മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ്; പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ബെംഗളൂരുവിൽ       പിടിയിൽ;കൊടിയത്തൂർ ഗ്രാമീണ ബാങ്ക് ശാഖയിൽനിന്ന് മൂന്നര  ലക്ഷത്തോളം രൂപയുടെ  മുക്കുപണ്ടം പണയംവച്ച് തട്ടിയെടുത്തെന്നായിരുന്നു ഇയാൾക്കെതിരായ  പരാതി

മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ്; പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെംഗളൂരുവിൽ പിടിയിൽ;കൊടിയത്തൂർ ഗ്രാമീണ ബാങ്ക് ശാഖയിൽനിന്ന് മൂന്നര ലക്ഷത്തോളം രൂപയുടെ മുക്കുപണ്ടം പണയംവച്ച് തട്ടിയെടുത്തെന്നായിരുന്നു ഇയാൾക്കെതിരായ പരാതി


സ്വന്തം ലേഖിക

മുക്കം : ബാങ്കുകളിൽ മുക്കുപണ്ടം പണയംവച്ച് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി കൊടിയത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പൊലുകുന്നത്ത് പൊലീസ് പിടിയിൽ.

ബെംഗളൂരുവിൽ വച്ചാണ് ഇയാൾ പിടിയിലായത്. കൊടിയത്തൂർ ഗ്രാമീണ ബാങ്ക് ശാഖയിൽനിന്ന് 3.5 ലക്ഷത്തോളം രൂപ മുക്കുപണ്ടം പണയംവച്ച് തട്ടിയെന്നായിരുന്നു പരാതി. ഇതോടെ വിവിധ ബാങ്കുകളിൽനിന്ന് തട്ടിപ്പു നടത്തിയ കേസിലെ 4 പ്രതികളും പിടിയിലായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദലിത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മാട്ടുമുറി സ്വദേശി വിഷ്ണു കയ്യൂണമ്മൽ, മാട്ടുമുറി സ്വദേശി സന്തോഷ് കുമാർ, സന്തോഷ് കുമാറിന്റെ ഭാര്യ ഷൈനി എന്നിവരെ നേരത്തേ പിടികൂടിയിരുന്നു. ഷൈനിക്ക് കോടതി ജാമ്യം അനുവദിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ ബാബു പൊലുകുന്നത്ത് പിടികൊടുക്കാതെ ഒളിവിലായിരുന്നു. മുക്കത്തുനിന്ന് ഇൻസ്പെക്ടർ കെ.പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘം ബെംഗളൂരുവിലെത്തിയാണ് പിടികൂടിയത്.

വിഷ്ണു കയ്യൂണമ്മലും സന്തോഷ് കുമാറും ജില്ലാ പ്രാഥമിക കാർഷിക വികസന ബാങ്കിൽനിന്നും സമാനമായ തട്ടിപ്പ് നടത്തിയിരുന്നു. പെരുമണ്ണയിലെ സഹകരണ സ്ഥാപനത്തിൽ തട്ടിപ്പു നടത്താനുള്ള ശ്രമത്തിനിടയിലാണ് പിടികൂടിയത്. ഇതോടെയാണ് മറ്റു ബാങ്കുകളിലെ തട്ടിപ്പ് അന്വേഷണത്തിലൂടെ പുറത്തു വന്നത്.

ബാബു പൊലുകുന്നത്തിന്റെ രാജി ആവശ്യപ്പെട്ട് സിപിഎമ്മും ഡിവൈഎഫ്ഐയും സമരത്തിലായിരുന്നു. ഡിസിസി പ്രസിഡന്റ് കെ.പ്രവീൺ കുമാർ ബാബുവിന്റെ രാജി ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. ഇത് കോൺഗ്രസിനുള്ളിലും മുറുമുറുപ്പ് ഉയർന്നിരുന്നു. രണ്ടു ബാങ്കുകളിൽ നിന്നായി നാൽവർ സംഘം 32 ലക്ഷത്തോളം രൂപയാണ് തട്ടിച്ചത്.