; ഡോക്ടർക്കു കൊവിഡ് സ്ഥിരീകരിച്ചിട്ടും ആശുപത്രി അടച്ചില്ല; പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയില്ല; ഭാരതിനെ രക്ഷിക്കാൻ രോഗവിവരം നഗരസഭയിൽ നിന്നു പോലും മറച്ചു വച്ച് ജില്ലാ ഭരണകൂടം

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: ഭാരത് ആശുപത്രിയിലെ ഡോക്ടർക്കു കൊവിഡ് സ്ഥിരീകരിച്ചിട്ടും ആശുപത്രിയെ രക്ഷിക്കാൻ വിവരങ്ങളെല്ലാം രഹസ്യമാക്കി വച്ച് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും. ഡോക്ടർക്കു രോഗം സ്ഥിരീകരിച്ച് 24 മണിക്കൂറിലേറെ കഴിഞ്ഞിട്ടും പ്രതിരോധ നടപടികൾക്കു നേതൃത്വം നൽകേണ്ട കോട്ടയം നഗരസഭയെ പോലും ആരോഗ്യ വകുപ്പ് അധികൃതരോ ജില്ലാഭരണകൂടമോ വിവരം അറിയിച്ചിട്ടില്ല.

ആശുപത്രിയിൽ ഡോക്ടറുമായി സമ്പർക്കത്തിൽ ഏർപ്പെട്ട നാനൂറോളം രോഗികളെയും, ആശുപത്രി ജീവനക്കാരെയും, ഡോക്ടർമാരെയും പോലും ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇതിനെല്ലാം ഉപരിയായി ആശുപത്രിയിൽ ഇതുവരെ നഗരസഭയുടെയോ, ആരോഗ്യ വകുപ്പിന്റെയോ നേതൃത്വത്തിൽ അണുനശീകരണവും നടത്തിയിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന ഏറ്റവും തിരക്കേറിയ ഭാരത് ആശുപത്രിയിലെ ഏറ്റവും തിരക്കുള്ള സീനിയർ ഡോക്ടർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് ഇദ്ദേഹത്തിനു കൊവിഡ് സ്ഥിരീകരിച്ചത്. ശനിയാഴ്ച വൈകിട്ട് വന്ന ഔദ്യോഗിക റിലീസിൽ ഇദ്ദേഹത്തിന്റെ വിവരങ്ങളും ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, പതിവ് പോലെയുള്ള വിശദമായ രോഗികളുടെ പട്ടിക ശനിയാഴ്ച ഒഴിവാക്കുകയായിരുന്നു.

ഇതിനു പിന്നാലെ തേർഡ് ഐ ന്യൂസ് ലൈവ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്. ഭാരത് ആശുപത്രിയിലെ മാനേജ്‌മെന്റിൽ പോലും നിർണ്ണായക സ്വാധീനമുള്ള, തീരുമാനങ്ങൾ എടുക്കുന്നതിനും, ദൈനംദിന കാര്യങ്ങൾ തീരുമാനിക്കുന്നതിനും ഇടപെടുന്ന ഡോക്ടർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ചിങ്ങവനം സ്വദേശിയിൽ നിന്നാണ് ഡോക്ടർക്കു കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് പ്രാഥമിക സൂചന.

വിവരം അറിഞ്ഞ് തേർഡ് ഐ ന്യൂസ് ലൈവ് സംഘം ആദ്യം ജില്ലാ കളക്ടർ എം.അഞ്ജനയെ ഫോണിൽ ബന്ധപ്പെട്ടു. മുൻപുള്ള കളക്ടർമാരിൽ നിന്നും വ്യത്യസ്തമായി, ജില്ലാ കളക്ടറുടെ സ്റ്റാഫ് അംഗങ്ങളിൽ ആരോ ആണ് ഫോൺ എടുത്തത്. കളക്ടറോട് സംസാരിക്കണമെന്നാവശ്യപ്പെട്ടെങ്കിലും ഇദ്ദേഹം വിവരം ധരിപ്പിക്കാമെന്നാണ് അറിയിച്ചത്. ഫോണിൽ സംസാരിച്ച ആളോട് ഭാരത് ആശുപത്രി സംബന്ധിച്ചുള്ള പ്രശ്‌നം ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഒന്നും അറിയില്ലെന്നായിരുന്നു നിലപാട്.

തുടർന്നു, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.ജേക്കബ് വർഗീസിനെ ബന്ധപ്പെട്ടു. ഭാരത് ആശുപത്രിയിലെ ഡോക്ടർക്കു കൊവിഡ് സ്ഥിരീകരിച്ചെന്നു സമ്മതിച്ച ഇദ്ദേഹം, ഇവിടെ അണുവിമുക്തമാക്കേണ്ട ജോലികൾ ചെയ്യേണ്ടത് കോട്ടയം നഗരസഭ ആണെന്നു പറഞ്ഞു. ഇത് കൂടാതെ, ഡോക്ടർക്കു രോഗം സ്ഥിരീകരിച്ചതിനാൽ ഇദ്ദേഹം ഇരിക്കുന്ന സ്ഥലം മാത്രം ശുചീകരിച്ചാൽ മതിയെന്ന നിലപാടാണ് സ്വീകരിച്ചത്.

ഇതിന്റെ അടിസ്ഥാനത്തിൽ തേർഡ് ഐ ന്യൂസ് ലൈവ് സംഘം കോട്ടയം നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോനയെയും, നഗരസഭ ആരോഗ്യ വിഭാഗം അധികൃതരെയും ബന്ധപ്പെട്ടെങ്കിലും ആരും ഇതു സംബന്ധിച്ചുള്ള വിവരങ്ങൾ ഒന്നും അറിയിച്ചിട്ടേയില്ലെന്നാണ് നഗരസഭ അധികൃതർ അറിയിച്ചത്.

ഭാരത് ആശുപത്രിയിലെ ഏറ്റവും തിരക്കുള്ള ഡോക്ടർമാരിൽ ഒരാളാണ് 61 വയസുകാരനായ ഇദ്ദേഹം. ഇദ്ദേഹത്തിന്റെ സമ്പർക്കപ്പട്ടികയിൽ നാനൂറോളം രോഗികൾ എങ്കിലും ഉണ്ടെന്നാണ് തേർഡ് ഐ ബ്യൂറോ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. രോഗം ആർക്കും വരും. ഇത് വരുന്നത് ഒരു കുറ്റവുമല്ല. എന്നാൽ, രോഗം വന്നാൽ വേണ്ട പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുകയാണ് വേണ്ടത്. അതിനു പകരം സാമ്പത്തിക നേട്ടം മാത്രം ലക്ഷ്യമിട്ട് രോഗ വിവരം മറച്ചു വയ്ക്കുന്നത് ആളുകളെ കൊലയ്ക്കു കൊടുക്കുന്നതിനു തുല്യമാണ്.