‘തിരശീലയില്‍ നമ്മുക്കീ കണ്‍കെട്ടും കാര്‍ണിവലും മതി…..!   അട്ടപ്പാടിയുടെ സ്പന്ദനത്തെ അഭ്രപാളിയിലേക്കു പകര്‍ത്തിയ ജനപ്രിയ സിനിമകളുടെ അമരക്കാരന്‍; നായകനൊപ്പം നില്‍ക്കുന്ന ന്യായീകരിക്കപ്പെടാവുന്ന വില്ലന്‍ കഥാപാത്രങ്ങളുടെ സൂത്രധാരൻ;  പുരസ്കാരങ്ങള്‍ വാരിക്കൂട്ടി അയ്യപ്പനും കോശിയും അഭിമാനമാകുമ്പോള്‍  നൊമ്പരമായി സച്ചി…..

‘തിരശീലയില്‍ നമ്മുക്കീ കണ്‍കെട്ടും കാര്‍ണിവലും മതി…..! അട്ടപ്പാടിയുടെ സ്പന്ദനത്തെ അഭ്രപാളിയിലേക്കു പകര്‍ത്തിയ ജനപ്രിയ സിനിമകളുടെ അമരക്കാരന്‍; നായകനൊപ്പം നില്‍ക്കുന്ന ന്യായീകരിക്കപ്പെടാവുന്ന വില്ലന്‍ കഥാപാത്രങ്ങളുടെ സൂത്രധാരൻ; പുരസ്കാരങ്ങള്‍ വാരിക്കൂട്ടി അയ്യപ്പനും കോശിയും അഭിമാനമാകുമ്പോള്‍ നൊമ്പരമായി സച്ചി…..

സ്വന്തം ലേഖിക

തിരുവനന്തപുരം: കഥാന്ത്യത്തില്‍ കലങ്ങിത്തെളിയണം. നായകന്‍ വില്ലൊടിക്കണം. കണ്ണീരു നീങ്ങി കളിചിരിയിലാവണം ശുഭം. കൈയടി പുറകേ വരണം. എന്തിനാണ് ഹേ. ഒരു ചോദ്യമോ ദുഖമോ ബാക്കിവെയ്ക്കുന്നത്. തിരശീലയില്‍ നമ്മുക്കീ കണ്‍കെട്ടും കാര്‍ണിവലും മതി !!!!’ സച്ചി പറഞ്ഞ വാക്കുകളാണിവ….

അറുപത്തെട്ടാമത്‌ ദേശീയ ചലച്ചിത്രപുരസ്കാരത്തില്‍ മലയാളി തിളക്കം നിറയുമ്പോള്‍ സച്ചിയുടെ ഓര്‍മ്മകളിലാണ് മലയാള സിനിമ ലോകം.
അട്ടപ്പാടിയുടെ സ്പന്ദനത്തെ അഭ്രപാളിയിലേക്കു പകര്‍ത്തിയ സംവിധായകന്‍. ജനപ്രിയ സിനിമകളുടെ അമരക്കാരനായി മലയാള സിനിമയില്‍ മാറ്റങ്ങളുടെ വക്താവായി സച്ചി മാറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മികച്ച സംവിധാനം, മികച്ച സഹനടന്‍, മികച്ച സംഘട്ടനം, മികച്ച പിന്നണിഗായിക തുടങ്ങി നാല് പുരസ്‌കാരങ്ങളാണ് സച്ചിയുടെ അവസാന ചിത്രമായ ‘അയ്യപ്പനും കോശിയും’ നേടിയത്. മികച്ച പിന്നണിഗായികയ്ക്കുള്ള പുരസ്കാരം ചിത്രത്തിലെ പാട്ടിലൂടെ നഞ്ചിയമ്മ നേടി.

‘ഉള്‍ക്കാട്ടിലെവിടെയോ പഴുത്ത ഒരു മരത്തെ സച്ചി പറിച്ചെടുത്ത് ലോകത്തിന് മുമ്പില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു’, എന്നാണ് നഞ്ചിയമ്മയെ കുറിച്ച്‌ രഞ്ജിത്ത് പ്രതികരിച്ചത്. ”സച്ചിക്കല്ലാതെ മറ്റാര്‍ക്കാണ് ഈ പുരസ്‌കാരം സമര്‍പ്പിക്കുക..! എന്നായിരുന്നു മികച്ച സഹനടനായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ബിജു മേനോന്റെ പ്രതികരണം.

വര്‍ഷങ്ങളുടെ കഠിന ശ്രമങ്ങള്‍ക്കൊടുവില്‍ ഉച്ച സൂര്യനെപ്പോലെ ചലച്ചിത്ര ജീവിതത്തില്‍ കത്തി ജ്വലിച്ചു നില്‍ക്കുമ്പോള്‍ അപ്രതീക്ഷിതമായിരുന്നു സച്ചിയുടെ വിടവാങ്ങൽ. പൂജ കഴിഞ്ഞു മുടങ്ങിയ ആദ്യ ചിത്രം പോലെ ആരംഭത്തിലെ അസ്തമിക്കുകയായിരുന്നു ആ കലാ ജീവിതവും.

കാടിന്റെ തണുപ്പും കാട്ടുമക്കളുടെ നേരും അദ്ദേഹം കണ്ടത് കണ്ണുകള്‍ കൊണ്ടായിരുന്നില്ല . ആ കാഴ്ചയും അവിടുത്തെ ചൂടും ചൂരും ഏറ്റുവാങ്ങിയത് അദ്ദേഹത്തിന്റെ ഹൃദയവും ബുദ്ധിയുമായിരുന്നു. അട്ടപ്പാടിയുടെ സ്പന്ദനത്തെ അദ്ദേഹം അഭ്രപാളിയിലേക്കു പകര്‍ത്തിയപ്പോള്‍ അത് 2020ല്‍ മലയാളം ഏറ്റവുമധികം ചര്‍ച്ച ചെയ്ത അയ്യപ്പനും കോശിയുമായി ജന്മം കൊണ്ടു. മാസങ്ങളോളം അട്ടപ്പാടിയില്‍താമസിച്ചാണ് ആ കലാകാരന്‍ തന്റെ സൃഷ്ടിക്കുള്ള ഊര്‍ജം കണ്ടെത്തിയത്.

വക്കീല്‍ കുപ്പായത്തിന്റെ കറുപ്പില്‍ നിന്ന് സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക്

പഠനകാലത്ത് കലയെ നെഞ്ചിലേറ്റി ജീവിതത്തിന്റെ വഴികളില്‍ അത് നഷ്ടപ്പെടുത്തുന്നവരാണ് ഭൂരിപക്ഷം ആളുകളും . കോളേജ് പഠനത്തിനുശേഷം കലയ്ക്കുപകരം വക്കീല്‍ക്കുപ്പായം തിരഞ്ഞെടുത്തപ്പോഴും സച്ചിയുടെ ഉള്ളിലെ കലയുടെ കനല്‍ കെട്ടിരുന്നില്ല. നിയമത്തിന്റെ മൈലാഞ്ചി വഴികളേക്കാള്‍ കലയുടെ ചുവന്ന പരവതാനിയാണ് അദ്ദേഹത്തെ മോഹിപ്പിച്ചത്. ഒടുവില്‍ വര്‍ഷങ്ങള്‍ക്കുശേഷം ആ രാജപാതയിലേക്ക് ചങ്ങാതിയുടെ കൈപിടിച്ചെത്തിയപ്പോള്‍ മലയാള സിനിമയ്ക്കു ലഭിച്ചത് വ്യത്യസ്തവും സുന്ദരവുമായ ഒരുപിടി സിനിമകള്‍. ആദ്യം ചെയ്യാനിരുന്ന സിനിമ നടക്കാതെപോയെങ്കിലും പിന്നീട് വന്ന ചോക്‌ളേറ്റ് വന്‍ വിജയമായിരുന്നു. ആ വിജയം പിന്നീട് വന്ന എല്ലാ സിനിമയിലും ആവര്‍ത്തിച്ചു.


നായകനേത്..? വില്ലനേത്..?

സര്‍വ്വഗുണ സമ്പന്നനായ നായകന്‍, അയാള്‍ക്കുചുറ്റും കറങ്ങുന്ന മറ്റുകഥാപാത്രങ്ങള്‍. തിന്മയുടെ പ്രതിരൂപമായ വില്ലന്‍. മേമ്പൊടിക്ക് അതുവരെ ചേര്‍ത്തുവന്ന സ്ഥിരം രസക്കൂട്ടുകള്‍. മലയാളസിനിമ പിന്‍തുടര്‍ന്നുവന്ന ഈ സൂത്രവാക്യമാണ് സച്ചി മാറ്റിയെഴുതിയത്. നായകനൊപ്പം നില്‍ക്കുന്ന ന്യായീകരിക്കപ്പെടാവുന്ന വില്ലന്‍ കഥാപാത്രം. അല്ലെങ്കില്‍ നായകനേത് വില്ലനേത് എന്ന് തിരിച്ചറിയാനാകുന്നില്ല എന്നതാണ് സച്ചി സിനിമകളുടെ പ്രത്യേകത. നായകനൊപ്പം കഥയുടെ രസച്ചരട് നിയന്ത്രിക്കാന്‍ മറ്റൊരു കഥാപാത്രവും കാണുമെന്നത് മറ്റൊരു സവിശേഷതയാണ്. പലപ്പോഴും നായകനേക്കാള്‍ കയ്യടി വാങ്ങുന്നത് ആ കഥാപാത്രത്തിന്റെ തമാശകളായിരിക്കും. റണ്‍ ബേബി റണ്ണിലെയും അനാര്‍ക്കലിയിലേയും ബിജു മേനോന്‍ , റോബിന്‍ഹുഡിലെ നരേന്‍, തുടങ്ങിയവ ഉദാഹരണം മാത്രം. ഡ്രൈവിംഗ് ലൈസന്‍സും, അയ്യപ്പനും കോശിയും, റോബിന്‍ഹുഡും നായകനേയും വില്ലനേയും വേര്‍തിരിച്ചു നിര്‍ത്താത്തവയായിരുന്നു.