ഇരുമ്പുകമ്പി കൊണ്ടുള്ള അടിയിൽ അജേഷ് പോളാകാതിരുന്നതിന് ലക്കി ബാംബുവിനോട് നന്ദി പറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥൻ അനീഷ്; ഏറ്റുമാനൂരിൽ ഗുണ്ട അച്ചു സന്തോഷിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അനീഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറൽ

ഇരുമ്പുകമ്പി കൊണ്ടുള്ള അടിയിൽ അജേഷ് പോളാകാതിരുന്നതിന് ലക്കി ബാംബുവിനോട് നന്ദി പറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥൻ അനീഷ്; ഏറ്റുമാനൂരിൽ ഗുണ്ട അച്ചു സന്തോഷിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അനീഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറൽ

സ്വന്തം ലേഖകൻ

കോട്ടയം: കഴിഞ്ഞ ജൂൺ 11 നാണ്  ഗുണ്ടാ സംഘം അതിരമ്പുഴയിൽ യുവാവിനെ ആക്രമിച്ചത്. ഈ ഗുണ്ടാ സംഘത്തെത്തിരക്കി അതിരമ്പുഴയിലെ കോളനിയിൽ എത്തിയ പൊലീസ് സംഘത്തെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു ഗുണ്ടാ സംഘം.

മതിൽ ചാടിയെത്തിയ ഗുണ്ട അച്ചു സന്തോഷ് കമ്പിവടിയുമായാണ് അഴിഞ്ഞാടിയത്. ഈ ആക്രമണത്തിലാണ് ഏറ്റുമാനൂർ സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ അനീഷിനും, രാജേഷിനും പരിക്കേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റുമാനൂർ സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ പി.കെ മനോജ്കുമാറിന്റെ നിർദേശാനുസരണമാണ്  സംഭവ ദിവസം അനീഷും  രാജേഷും അന്വേഷണത്തിന് പോയത്.  പ്രതികൾ ഒളിച്ചിരിക്കുന്ന കോളനിയുടെ ഒരു വശത്തെ പടുകൂറ്റൻ മതിലിന് സമീപം പ്രതികളെ തപ്പി നിൽക്കുമ്പോഴാണ് മതിൽ ചാടി ഇവർ അപ്രതീക്ഷിതമായി എത്തിയത്.

സി.ഐ അടക്കമുള്ള ഉദ്യോഗസ്ഥ സംഘം കോളനിയിലേയ്ക്കു കടക്കാൻ മുന്നിൽ എത്തിയതോടെയാണ് പ്രതികൾ മതിൽച്ചാടി രക്ഷപെടാൻ ശ്രമിച്ചത്. ഈ ചാട്ടത്തിനിടെ ഗുണ്ടാ സംഘത്തിനു മുന്നിൽ അനീഷും രാജേഷും പെട്ടു.

ഇരുവരും യൂണിഫോമിലായിരുന്നില്ല, പക്ഷേ പൊലീസ് ഉദ്യോഗസ്ഥരാണ് എന്നു തിരിച്ചറിഞ്ഞ പ്രതികൾ ഓടിരക്ഷപെടുകയായിരുന്നു. എന്നാൽ, കമ്പിവടിയുമായി ചാടിയെത്തിയ അച്ചു സന്തോഷ് ഇരുവരേയും ആക്രമിക്കുകയായിരുന്നു.

അച്ചു സന്തോഷ് നിരന്തരം കമ്പിവടി വീശുന്നത് കണ്ട അനീഷ് ബൈക്കിൽ കരുതിയിരുന്ന ഹെൽമറ്റ് എടുത്തു ധരിച്ചു. ഇതിനിടെ ഒപ്പമുണ്ടായിരുന്ന രാജേഷ് അച്ചു സന്തോഷിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഇദ്ദേഹത്തിന്റെ കൈ അടിയേറ്റ് മുറിഞ്ഞു. തുടർന്നു, അനീഷിന്റെ തലയ്ക്ക് പ്രതി അടിയ്ക്കുകയായിരുന്നു. അടിയേറ്റ് താഴെ വീണ അനീഷിന്റെ തോളെല്ല് പ്രതി തല്ലിത്തകർത്തു.

കോളനിയ്ക്കു മുന്നിൽ നിന്ന പൊലീസ് ഉദ്യോഗസ്ഥർ ബഹളം കേട്ട് ഓടിയെത്തി പ്രതിയെ കീഴ്പ്പെടുത്തി. ഇതിനു ശേഷം അനീഷ് നോക്കിയപ്പോഴാണ് വിണ്ടു കീറിയിരിക്കുന്ന ഹെൽമറ്റ് കണ്ടത്. തോളെല്ലിന് തകരാർ ഉണ്ടെന്ന് മനസിലാക്കിയ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തി പരിശോധന നടത്തി. ഇടത്തേ തോളെല്ല് പൊട്ടിയതിനാൽ ഒരു മാസമെങ്കിലും കുറഞ്ഞത് വിശ്രമം വേണമെന്നാണ് ഡോക്ടർമാരുടെ നിർദേശം.

അനീഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ

ഇതാണ്’ ലക്കി ബാംബു ‘ഞാൻ ആദ്യമായി ഇത് ശ്രദ്ധിക്കുന്നത് വല്യച്ഛന്റെ വീട്ടിൽ വച്ചാണ് അവിടെ വീടിന്റെ മുറ്റത്തും പരിസരങ്ങളിലും മുറികളിലും എല്ലാം ഇത് നിൽപുണ്ടായിരുന്നു. ചേട്ടനോട് കാര്യം തിരക്കിയപ്പോൾ ഇത്’ ലക്കി ബാംബു ‘ആണെന്നും വീട്ടിൽ ഭാഗ്യവും ഐശ്വര്യവും ഉദ്ദിഷ്ട കാര്യവും നടക്കുമെന്നും പറഞ്ഞിരുന്നു. ഈ വിവരം ഞാൻ വീട്ടിൽ പറഞ്ഞപ്പോൾ മുതൽ മക്കൾക്ക് രണ്ടിനും അതിന്റെ ഒരു ചെറിയ കമ്പ് എങ്കിലും വാങ്ങി കൊണ്ടു വന്നേ പറ്റൂ .സ്‌കൂൾ തുറക്കാത്ത ഈ ഓൺലൈൻ കാലത്ത് ഇവർക്ക് ഇനിയും എന്ത് ആഗ്രഹം എന്ന് ഞാൻ സംശയിച്ചു.

കുട്ടികൾ വാശി പിടിച്ചപ്പോൾ ചേട്ടനോട് തന്നെ പറഞ്ഞ് കഴിഞ്ഞ വെള്ളിയാഴ്ച്ച ഒരു ചെറിയ തൈകമ്പ് വീട്ടിൽ എത്തിച്ചു ഉച്ചകഴിഞ്ഞപ്പോൾ.മക്കൾ സന്തോഷത്തോടെ ഫോണിൽ എന്നെ വിളിച്ച് ‘ലക്കി ബാീബു ‘കിട്ടിയെന്നും അവർ അത് കുപ്പിയിൽ വെള്ളം നിറച്ച് സ്വീകരണമുറിയിലെ മേശപ്പുറത്തു തന്നെ വച്ചിട്ടുണ്ടെന്നും പറഞ്ഞു

പിന്നീടങ്ങോട്ട് സംഭവിച്ചതെല്ലാം ഒന്ന് ഒന്നര ‘ലക്കായിരുന്നു.’ സഹപ്രവർത്തകനും കൂട്ടുകാരനുമായ രാജേഷ് വന്ന് വൈകുന്നേരം ഡ്യൂട്ടിയുണ്ടെന്നും പ്രതിയെ പിടിക്കാൻ ഇൻസ്‌പെക്ടർക്ക് ഒപ്പം പോകണമെന്നും പറഞ്ഞു വൈകുന്നേരം പ്രതികളുടെ ഒളിതാവളത്തിലേക്ക് പോകുന്നതിനായി സ്റ്റേഷൻ ജീപ്പിൽ കയറി ഇരുന്നപ്പോൾ ആദ്യത്തെ ‘ലക്ക്.

‘ഓപ്പറേഷന്റെ അസൂത്രകൻ സാബുസാർ എന്നോട് ജീപ്പിൽ നിന്നും ഇറങ്ങി രാജേഷിന് ഒപ്പം ബൈക്കിൽ അവിടേക്ക് എത്തിയാൽ മതിയെന്ന് പറഞ്ഞപ്പോൾ സഹപ്രവർത്തകൻ സിമിജിത്തിന് പകരം ഞാൻ രാജേഷിനൊപ്പം ബൈക്കിൽ പ്രതികളുടെ ഒളിസങ്കേതത്തിലെ പോയി. വലിയമതിൽ കെട്ടിന് ഇപ്പുറം വഴിയിൽ നിൽക്കുമ്പോൾ പ്രതികൾ ആ വലിയ കൂറ്റൻ മതിൽ ചാടി വരുമെന്ന് ആരും കരുതിയില്ല

പ്രതിയുടെ അക്രമണത്തിൽ തോളല്ലെന് പൊട്ടൽ പറ്റിയെങ്കിലും മറ്റൊരു അജീഷ് പോൾ ആകേണ്ടന്ന് കരുതി കൈയ്യിൽ ഹെൽമറ്റ് കരുതിയത് കൊണ്ട് പ്രതിയുടെ കൈയ്യിലുണ്ടായിരുന്ന നീളൻ കമ്പിയുടെ അടിയിൽ ഹെൽമെറ്റ് പൊട്ടി രണ്ടായെങ്കിലും തലപൊട്ടാതെ സുരക്ഷിതമായത് ‘ രണ്ടാമത്തെ ലക്ക്’ അടി കിട്ടിയെങ്കിലും പ്രതിയെ പിടിക്കാൻ കഴിഞ്ഞത് ‘മറ്റോരുലക്ക് .’മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് കയ്യിൽ സ്ലിങ്ങും തൂക്കി വീട്ടിൽ വന്നപ്പോൾ മക്കൾ മേശപ്പുറത്ത് വച്ചിരുന്ന ലക്കി ബാംബൂ നോക്കി ഞാൻ അവരോട് പറഞ്ഞു

ഇതാണോടാ ലക്കി ബാംബു ?

മകന് പക്ഷെ ഉറപ്പായിരുന്നു.ഇത് ലക്കി ബാംബു തന്നെയാണെന്ന്

അവൻ തീർത്തങ്ങ് പറഞ്ഞു

അതെ ഇത് ലക്കി ബാംബു തന്നെയാണ്

അതുകൊണ്ടാണല്ലോ അച്ചാച്ചൻ ഇനി കുറച്ചു ദിവസം ഞങ്ങളുടെ ഒപ്പം വീട്ടിൽ കാണുന്നത്

ശരീരം നുറുങ്ങുന്ന വേദനയിലും ഉള്ളിൽ വല്ലാത്ത ചിരി വന്നു.

ഞാനും ഇപ്പോൾ പറയുന്നു

ഇത്” ശരിക്കും ലക്കി ബാംബു ,’ തന്നെ