play-sharp-fill
പുത്രധർമ്മം സിനിമയുടെ ഷൂട്ടിംഗിന് എസ്.പി പിള്ളയ്ക്ക് എത്താൻ കഴിയാതിരുന്നപ്പോൾ പകരം വന്നയാളാണ് ബഹദൂർ:  ചലച്ചിത്ര നിർമ്മാണം, വിതരണം, റെക്കോർഡിംഗ് സ്റ്റുഡിയോ , ലാബ് , നാടകാവതരണം തുടങ്ങി സിനിമയുമായി ബന്ധപ്പെട്ട  മേഖലകളിലെല്ലാം ബഹദൂർ എന്നും സജീവമായിരുന്നു .പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചപ്പോഴും ജീവിതത്തിൽ കണ്ണുനീരിന്റെ ഉപ്പുരസം ഏറ്റുവാങ്ങേണ്ടിവന്ന ഈ അനശ്വര നടന്റെ ഓർമ്മകൾക്ക് പ്രണാമം.

പുത്രധർമ്മം സിനിമയുടെ ഷൂട്ടിംഗിന് എസ്.പി പിള്ളയ്ക്ക് എത്താൻ കഴിയാതിരുന്നപ്പോൾ പകരം വന്നയാളാണ് ബഹദൂർ:  ചലച്ചിത്ര നിർമ്മാണം, വിതരണം, റെക്കോർഡിംഗ് സ്റ്റുഡിയോ , ലാബ് , നാടകാവതരണം തുടങ്ങി സിനിമയുമായി ബന്ധപ്പെട്ട  മേഖലകളിലെല്ലാം ബഹദൂർ എന്നും സജീവമായിരുന്നു .പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചപ്പോഴും ജീവിതത്തിൽ കണ്ണുനീരിന്റെ ഉപ്പുരസം ഏറ്റുവാങ്ങേണ്ടിവന്ന ഈ അനശ്വര നടന്റെ ഓർമ്മകൾക്ക് പ്രണാമം.

 

 

കോട്ടയം: .കെ വി കോശിയുടെ “പുത്രധർമ്മം ” എന്ന ചിത്രത്തിന്റെ പ്രാരംഭ
പ്രവർത്തനങ്ങൾ
നടക്കുന്ന കാലം .

നടൻ തിക്കുറിശ്ശിയ്ക്കായിരുന്നു ചിത്രനിർമ്മാണത്തിന്റെ മേൽനോട്ടം.
പുത്രധർമ്മത്തിൽ പ്രധാന ഹാസ്യനടനായി അഭിനയിക്കുന്നത്
എസ് പി പിള്ള .


എന്നാൽ ചില അസൗകര്യങ്ങൾ കാരണം എസ് പി പിള്ളയ്ക്ക് ഷൂട്ടിംഗ് ലൊക്കേഷനിൽ എത്താൻ കഴിഞ്ഞില്ല. അപ്പോഴാണ് തിക്കുറിശ്ശിക്ക് മുൻപൊരിക്കൽ പരിചയപ്പെട്ടിരുന്ന കൊടുങ്ങല്ലൂർ സ്വദേശിയായ കുഞ്ഞാലുവിനെ ഓർമ്മവന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു സുഹൃത്ത് വഴി പരിചയപ്പെട്ടിരുന്ന കുഞ്ഞാലു നാടകങ്ങളിൽ അഭിനയിച്ചിരുന്ന കാര്യവും സിനിമയിൽ അഭിനയിക്കാൻ ആഗ്രഹിച്ചിരുന്ന കാര്യവും തിക്കുറിശ്ശിക്ക് അറിയാം .
എസ് പി പിള്ളയുടെ അഭാവത്തിൽ ആ റോൾ തിക്കുറിശ്ശി കുഞ്ഞാലുവിന് കൊടുത്തു.
പതിവുപോലെ തിക്കുറിശ്ശി കുഞ്ഞാലുവിന്റെ പേരും മാറ്റിയിട്ടു …

“ബഹദൂർ “.

പുത്രധർമ്മത്തിലെ മന്ദബുദ്ധിയായ വേലക്കാരന്റെ റോൾ ബഹദൂറിന്റെ അഭിനയജീവിതത്തിന് ഒരു വഴിത്തിരിവായി.
പിന്നീട് എസ് പി പിള്ളക്കൊപ്പവും അടൂർഭാസിക്കൊപ്പവും ബഹദൂറും മലയാളത്തിൽ ചിരിയുടെ പര്യായമായി മാറിയത് ഇന്നലെകളുടെ ചരിത്രം .

ഏകദേശം 800 – ലധികം ചിത്രങ്ങളിൽ ഈ ഹാസ്യനടൻ അഭിനയിച്ചിട്ടുണ്ട്.
ഒരുകാലത്തെ മലയാളത്തിലെ ഹാസ്യജോടിയായിരുന്നു ഭാസിയും ബഹദൂറും …
പടിയത്ത് കൊച്ചു മൊയ്തീൻ സാഹിബ്ബിന്റെ മകനായി തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിലാണ് ബഹദൂറിന്റെ ജനനം. പഠിക്കാൻ മിടുക്കനായിരുന്നുവെങ്കിലും
ജീവിതപ്രാരാബ്ധങ്ങൾ കൊണ്ട് ബസ് കണ്ടക്ടറായിട്ടാണ് ബഹദൂർ തന്റെ ജീവിതയാത്ര തുടങ്ങിവെച്ചത്.
ഈ കലാകാരൻ കേവലം ഒരു സിനിമാനടൻ മാത്രമായിരുന്നില്ല. ചലച്ചിത്ര നിർമ്മാണം, വിതരണം, റെക്കോർഡിംഗ് സ്റ്റുഡിയോ , ലാബ് , നാടകാവതരണം തുടങ്ങി സിനിമയുമായി ബന്ധപ്പെട്ട വിവിധ മേഖലകളിലെല്ലാം ബഹദൂർ എന്നും സജീവമായിരുന്നു .

ഭരതന്റെ പ്രശസ്തമായ ആരവം എന്ന ചിത്രത്തിന്റെ നിർമ്മാതാവ് ബഹദൂറാണെന്ന് ഇന്നും പലർക്കുമറിയില്ല . കൈവച്ച എല്ലാ ബിസിനസ്സ് സംരംഭങ്ങളും നഷ്ടത്തിൽ കലാശിച്ചെങ്കിലും ഈ നടൻ മറ്റുള്ളവരെ സഹായിക്കാൻ എപ്പോഴും സന്നദ്ധനായിരുന്നു . സഹായം ലഭിച്ച പലരും പിന്നെ ബഹദൂറിനെ സൗകര്യപൂർവ്വം മറന്നെങ്കിലും അദ്ദേഹം ആരോടും പരിഭവം പ്രകടിപ്പിച്ചില്ല.
“നൈറ്റ് ഡ്യൂട്ടി ” എന്ന ചിത്രത്തിൽ അദ്ദേഹം ഒരു ഗാനരംഗത്ത് അഭിനയിക്കുന്നുണ്ട് .

“ആയിരം മുഖങ്ങൾ
ഞാൻ കണ്ടു
ആയിരവും പൊയ്മുഖങ്ങൾ ആയിരുന്നു ….”

ശരിക്കും അദ്ദേഹത്തിന്റെ ജീവിത നേർക്കാഴ്ചയായിരുന്നു ഈ ഗാനം …

ലോഹിതദാസ് സംവിധാനം ചെയ്ത “ജോക്കറി ” ൽ പ്രായാധിക്യം കൊണ്ട് റിങ്ങിൽ ഇറങ്ങാൻ കഴിയാതെ എല്ലാ ദിവസവും മുഖത്ത് ചായം തേച്ച് “എന്റെ നമ്പർ എപ്പഴാ മോനേ ” എന്ന് അന്വേഷിക്കുന്ന സർക്കസ് കലാകാരന്റെ റോൾ ഈ നടന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മനോഹരമായിരുന്നുവെന്ന് മാത്രമല്ല അത് അദ്ദേഹത്തിന്റെ അവസാന ചിത്രവും കൂടിയായിരുന്നു.
സിനിമക്കാരുടെ യാതൊരു ജാഡയും ഇല്ലാത്ത, മദ്രാസിൽ എത്തുന്ന പുതുമുഖങ്ങൾക്ക് എന്നും ആശ്രയമായിരുന്ന ബഹദൂർ ഹാസ്യനടനായിരുന്നുവെങ്കിലും പലപ്പോഴും പല ചിത്രങ്ങളിലും ക്യാരക്ടർ റോളുകളിൽ മികച്ച പ്രകടനം തന്നെ അദ്ദേഹം കാഴ്ചവച്ചിരുന്നു.
സംഗീതപ്രേമികൾ മനസ്സിൽ താലോലിക്കുന്ന പല മനോഹര ഗാനങ്ങൾക്കും ബഹദൂർ ദൃശ്യചാരുത പകർന്നിട്ടുണ്ട്.

“അനുരാഗമേ അനുരാഗമേ …”
( ഹലോ ഡാർലിംഗ് )

“ആയിരം മുഖങ്ങൾ ഞാൻ കണ്ടു ആയിരവും പൊയ്മുഖങ്ങളായിരുന്നു …”
( നൈറ്റ് ഡ്യൂട്ടി )
“ശില്പികൾ നമ്മൾ ഭാരത ശിൽപികൾ നമ്മൾ … ”
(പിക്നിക് )
“ഞാനൊരു രാജാവ് നീയൊരു ഞഞ്ഞാ പിഞ്ഞാ മന്ത്രി …”
(സരസ്വതി )
“പൈനാപ്പിൾ പോലൊരു പെണ്ണ് … ”
( മിടുമിടുക്കി )
“കാറ്റും പോയി
മഴക്കാറും പോയി…”
(വാഴ് വേ മായം )

“തലയ്ക്കു മുകളിൽ വെൺകൊറ്റക്കുട
പിടിച്ചു നിൽക്കും മാനം … ”
( തിരുവാഭരണം.)
“പണ്ട് പണ്ട് നമ്മുടെ പേര് ശങ്കരച്ചാര് …”
(പുതിയ ആകാശം പുതിയ ഭൂമി )
“മാമലയിലെ പൂമരം പൂത്ത നാൾ …. ”
( അപരാധി )
” ഞാനൊരു പാവം
മോറീസ് മൈനർ … ‘
(ഭൂഗോളം തിരിയുന്നു )
” പഞ്ചമി തിരുനാൾ … ”
(ചെണ്ട )
“ആ കൈയിലോ ഈ കൈയിലോ അമ്മാനപൂച്ചെണ്ട് ..”
(രാഗം)

“ലേഡീസ് ഹോസ്റ്റലിനെ കോരിത്തരിപ്പിച്ച
കോളേജ് ഗേളേ….”
(ലൗ മാര്യേജ്)
“പുതുനാരി വന്നല്ലോ
പുന്നാരം ചൊന്നല്ലോ…..” (ശംഖുപുഷ്പം)
എന്നിവയെല്ലാം ബഹദൂറിന്റെ അഭിനയമുഹൂർത്തങ്ങളിലൂടെ കേരളം കണ്ടാസ്വദിച്ച ഗാനങ്ങളാണ്.
2000 മെയ് 22ന് നെഞ്ചുവേദനയെ തുടർന്ന് ചെന്നൈയിൽ വച്ചാണ് ബഹദൂർ അന്തരിച്ചത്.
ഇന്ന് അദ്ദേഹത്തിന്റെ ഓർമ്മദിനം.
പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചപ്പോഴും ജീവിതത്തിൽ കണ്ണുനീരിന്റെ ഉപ്പുരസം ഏറ്റുവാങ്ങേണ്ടിവന്ന ഈ അനശ്വര നടന്റെ ഓർമ്മകൾക്ക് പ്രണാമം.