ബംഗളൂരുവിലെ ജയിലിൽ അടിച്ച് പൊളിച്ച് ശശികല: വീടിനേക്കാൾ ശശികലയ്ക്ക് സ്വാതന്ത്ര്യം ജയിലിൽ; ആഡംബരത്തിന്റെ ജയിലിൽ ശശികലയ്ക്ക് അഞ്ചു മുറികൾ, നിരവധി പരിചാരകർ, ഒരു പാചകക്കാരൻ..!

ബംഗളൂരുവിലെ ജയിലിൽ അടിച്ച് പൊളിച്ച് ശശികല: വീടിനേക്കാൾ ശശികലയ്ക്ക് സ്വാതന്ത്ര്യം ജയിലിൽ; ആഡംബരത്തിന്റെ ജയിലിൽ ശശികലയ്ക്ക് അഞ്ചു മുറികൾ, നിരവധി പരിചാരകർ, ഒരു പാചകക്കാരൻ..!

സ്വന്തം ലേഖകൻ

ബംഗളൂരു: ബംഗളൂരു ജയിലിൽ ആഡംബരത്തിന്റെ എല്ലാ ഭാവങ്ങളും ആവാഹിച്ച് മുൻ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികല. പണംവാരിയെറിഞ്ഞ് ആഡംബരത്തിന്റെ എല്ലാ സാധ്യതകളും ഉപയയോഗപ്പെടുത്തുകയാണ് ഇപ്പോൾ ശശികല. അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിലിൽ അടയ്ക്കപ്പെട്ട, തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ സഹായി ആയിരുന്ന വികെ ശശികലയ്ക്ക് ബംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ വൻ വിഐപി പരിഗണനയാണ് ലഭിക്കുന്നതെന്നാണ് റിപ്പോർട്ട് പുറത്തു വരുന്നത്. അഞ്ച് മുറികളും സ്വകാര്യ കുക്കും പ്രത്യേക അടുക്കളയും നിയന്ത്രണമില്ലാതെ സന്ദർശകരുമൊക്കെയാണ് ശശികലയ്ക്ക് ലഭിക്കുന്നതെന്ന് വിവരാവകാശപ്രകാരം പുറത്തുവന്ന വിവരം വ്യക്തമാക്കുന്നു. വിവരാവകാശ പ്രവർത്തകൻ നരസിംഹമൂർത്തിയുടെ അപേക്ഷയിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്.
ടിവി, വീട്ടിലുണ്ടാക്കിയ ഭക്ഷണം, നോൺ വെജ് ഭക്ഷണം തുടങ്ങിയ ശശികലയുടെ ആവശ്യങ്ങൾ ആദ്യം ജയിൽ അധികൃതർ തള്ളിയിരുന്നു. നാല് ജയിൽ മുറികളിലെ സ്ത്രീകളെ പുറത്തുവിട്ടാണ് ഇവ ശശികലയ്ക്ക് അധികമായി നൽകിയത്. ജയിലിൽ ഭക്ഷണം സ്വകാര്യമായി പാകം ചെയ്യാൻ ചട്ടങ്ങൾ അനുവദിക്കുന്നില്ല. ജയിൽ ചുമതലയുണ്ടായിരുന്ന ഐപിഎസ് ഉദ്യോഗസ്ഥ ഡി രൂപ ശശികലയ്ക്ക് ലഭിക്കുന്ന വിഐപി പരിഗണനയ്ക്കെതിരെ റിപ്പോർട്ട് നൽകിയിരുന്നു.
രണ്ട് കോടി രൂപയോളം ശശികല ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയതായി രൂപ ആരോപിച്ചിരുന്നു. ഡയറക്ടർ ജനറൽ ഓഫ് പ്രിസൺസ് എച്ച്എൻ സത്യനാരായണ റാവു അടക്കം കൈക്കൂലി വാങ്ങിയതായി രൂപ ആരോപണമുന്നയിച്ചിരുന്നു. രൂപയെ ട്രാഫിക് സെക്ഷനിലേയ്ക്ക് മാറ്റുകയും റാവുവിനെ അവധിയിൽ വിടുകയുമായിരുന്നു. ആരോപണങ്ങൾ അന്വേഷണിച്ച റിട്ട.ഐഎഎസ് ഉദ്യോഗസ്ഥൻ വിനയ് കുമാർ രൂപയുടെ റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ ശരിവച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളും ജയിൽ രജിസ്റ്ററും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. അതേസമയം ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തിരുന്ന ഉപമുഖ്യമന്ത്രി ജി പരമേശ്വര പറഞ്ഞത് താൻ അങ്ങനെ കരുതുന്നില്ല എന്നാണ്.