കോളേജുകൾ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദത്തിലേക്ക് സ്വാധീനിക്കുവാനുള്ള ബോധപൂർവ്വമായ ശ്രമം നടക്കുന്നു; മുന്നറിയിപ്പുമായി സിപിഎം

കോളേജുകൾ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദത്തിലേക്ക് സ്വാധീനിക്കുവാനുള്ള ബോധപൂർവ്വമായ ശ്രമം നടക്കുന്നു; മുന്നറിയിപ്പുമായി സിപിഎം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പ്രൊഫഷണൽ കോളേജുകൾ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദത്തിലേക്ക് സ്വാധീനിക്കുവാനുള്ള ബോധപൂർവ്വമായ ശ്രമം നടക്കുന്നുവെന്ന് സിപിഎം. പാർട്ടി സമ്മേളനങ്ങളുടെ ഉദ്ഘാടന പ്രസംഗം സംബന്ധിച്ച് നൽകിയ കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. സെപ്റ്റംബർ 10നാണ് സംസ്ഥാന നേതൃത്വത്തിൽ നിന്ന് ഇത്തരത്തിലുള്ള കുറിപ്പ് അച്ചടിച്ച് നൽകിയത്.

ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങൾ നടത്തേണ്ട ഉദ്ഘാടന പ്രസംഗം സംബന്ധിച്ച് സിപിഎം കുറിപ്പ് തയ്യാറാക്കി നേതാക്കൾക്ക് നൽകിയിരുന്നു. ഇതിൽ ‘ന്യൂനപക്ഷ വർഗീയത’ എന്ന തലക്കെട്ടിന് കീഴിലാണ് ഇതേക്കുറിച്ചുള്ള പരാമർശമുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രൊഫഷണൽ കോളേജുകൾ കേന്ദ്രീകരിച്ച് വിദ്യാസമ്പന്നരായ യുവതികളെ തീവ്രവാദ വഴിയിലേക്ക് ചിന്തിപ്പിക്കുന്നതിനുള്ള ബോധപൂർവമായ ശ്രമങ്ങൾ നടന്നുവരുന്നുണ്ടെന്നും ഇക്കാര്യത്തിൽ പ്രത്യേകമായി ശ്രദ്ധിക്കണമെന്നാണ് കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നത്.

സംഘപരിവാർ നടത്തുന്ന പ്രവർത്തനങ്ങൾ ന്യൂനപക്ഷ വിഭാഗങ്ങളിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കിയിട്ടുണ്ട്. മുസ്ലീം സംഘടനകളിലെല്ലാം നുഴഞ്ഞുകയറി പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ തീവ്രവാദ രാഷ്ട്രീയക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നു.

ഇസ്ലാമികരാഷ്ട സ്ഥാപനത്തിനായി പ്രവർത്തിക്കുന്ന ജമാ അത്തെ ഇസ്ലാമി അതിന്റെ ആശയപരമായ വേരുകൾ മുസ്ലീം സമൂഹത്തിലും പൊതുസമൂഹത്തിലും വ്യാപിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുന്നു തുടങ്ങിയ കാര്യങ്ങൾ പറഞ്ഞുവരുമ്പോഴാണ് വർഗീയതയിലേക്കും തീവ്രവാദ പ്രവർത്തനങ്ങളിലേക്കും യുവജനങ്ങളെ ആകർഷിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുവെന്ന് പറയുന്നത്.

പൊതുവേ വർഗീയ ആശയങ്ങൾക്ക് കീഴ്‌പ്പെടാത്ത ക്രൈസ്തവ വിഭാഗത്തിലും ചെറിയൊരു വിഭാഗം ഇത്തരത്തിലുള്ള പ്രവർത്തനത്തിലേക്ക് പോകുന്നുണ്ടെന്നും ക്രൈസ്തവ വിഭാഗത്തെ മുസ്ലീം വിഭാഗത്തിന് എതിരാക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും കുറിപ്പിൽ പറയുന്നു. ഇതിനെതിരേയും ജാഗ്രത പാലിക്കുകയും ഇടപെടൽ നടത്തുകയും വേണം.

ക്ഷേത്രക്കമ്മറ്റികൾ കേന്ദ്രീകരിച്ച് ബിജെപിയും സംഘപരിവാറും സ്വധീനം വർധിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ഇക്കാര്യത്തിലും ജാഗ്രത പാലിക്കണം. ക്ഷേത്ര കമ്മറ്റികൾ ബിജെപി നിയന്ത്രണത്തിലേക്ക് പോകാതിരിക്കാനുള്ള ഇടപെടൽ വേണമെന്നും കുറിപ്പിൽ പറയുന്നു.