ഭവാനിപൂരിൽ മമത ബാനർജിക്ക് മിന്നുന്ന വിജയം; മുഖ്യമന്ത്രി സ്ഥാനം നിലനിർത്തിയത് 58,389 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ; നന്ദിഗ്രാം കൈവിട്ട ദീദിക്ക് തകർപ്പൻ ജയം

ഭവാനിപൂരിൽ മമത ബാനർജിക്ക് മിന്നുന്ന വിജയം; മുഖ്യമന്ത്രി സ്ഥാനം നിലനിർത്തിയത് 58,389 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ; നന്ദിഗ്രാം കൈവിട്ട ദീദിക്ക് തകർപ്പൻ ജയം

Spread the love

സ്വന്തം ലേഖകൻ

കൊല്‍ക്കത്ത: ഭവാനിപുര്‍ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് വന്‍ വിജയം.

58,389 വോട്ടുകളുടെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയം നേടിയാണ് മമതാ ബാനര്‍ജി മുഖ്യമന്ത്രിസ്ഥാനം ഊട്ടിയുറപ്പിച്ചത്. 84,709 വോട്ടുകളാണ് മമത ബാനര്‍ജിക്ക് ലഭിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ ബിജെപി നേതാവ് പ്രിയങ്ക ട്രിബ്രവാളിന് ലഭിച്ചത് 26,320 വോട്ടുകള്‍ മാത്രമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിയമസഭ തിരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ ബിജെപി.യുടെ സുവേന്ദു അധികാരിയോട് പരാജയപ്പെട്ടതോടെയാണ് മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്താന്‍ ഭവാനിപുരില്‍നിന്നും വീണ്ടും ജനവിധി തേടിയത്. നവംബറിനു മുന്‍പ് ഏതെങ്കിലും മണ്ഡലത്തില്‍നിന്ന് വിജയിച്ചില്ലായിരുന്നെങ്കില്‍ മമതയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നഷ്ടമായേനെ.

ഭവാനിപ്പൂര്‍ മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാണ് മമതയ്ക്ക് ലഭിച്ചത്. 2011ല്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി മമത മത്സരിച്ച മണ്ഡലമാണ് ഭവാനിപ്പൂര്‍. പിന്നീട് 2016ലും ഇവിടെ നിന്നാണ് മമത വിജയിച്ചത്.

ബിജെപിയുടെ യുവനേതാവ് പ്രിയങ്ക ട്രിബ്രവാളായിരുന്നു മമതയുടെ മുഖ്യ എതിരാളി. സെപ്റ്റംബര്‍ 30ന് ആയിരുന്നു വോട്ടെടുപ്പ്. 57 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. ഭവാനിപുരില്‍ മമതയുടെ വിജയം അനായാസകരം എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറഞ്ഞത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂലിന്റെ സോബന്‍ദേബ് ചതോപാധ്യായ ജയിച്ചത് 29,000 വോട്ടിനാണ്. മമതയ്ക്കായി സീറ്റ് രാജിവയ്ക്കുകയായിരുന്നു അദ്ദേഹം.

ജങ്കിപ്പൂരിലും ഷംഷേര്‍ഗഞ്ചിലും തൃണമൂല്‍ സ്ഥാനാര്‍ത്ഥികള്‍ തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത്. ഒഡീഷയിലെ പിപ്പിളിയില്‍ അയ്യായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം നേടി ബിജെഡി സ്ഥാനാര്‍ത്ഥിയാണ് ഒന്നാമത്. വ്യാഴാഴ്ചയാണ് ഭവാനിപൂരില്‍ വോട്ടെടടുപ്പ് നടന്നത്. തൃണമൂല്‍ – ബിജെപി സംഘര്‍ഷം പലസ്ഥലത്തും നടന്നിരുന്നു.

അതിനിടെ ബിജെപി സ്ഥാനാര്‍ത്ഥി പ്രിയങ്ക ടിബ്രവാള്‍ പരാജയം സമ്മതിക്കുന്നുവെന്ന് വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. താന്‍ കോടതിയില്‍ പോകില്ല. ഒരു ലക്ഷത്തിലധികം വോട്ടുകള്‍ക്ക് മമത വിജയിക്കുമെന്നാണ് അവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ 50,000ത്തിലധികം വോട്ടുകള്‍ മാത്രമാണ് അവര്‍ക്ക് ലഭിച്ചത്. മമതയെ അഭിനന്ദിക്കുന്നു.

ബംഗാളില്‍ വിജയാഘോഷം തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയിട്ടുണ്ട്. ആഹ്ലാദപ്രകടനങ്ങള്‍ അനുവദിക്കരുതെന്ന് സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ഉറപ്പു വരുത്തണം. അക്രമങ്ങള്‍ ഉണ്ടാകാതെ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.