play-sharp-fill
ഇംഗ്ലണ്ടിനെ അടിച്ചുപറത്തി ഓസ്‌ട്രേലിയ ; ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയക്ക് ജയം ; ഇംഗ്ലണ്ടിന് ശേഷിക്കുന്ന രണ്ട് മത്സരങ്ങളും നിര്‍ണായകം

ഇംഗ്ലണ്ടിനെ അടിച്ചുപറത്തി ഓസ്‌ട്രേലിയ ; ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയക്ക് ജയം ; ഇംഗ്ലണ്ടിന് ശേഷിക്കുന്ന രണ്ട് മത്സരങ്ങളും നിര്‍ണായകം

സ്വന്തം ലേഖകൻ

ബാര്‍ബഡോസ്: ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയക്ക് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സാണ് നേടിയത്. 39 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ടിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുക്കാനാണ് സാധിച്ചത്.

രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ പാറ്റ് കമ്മിന്‍സ്, ആഡം സാം എന്നിവരാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ഇതോടെ ഗ്രൂപ്പ് ബിയില്‍ ഓസീസ് നാല് പോയിന്റുമായി ഒന്നാമെത്തി. മൂന്ന് പോയിന്റുമായി സ്‌കോട്‌ലന്‍ഡാണ് രണ്ടാമത്. രണ്ട് മത്സരങ്ങളില്‍ ഒരു പോയിന്റ് മാത്രമുള്ള ഇംഗ്ലണ്ട് നാലാം സ്ഥാനത്താണ്. ഇംഗ്ലണ്ടിനെ സംബന്ധിച്ചിടത്തോളം കാര്യങ്ങള്‍ പരുങ്ങലിലാണ്. ശേഷിക്കുന്ന മത്സരങ്ങള്‍ ജയിക്കേണ്ടത് അനിവാര്യമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന് ഗംഭീര തുടക്കമാണ് ലഭിച്ചത്. ജോസ് ബട്‌ലര്‍ (42) – ഫിലിപ് സാള്‍ട്ട് (37) ഒന്നാം വിക്കറ്റ് സഖ്യം 73 റണ്‍സ് ചേര്‍ത്തു. എന്നാല്‍ എട്ടാം ഓവറില്‍ സാള്‍ട്ട് മടങ്ങി. പത്താം ഓവര്‍ പൂര്‍ത്തിയാവും മുമ്പ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലറും പവലിയനില്‍ തിരിച്ചെത്തി. തുടര്‍ന്നെത്തിയവരില്‍ ആര്‍ക്കും പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. വില്‍ ജാക്‌സ് (10), ജോണി ബെയര്‍സ്‌റ്റോ (7), മൊയീന്‍ അലി (25), ലിയാം ലിവിംഗ്‌സ്റ്റണ്‍ (15) എന്നിവര്‍ക്ക് കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. ഹാരി ബ്രൂക്ക് (20), ക്രിസ് ജോര്‍ദാന്‍ (1) പുറത്താവാതെ നിന്നു.

നേരത്തെ വാര്‍ണര്‍ക്ക് പുറമെ ബാറ്റെടുത്ത മിക്കവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ട്രാവിസ് ഹെഡ് (34), മിച്ചല്‍ മാര്‍ഷ് (35), ഗ്ലെന്‍ മാക്‌സ്‌വെല്‍ (28), മാര്‍കസ് സ്റ്റോയിനിസ് (30) എന്നിവരാണ് ഓസീസ് നിരയില്‍ തിളങ്ങിയ താരങ്ങള്‍. ടിം ഡേവിഡ് (11), പാറ്റ് കമ്മിന്‍സ് (0) എന്നിവരും പുറത്തായി. മാത്യൂ വെയ്ഡ് (17), മിച്ചല്‍ സ്റ്റാര്‍ക്ക് (0) പുറത്താവാതെ നിന്നു. ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് ജോര്‍ദാന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.