അയോദ്ധ്യയിലെ ക്ഷേത്രപ്രതിഷ്ഠ മതരാഷ്ട്ര നിര്‍മ്മിതിക്കുള്ള പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നതിന്റെ  ഉദാഹരണം; രാമൻ്റെ പേരിൽ രാഷ്ട്രീയ മാമാങ്കം നടത്തുന്നു

അയോദ്ധ്യയിലെ ക്ഷേത്രപ്രതിഷ്ഠ മതരാഷ്ട്ര നിര്‍മ്മിതിക്കുള്ള പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നതിന്റെ ഉദാഹരണം; രാമൻ്റെ പേരിൽ രാഷ്ട്രീയ മാമാങ്കം നടത്തുന്നു

 

കോട്ടയം:ഇന്ത്യന്‍ ജനാധിപത്യത്തിനും മതേതരത്വത്തിനും മേല്‍ മതരാഷ്ട്ര നിര്‍മ്മിതിക്കുള്ള പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നതിന്റെ പ്രകടമായ ഉദാഹരണമാണ് അയോദ്ധ്യയിലെ ക്ഷേത്രപ്രതിഷ്ഠയുടെ പേരില്‍ നടക്കുന്നതെന്ന് പി.ഡി.പി.സംസ്ഥാന ജനറല്‍ സെക്രട്ടറി അജിത് കുമാർ ആസാദ്.

 

നാലര നൂറ്റാണ്ടുകാലം നിലനിന്നിരുന്ന മുസ്ലിം പള്ളിയായിരുന്നു ബാബരി മസ്ജിദ്. സംഘ്പരിവാര്‍ തയ്യാറാക്കിയ അജണ്ടയുടെ ഭാഗമായിട്ടാണ് പള്ളി കയ്യേറി വിഗ്രഹം സ്ഥാപിച്ചതും അടച്ച് പൂട്ടിച്ചതും തര്‍ക്കമന്ദിരമാക്കി മാറ്റി 1992 ല്‍ തകര്‍ത്ത് കളഞ്ഞതും. ഇന്ത്യയുടെ മതേതരത്വത്തിനേറ്റ ഏറ്റവും വലിയ കളങ്കമായിരുന്നു ബാബരി ധ്വംസനം.

ബാബരി കേസില്‍ വിധിപറഞ്ഞ സുപ്രീം കോടതിയുടെ വിധിന്യായത്തില്‍ ക്ഷേത്രം തകര്‍ത്താണ് പള്ളി നിര്‍മ്മിച്ചത് എന്നതിന് തെളിവില്ലെന്നും ആക്രമികള്‍ അന്യായമായി പള്ളി തകര്‍ക്കുകയായിരുന്നു എന്നും മുസ്ലിം സമുദായത്തിന് ആരാധനാലയം നിഷേധിക്കപ്പെടുകയായിരുന്നു എന്നും പറയുന്നുണ്ട്. കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയത്തില്‍ മുറിവേല്പിക്കുകയും ഇന്ത്യയുടെ ജനാധിപത്യത്തിനും മതേതരത്വ ഭരണഘടനക്കും കളങ്കമേല്പിക്കുകയും ചെയ്ത ദുഷ്ടകൃത്യത്തിന് ഭരണകൂടവും ജുഡീഷ്യറിയും കൂട്ടുനിന്നത് മറക്കാനാവുന്നതല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പ്രസ്തുത ഭൂമിയിലാണ് സംഘ്പരിവാരവും ഭരണകൂടവും രാമന്റെ പേരില്‍ ക്ഷേത്രപ്രതിഷ്ഠയുടെ പേരിലുള്ള രാഷ്ട്രീയ മാമാങ്കം നടത്തുന്നത്. രാജ്യത്തെ കോടിക്കണക്കിന് ഹൈന്ദവ വിശ്വാസികള്‍ ആരാധിക്കുന്ന രാമന്റെ പേരിലുള്ള ക്ഷേത്രപ്രതിഷ്ഠയല്ല അയോദ്ധ്യയില്‍ നടക്കുന്നതെന്നും ബി.ജെ.പി.യുടെ രാഷ്ട്രീയ പ്രതിഷ്ഠയാണെന്നും ഹൈന്ദവ ആചാര്യന്മാരായ ശങ്കരാചാര്യര്‍മാര്‍ ഏകകണ്ഠമായി പ്രസ്താവന നടത്തിയത് ഈ അവസരത്തില്‍ ശ്രദ്ധേയമാണ്.

ബാബരി മസ്ജിദ് തകര്‍ത്തും രാജ്യത്ത് കലാപങ്ങള്‍ നടത്തിയും ഭരണാധികാരത്തിലേക്ക് കടന്ന് കയറിയ ഫാസിസ്റ്റ് ഭരണകൂടം രാമക്ഷേത്ര പ്രചാരണത്തിലൂടെ അധികാരം നിലനിര്‍ത്താനും മതരാഷ്ട്ര നിര്‍മ്മിതിക്കും കുറുക്കുവഴികള്‍ തേടുകയാണ്.

 

പൊതുതെരഞ്ഞെടുപ്പില്‍ ഭിന്നതകള്‍ മറന്ന് മതേതരത്വ കക്ഷികള്‍ ഐക്യപ്പെടുകയും ബി.ജെ.പി.യുടെ വിദ്വേഷ അജണ്ടകള്‍ തുറന്നെതിര്‍ക്കുകയും ചെയ്യാന്‍ പ്രതിപക്ഷ കക്ഷികള്‍ക്ക് കഴിയേണ്ടതുണ്ടെന്നും അതാണ് ജനാധിപത്യ ഇന്ത്യ പ്രതീക്ഷിക്കുന്നതെന്നും അജിത് കുമാർ ആസാദ് കൂട്ടിച്ചേർത്തു.

ബാബരി ഭൂമിയില്‍ ഭരണകൂടം നിര്‍മ്മാണം നടത്തി പ്രതിഷ്ഠ ചടങ്ങ് നടത്തുന്ന ദിനത്തില്‍ ” വിദ്വേഷ രാഷ്ട്രീയ അജണ്ടയുടെ കറുത്ത ദിനം , ബി.ജെ.പി. ലക്ഷ്യം ഹിന്ദുത്വ രാഷ്ട്രമാണ് ” എന്ന പ്രമേയത്തില്‍ പി.ഡി.പി. കോട്ടയം ജില്ല കമ്മിറ്റി കോട്ടയം ഗാന്ധിസ്ക്വയറിൽ സംഘടിപ്പിച്ച വായമൂടിക്കെട്ടി പ്രതിഷേധം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം

ദളിത് ആക്റ്റിവിസ്റ്റ് സണ്ണി എം കപിക്കാട് അഭിവാദ്യപ്രഭാഷണം നടത്തി.

 

 

MS നൗഷാദ്,

നിഷാദ് നടയ്ക്കൽ,

സക്കീർ കളത്തിൽ,

മുജീബ് മoത്തി പറമ്പിൽ, മുഹമ്മദ് റാസി,

P. K അൽസീം, സഫറുള്ള, അനൂപ് വാരാപ്പള്ളി,

മാഹിൻ തേവരു പാറ,

നൗഫൽ കീഴേടം,

അൻസർ ഷാ കുമ്മനം, ശിഹാബ് പതിനാറിൽ ചിറ,

തുടങ്ങിയവര്‍ സംസാരിച്ചു.