ഫെയ്സ് ബുക്കിലെ ‘അശ്വതി അച്ചുവിൻ്റെ ‘ സങ്കടം കേട്ട് യുവാവ് നൽകിയത് നാല് ലക്ഷം രൂപ! സഹോദരിമാരുടെ ഫോട്ടോ വച്ച് അശ്വതി അച്ചു നടത്തിയത് വർഷങ്ങൾ നീണ്ടു നിന്ന തട്ടിപ്പ്: അശ്വതി അച്ചുവിന് പിന്നിലെ തട്ടിപ്പ് കഥ ഇങ്ങനെ

ഫെയ്സ് ബുക്കിലെ ‘അശ്വതി അച്ചുവിൻ്റെ ‘ സങ്കടം കേട്ട് യുവാവ് നൽകിയത് നാല് ലക്ഷം രൂപ! സഹോദരിമാരുടെ ഫോട്ടോ വച്ച് അശ്വതി അച്ചു നടത്തിയത് വർഷങ്ങൾ നീണ്ടു നിന്ന തട്ടിപ്പ്: അശ്വതി അച്ചുവിന് പിന്നിലെ തട്ടിപ്പ് കഥ ഇങ്ങനെ

തേർഡ് ഐ ബ്യൂറോ

കൊച്ചി: സോഷ്യൽ മീഡിയയിൽ പ്രത്യേകിച്ച് ഫേസ്ബുക്കിൽ അശ്വതി അച്ചുമാർ നടത്തുന്ന തട്ടിപ്പിന് പുതിയ ഭാഷ്യങ്ങൾ രചിക്കപ്പെടുകയാണ്. ഓരോ ദിവസവും പുതിയ പുതിയ തട്ടിപ്പ് കഥകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ യുവാവിനെ കബളിപ്പിച്ച് നാല് ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് ഇപ്പോൾ വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഹോദരിമാരായ യുവതികളുടെ ഫെയ്സ്ബുക്ക് പ്രൊഫൈല്‍ ചിത്രം ഉപയോഗിച്ച്‌ വ്യാജ അക്കൗണ്ട് ഉണ്ടാക്കി പണംതട്ടിയെന്ന കേസില്‍ അശ്വതി(32) നടത്തിയ തട്ടിപ്പുകളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നതോടെയാണ് തട്ടിപ്പിൻ്റെ പുതിയ മാനം കണ്ടത്.

ആയൂര്‍ സ്വദേശിയായ യുവാവില്‍ നിന്ന് അശ്വതി നാലു ലക്ഷം രൂപ തട്ടിയതിന്റെ വിവരങ്ങള്‍ ആണ് പുറത്തു വരുന്നത്.

ഫേസ്‌ബുക്കിലേക്ക് റിക്വസ്റ്റ് അയച്ച ശേഷം വിവാഹ ആലോചനയായി എത്തിയാണ് യുവാവിനെ ഇവര്‍ കുടുക്കിയത്. വിവാഹവാഗ്ദാനം നല്‍കി ശേഷം സ്വയം പരിചയപ്പെടുത്തിയത് കോന്നിയില്‍ എല്‍.ഡി ക്ലര്‍ക്ക് എന്നായിരുന്നു.

അനുശ്രീയുടെ വിവാഹ ആലോചനയുമായി യുവാവിന്റെ വീട്ടിലേക്ക് എത്തിയത് വ്യാജ അക്കൗണ്ട് ഉടമയായ അശ്വതി തന്നെയായിരുന്നു.അനുശ്രീയുടെ ചിത്രങ്ങളായി കാണിച്ചിരുന്നത് കാക്കനാട് സ്വദേശിനിയായ പ്രഭാ സുകുമാരന്റെ ചിത്രങ്ങളായിരുന്നു.

സുന്ദരിയായ യുവതിയുടെ ചിത്രത്തില്‍ മതിമറന്നു പോയ യുവാവ് സ്വപ്നങ്ങളുടെ ആകാശ കോട്ട കെട്ടിപൊക്കി.

അശ്വതി പിന്നീട് അനുശ്രീ എന്ന വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ട് വഴിയായി ചാറ്റിങ്. നേരില്‍ കണ്ടിട്ടില്ലാത്ത അനുശ്രീയുമായി യുവാവ് കടുത്ത പ്രണയത്തിലായി. ഈ അവസരം മുതലാക്കി അനുശ്രീ ആശുപത്രിയിലെ ചികിത്സയ്ക്കാണ് എന്ന് പറഞ്ഞ് യുവാവിനോട് പണം ആവശ്യപ്പെടാന്‍ തുടങ്ങി.

തവണകളായി 4 ലക്ഷത്തോളം രൂപയാണ് യുവാവ് നല്‍കിയത്. ഒരു തവണ മാത്രം ബാങ്ക് അക്കൗണ്ട് വഴിയും ബാക്കി അനുശ്രീയുടെ ബന്ധുവായി അഭിനയിച്ച പതാരത്തെ അശ്വതിയുടെ കയ്യില്‍ നേരിട്ടും നല്‍കുകയായിരുന്നു.

പണം കൈക്കലാക്കിയ ശേഷം യുവാവിനെ ഒഴിവാക്കാനായി അശ്വതി ഒരു ആത്മഹത്യാ നാടകവും കളിച്ചു. അനുശ്രീയുമായുള്ള യുവാവിന്റെ ബന്ധം വീട്ടില്‍ അറിഞ്ഞ് പ്രശ്നമായെന്നും, പ്രണയബന്ധത്തില്‍ നിന്നും പിന്മാറണമെന്നും അറിയിച്ചു.

എന്നാല്‍ എന്തു വന്നാലും അനുശ്രീയെ തന്നെ വിവാഹം കഴിക്കുള്ളൂ എന്ന് യുവാവ് ഉറച്ചു നിന്നു. ഈ ഘട്ടത്തിലാണ് ആത്മഹത്യാ നാടകം അരങ്ങേറിയത്.

യുവാവിന് ഒരു ആത്മഹത്യാ കുറിപ്പ് അയച്ചു കൊടുക്കുകയായിരുന്നു ആദ്യം. മാതാവ് വലിയ പ്രശ്നക്കാരിയാണെന്നും ഈ ബന്ധത്തില്‍ ഉറച്ചു നിന്നാല്‍ യുവാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മറ്റൊരു കെവിനാകരുതെന്നും യുവാവിനോട് ആവശ്യപ്പെടുന്നു.

വളരെ സ്നേഹമുള്ളയാളാണ് യുവാവെന്നും തനിക്ക് ഇതു പോലെ ആരില്‍ നിന്നും സ്നേഹം ലഭിച്ചിട്ടില്ല.

അച്ഛനും അമ്മയ്ക്കും ഒട്ടും സ്നേഹമില്ല. എന്റെ പേരിലുള്ള സ്ഥലത്തിന്റെ ആധാരം ഒരു കൂട്ടുകാരിയുടെ പേരില്‍ എഴുതി വച്ചു. ഞാന്‍ മരിച്ചു കഴിഞ്ഞാല്‍ ഈ കത്ത് അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ എത്തിക്കണം. ആരെയും വെറുതെ വിടരുത്.

എന്റെ മരണത്തിന് കാരണം അച്ഛനും അമ്മയും ആണെന്നുമൊക്കെയാണ് കത്തിലുള്ളത്. ഇത് കണ്ട് യുവാവ് ഭയന്നു പോകുകയും അനുശ്രീയെ ആശ്വസിപ്പിക്കുകയും ആത്മഹത്യയില്‍ നിന്നും പിന്മാറണമെന്നും പറഞ്ഞു.

ഇതിനിടയില്‍ യുവാവിന്റെ മാതാവിനെ പതാരം അശ്വതി നേരില്‍ക്കണ്ട് വിവഹം ഉറപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിവഹ ക്ഷണക്കത്ത് വരെ യുവാവ് അച്ചടിച്ചു. പിന്നീടാണ് ആത്മഹത്യാ നാടകം അരങ്ങേറിയത്. ഇതെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ അനുശ്രീ വ്യാജ അക്കൗണ്ടാണെന്ന് മനസ്സിലായി.

കരുനാഗപ്പള്ളി, ശൂരനാട്, പതാരം സ്വദേശികളായ പല യുവാക്കളും അശ്വതി അച്ചു അക്കൗണ്ടിലൂടെ കബളിക്കപ്പെട്ടിട്ടുണ്ട്. വഞ്ചിതരായവരില്‍ കരുനാഗപ്പള്ളിയിലെ പ്രമുഖ യുവജന സംഘടനയുടെ പ്രവര്‍ത്തകര്‍ വരെ ഉള്‍പ്പെടുന്നു.

എല്‍.എല്‍.ബിക്ക് പഠിക്കുന്ന യുവതി എന്ന രീതിയിലാണ് യുവജനസംഘടനാ നേതാക്കളുമായി വീട്ടമ്മ വ്യാജ അക്കൗണ്ട് വഴി സൗഹൃദം സ്ഥാപിക്കുകയും പണത്തിന് അത്യാവശ്യമുണ്ടെന്ന് അറിയിച്ചപ്പോള്‍ അടുത്ത ബന്ധു വന്ന് കൈപ്പറ്റും എന്ന് പറഞ്ഞ് കായംകുളം റെയില്‍വേ സ്റ്റേഷനില്‍ എത്തി തട്ടിപ്പ്കാരി പണം കൈപറ്റുകയായിരുന്നു. പിന്നീടാണ് തങ്ങള്‍ വഞ്ചിക്കപ്പെട്ടെന്ന് യുവാക്കളും തിരിച്ചറിഞ്ഞത്.

തട്ടിപ്പിനിരയായ യുവാക്കള്‍ ഫെയ്സ്ബുക്ക് ഗ്രൂപ്പുകളില്‍ ഇതേപ്പറ്റി വിവരം പങ്കുവെച്ചതോടെയാണ് പ്രഭയുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് സൈബര്‍ സെല്ലില്‍ പരാതിനല്‍കിയെങ്കിലും അക്കൗണ്ടുകള്‍ പലതും നീക്കംചെയ്തതിനാല്‍ ഫെയ്സ്ബുക്കിനോട് വിശദീകരണംതേടാതെ കേസെടുക്കാന്‍ ആകില്ലെന്ന മറുപടിയാണ് ലഭിച്ചത്. തുടര്‍ന്ന് സ്വന്തംനിലയില്‍ നടത്തിയ അന്വേഷണത്തിലാണ് യുവതിയെപ്പറ്റി വിവരങ്ങള്‍ ലഭിച്ചത്.

തന്റെ ഫോട്ടോ ഉപയോഗിച്ചുള്ള വ്യാജ പ്രൊഫയിലുകളില്‍ കയറിപ്പറ്റിയ പ്രഭ അതിലെ മ്യൂച്ചല്‍ ഫ്രണ്ടായ യുവാക്കളെ കണ്ടെത്തിയ ശേഷം തന്റെ ഫോട്ടോ ഉപയോഗിച്ച്‌ നിങ്ങളെ കബളിപ്പിക്കുകയാണ് എന്ന് തുറന്ന് പറയുകയായിരുന്നു. ഇതോടെയാണ് ഇത്രയും നാള്‍ തങ്ങള്‍ ചാറ്റ് ചെയ്തത് വ്യാജ പ്രൊഫയിലോനാടാണ് എന്ന് യുവാക്കളും തിരിച്ചറിഞ്ഞത്.

പിന്നാലെ നടത്തിയ അന്വേഷണങ്ങളില്‍ അറിയാന്‍ സാധിച്ചത് തട്ടിപ്പിന്റെ നീണ്ട കഥ. സംഭവം വിവരിച്ച്‌ കാക്കനാട് സൈബര്‍ പൊലീസിന് പരാതി നല്‍കിയെങ്കിലും സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കേസെടുക്കാന്‍ സൈബര്‍ പൊലീസും മടിച്ചു. ഇതോടെയാണ് ശൂരനാട് സ്റ്റേഷനെ ബന്ധപ്പെട്ടത്.

ശൂരനാട് സ്റ്റേഷനില്‍ പരാതി എത്തിയതോടെ സിഐ ശ്യാം , വനിതാ എസ്‌ഐ മഞ്ചു വി നായർ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിച്ചു.

സ്റ്റേഷനില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങളായിരുന്നു. പരാതി നല്‍കാനായി കൊച്ചിയിലെ യഥാര്‍ത്ഥ യുവതികള്‍ എത്തിയതോടെ വഞ്ചിതരായ യുവാക്കള്‍ ഓരോരുത്തരായി ശൂരനാട് സ്റ്റേഷനിലേക്ക് എത്തി. പലരോടും പറഞ്ഞത് പലതരം കഥകള്‍. ഇവരുടെ കഥകേട്ട് പൊലീസും കുഴഞ്ഞു. ഒടുവില്‍ എസ്‌ഐ മഞ്ചു വി നായരുടെ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. ഡി.വൈ.എസ്‌പി ഓഫീസിലെത്തി മൊഴി എടുപ്പിച്ച ശേഷമാണ് യുവതിയെ അറസ്റ്റ് ചെയ്യാന്‍ തീരുമാനം എടുത്തത്. പിന്നീട് ഇവരെ ജാമ്യം നല്‍കി വിട്ടയച്ചു.

രണ്ടു കുട്ടികളുടെ മാതാവ് കൂടിയായ അശ്വതി മുന്‍പും തട്ടിപ്പ് കേസുകളില്‍ പ്രതിയായിട്ടുള്ളവരാണ്. കുടുംബശ്രീയുടെ തുക തട്ടിച്ചു എന്നതായിരുന്നു ഇവര്‍ക്കെതിരെ മുന്‍പുള്ള പരാതി. പന്നീട് ഭര്‍ത്താവ് ശ്രികുമാര്‍ ഈ തുക നല്‍കി ഒതുക്കിയതോടെയാണ് കേസില്‍ നിന്ന് ഊരിപ്പോന്നത്.

കൂലിപ്പണിക്ക് പോയി കുടുംബം നോക്കുകയാണ് ശ്രീകുമാര്‍. പി.എസ്.സി എഴുതി റവന്യു വകുപ്പില്‍ ജോലി ചെയ്‌തെന്ന് പറഞ്ഞ് ഇവര്‍ ഏറെനാളായി ഭര്‍ത്താവിനേയും നാട്ടുകാരേയും പറ്റിക്കുകയായിരുന്നു. റവന്യു വകുപ്പില്‍ ജോലി ലഭിച്ചെന്ന് പറഞ്ഞ് രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങുന്ന വീട്ടമ്മ ഈ അവസരത്തിലാണ് പല യുവാക്കളേയും തട്ടിപ്പിന് ഇരയാക്കിയത്.

സംസാരിച്ചു വീഴ്‌ത്തിയ ശേഷം പണം ആവശ്യപ്പെടും. ഓരോ സന്ദര്‍ഭത്തിനും അനുയോജ്യമായ കഥ മെനയാന്‍ എടുക്കുന്നതുകൊച്ചിയിലെ നിരപരാധികളായ സഹോദരിമാരുടെ ചിത്രങ്ങളായിരുന്നു. ഫേസ്‌ബുക്കില്‍ പ്രഭയും രമ്യയും പങ്കുവച്ച ചിത്രങ്ങള്‍ ഉപയോഗിച്ചാണ് പല വാട്‌സ് ആപ്പ് ചാറ്റുകളും നടന്നത്. യുവാക്കള്‍ ഇത് വിശ്വസിക്കുകയും ചെയ്തു.

നാലു വര്‍ഷമായി ഇവര്‍ ഏഴിലധികം വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ച്‌ തട്ടിപ്പുനടത്തുകയായിരുന്നു. ഇതില്‍ മറ്റാരുടെയെങ്കിലും സഹായം ഇവര്‍ക്ക് ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷിച്ചുവരികയാണെന്ന് ശൂരനാട് ഇന്‍സ്പെക്ടര്‍ കെ.ശ്യാം, എസ്.ഐ. മഞ്ചു വി.നായര്‍ എന്നിവര്‍ പറഞ്ഞു.