ബിവറേജില്‍ നിന്നും വാങ്ങിയ മദ്യത്തിനുള്ളില്‍ ചെളിയും അഴുക്കും ; ഔട്ട്‌ലെറ്റില്‍ എത്തി പരാതി പറഞ്ഞപ്പോള്‍ അതേ ബ്രാൻഡിന്റെ എല്ലാ ബോട്ടിലുകളിലും അഴുക്ക്; എന്താണ് സംഭവിച്ചതെന്ന് പിടികിട്ടാതെ ജീവനക്കാര്‍ ;  തുടര്‍ന്ന് ഇതേ വിലയുള്ള മറ്റൊരു മദ്യം മാറ്റി നല്‍കി; ഗുരുതര വീഴ്ചയെന്ന് ഉപഭോക്താവ്

ബിവറേജില്‍ നിന്നും വാങ്ങിയ മദ്യത്തിനുള്ളില്‍ ചെളിയും അഴുക്കും ; ഔട്ട്‌ലെറ്റില്‍ എത്തി പരാതി പറഞ്ഞപ്പോള്‍ അതേ ബ്രാൻഡിന്റെ എല്ലാ ബോട്ടിലുകളിലും അഴുക്ക്; എന്താണ് സംഭവിച്ചതെന്ന് പിടികിട്ടാതെ ജീവനക്കാര്‍ ;  തുടര്‍ന്ന് ഇതേ വിലയുള്ള മറ്റൊരു മദ്യം മാറ്റി നല്‍കി; ഗുരുതര വീഴ്ചയെന്ന് ഉപഭോക്താവ്

സ്വന്തം ലേഖകൻ 

കൊച്ചി: ബിവറേജില്‍ നിന്നും വാങ്ങിയ മദ്യത്തിനുള്ളില്‍ ചെളിയും അഴുക്കും. പട്ടിമറ്റം ബിവറേജസ് ഔട്ട് ലെറ്റില്‍ നിന്നും വാങ്ങിയ മദ്യത്തിലാണ് അഴുക്ക് കണ്ടെത്തിയത്.  ഉപഭോക്താവിന്റെ പരാതിയില്‍ ജീവനക്കാര്‍ മദ്യം തിരികെ വാങ്ങി പകരം മദ്യം നല്‍കി.

അറയ്ക്കപ്പടി സ്വദേശി പ്രകാശൻ വാങ്ങിയ ‘നിക്കോള്‍സ് കോക്കോ കരീബ് കോക്കനട്ട് റമ്മി’ ലാണ് മാലിന്യം കണ്ടെത്തിയത്. 23 ന് വൈകിട്ടാണ് പ്രകാശൻ മദ്യം വാങ്ങിയത്. ഇന്ന് മദ്യം കഴിക്കാനെടുത്തപ്പോഴാണ് കുപ്പിയുടെ അടിഭാഗത്തായി ചെളിയും അഴുക്കും കണ്ടത്. ഇതോടെ ഔട്ട്ലെറ്റിലെത്തി പരാതി പറയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മദ്യക്കുപ്പി പരിശോധിച്ച ജീവനക്കാര്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് മനസ്സിലായതോടെ മാറ്റി നല്‍കാമെന്ന് പറഞ്ഞു. തുടര്‍ന്ന് ജീവനക്കാര്‍ പരിശോധിച്ചപ്പോള്‍ ഇതേ മദ്യത്തിന്റെ എല്ലാ ബോട്ടിലുകളിലും അഴുക്ക് അടിഞ്ഞു കൂടിയതായി കണ്ടെത്തി. തുടര്‍ന്ന് ഇതേ വിലയുള്ള മറ്റൊരു മദ്യം മാറ്റി നല്‍കുകയായിരുന്നു. 1330 രൂപ വിലയാണ് ‘നിക്കോള്‍സ് കോക്കോ കരീബ് കോക്കനട്ട് റമ്മിന്’.

2023 നവംബറില്‍ തന്നെയാണ് മദ്യം നിര്‍മ്മിച്ചിരിക്കുന്നതെന്ന് ബോട്ടിലിന്റെ പുറത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ പഴക്കം മൂലമല്ല അഴുക്ക് ഉണ്ടായതെന്ന് വ്യക്തമാണ്. ബോട്ടില്‍ ക്ലീനിങ്ങില്‍ പിഴവ് സംഭവിച്ചതാകാനാണ് സാധ്യത. ഇക്കാര്യം ഔട്ട്ലെറ്റ് ജീവനക്കാര്‍ കമ്പനിയുടെ പ്രതിനിധികളെ അറിയിച്ചു. എന്നാല്‍ മറുപടി ലഭ്യമായിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം. കൂടാതെ വെയര്‍ ഹൗസ് മാനേജരെയും ജീവനക്കാര്‍ വിവരമറിയിച്ചു എന്നാണ് ലഭിക്കുന്ന വിവരം.

അതേ സമയം മൂന്നിരട്ടിയിലധികം വില നല്‍കി വാങ്ങി ഉപയോഗിക്കുന്ന മദ്യത്തില്‍ ഇത്തരത്തില്‍ മാലിന്യം കലര്‍ന്നത് ഗുരുതരമായി വീഴ്ചയാണെന്നാണ് ഉപഭോക്താവ് പറയുന്നത്. ഔട്ട്ലെറ്റിലെ ജീവനക്കാര്‍ വേഗം തന്നെ പ്രശ്ന പരിഹാരം നടത്തിയതിനാല്‍ പരാതിയില്ല എന്നും അദ്ദേഹം പറഞ്ഞു.