ഏഷ്യാനെറ്റിലെ വിനുവിന് കൃത്യമായ മറുപടിയുമായി സാഹിത്യകാരി കെ.ആർ മീര..! അശ്ലീലം എഴുതിയ ആളെ പൊക്കിക്കൊണ്ടു നടക്കുന്നതാണോ മാധ്യമപ്രവർത്തനം; ഞാൻ പഠിച്ച മാധ്യമപ്രവർത്തനത്തിൽ ഇത് വരില്ല
തേർഡ് ഐ ബ്യൂറോ
കോട്ടയം: ഏഷ്യാനെറ്റിലെ ചർച്ച നയിക്കുന്ന മാധ്യമപ്രവർത്തകൻ വിനു വി.ജോണിന് കൃത്യമായ മറുപടിയുമായി സാഹിത്യകാരി കെ.ആർ മീര. സോഷ്യൽ മീഡിയയിൽ പച്ചയ്ക്ക് അശ്ലീലം പറയുന്നവനെ വിളിച്ചിരുത്തി ചാനൽ ചർച്ച നടത്തിയ വിനു വി.ജോണിനെതിരെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കെ.ആർ മീര മറുപടി നൽകിയിരിക്കുന്നത്. ഞാൻ പഠിച്ച മാധ്യമപ്രവർത്തനം ഇതല്ലെന്നാണ് മീര വിശദമാക്കുന്നത്.
കെ.ആർ മീരയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശ്രീ വിനു വി ജോൺ,
ഏഷ്യാനെറ്റിൻറെ ഇന്നത്തെ ന്യൂസ് അവറിൽ എൻറെ ഫെയ്‌സ് ബുക്ക് പോസ്റ്റിനെ കുറിച്ചു വിനു പരാമർശിച്ചതായി അറിഞ്ഞു. ഞാൻ ചർച്ച കണ്ടിരുന്നില്ല. ഒരു കൂട്ടുകാരിയാണു പറഞ്ഞത്. അതുകൊണ്ടു യൂ ട്യൂബിൽ ആ ചർച്ചയുടെ പ്രസക്ത ഭാഗം കണ്ടു.
സുനിത ദേവദാസിനെ കുറിച്ച്, കേട്ടാൽ അറയ്ക്കുന്ന അശ്ലീലം എഴുതിയ യാസിർ എടപ്പാളിനെ ന്യൂസ് അവറിൽ ‘വിളിച്ചിരുത്തി’ എന്ന് ഇന്നലെ എൻറെ ഫെയ്‌സ് ബുക് പോസ്റ്റിൽ എഴുതിയതു വസ്തുതാപരമായി തെറ്റാണെന്നും മാധ്യമ പ്രവർത്തകർക്കു ഫാക്ച്വൽ കറക്ട്‌നെസ് അത്യാവശ്യമാണെന്ന പാഠം പഴയ മാധ്യമപ്രവർത്തകയായ ഞാൻ മറന്നതു ശരിയായില്ലെന്നും പറഞ്ഞതു കേട്ടു.
എല്ലാ സ്‌നേഹത്തോടെയും പറയട്ടെ, ഞാൻ പത്രപ്രവർത്തക ആയിരുന്ന കാലം മുതൽ മുടങ്ങാതെ ശ്രദ്ധിച്ചിരുന്ന ഒരു ചാനൽ ആയിരുന്നു ഏഷ്യാനെറ്റും പിൽക്കാലത്ത് ഏഷ്യാനെറ്റ് ന്യൂസും. ശ്രീ ശശികുമാർ, സക്കറിയ, സി.എൽ.തോമസ്, ടി.എൻ. ഗോപകുമാർ എന്നിവരുടെയൊക്കെ സാന്നിധ്യം കൊണ്ട്, ആ ചാനലിനോട് അവർ ചാനൽ വിട്ടു പോയതിനുശേഷവും പ്രത്യേകമായൊരു മമത ഉണ്ടായിരുന്നു.
പക്ഷേ, കുറച്ചു കാലമായി ഞാൻ ഏഷ്യാനെറ്റ് ന്യൂസ് കാണാറില്ല. പ്രത്യേകിച്ചും വിനുവിൻറെ ന്യൂസ് അവർ. എഴുത്തുകാരിയെന്ന നിലയിൽ വിനു എന്നെ ഇഷ്ടപ്പെടുന്നതായി പറഞ്ഞെങ്കിലും, വിനുവിൻറെ ന്യൂസ് അവർ എനിക്ക് ഇഷ്ടമല്ല എന്നു വിഷമത്തോടെ പറയട്ടെ. അതു പറയുന്നതു കൊണ്ട് ഇനിമേൽ എഴുത്തുകാരിയെന്ന നിലയിൽ എന്നെ ഇഷ്ടപ്പെട്ടില്ലെങ്കിലും സാരമില്ല.
കാരണം, ഞാൻ പഠിച്ചിട്ടുള്ള ജേണലിസം അനുസരിച്ച്, നമ്മുടെ ഇഷ്ടാനിഷ്ടങ്ങളും വ്യക്തിപരമായ താൽപര്യങ്ങളും പക്ഷപാതവും പ്രകടിപ്പിക്കാനുള്ള വേദിയല്ല, പത്രവും ചാനലും. ആ പരമമായ നിയമം വിനു നിരന്തരം ലംഘിക്കുന്നു. അതു വഴി വിനു ഇല്ലാതാക്കിയത് ചാനലിൻറെയും വിനുവിൻറെയും വിശ്വാസ്യതയാണ്. വിശ്വാസ്യതയില്ലെങ്കിൽ പിന്നെ വാർത്തയുണ്ടോ?
ഇന്നലെ സുനിത ദേവദാസിൻറെ വിഡിയോ കണ്ടതിനെത്തുടർന്നായിരുന്നു എൻറെ ആ ഫെയ്‌സ് ബുക്ക് പോസ്റ്റ് . തൃത്താല എം.എൽ.എ. കുറച്ചു കാലം മുമ്പ് എനിക്കു നേരെ അസഭ്യവർഷം നടത്താൻ ആഹ്വാനം ചെയ്തപ്പോൾ എന്നെ അനുകൂലിച്ചു സുനിത അന്ന് എഴുതിയ പോസ്റ്റിനു താഴെയാണു യാസിർ എടപ്പാൾ ആ അശ്ലീല കമൻറ് എഴുതിയത്.
ഏതായാലും, മാധ്യമപ്രവർത്തകർക്കു ഫാക്ച്വൽ കറക്ട്‌നെസ് എത്ര പ്രധാനമാണ് എന്ന് ഓർമ്മിപ്പിച്ച സ്ഥിതിക്ക് ഏഷ്യാനെറ്റ് ന്യൂസിൽനിന്ന് രണ്ടു മാസം മുമ്പുണ്ടായ ഒരു അനുഭവം ഞാനും പങ്കു വയ്ക്കുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് പതിനാലിന് ഏഷ്യാനെറ്റ് ന്യൂസ് പ്രസിദ്ധീകരിച്ച ഒരു വാർത്തയുണ്ടായിരുന്നു വിനുവിന് ഓർമ്മയുണ്ടോ എന്ന് അറിയില്ല മന്ത്രി കെ.ടി. ജലീലിനെ അടിക്കാൻ യാസിർ എടപ്പാളിനെ കൊണ്ടുവന്നതു പോലെ, ഗവൺമെൻറിനെ പ്രതിക്കൂട്ടിലാക്കാൻ എനിക്ക് എതിരെ ഒരു വ്യാജ വാർത്ത ഏഷ്യാനെറ്റ് പ്രസിദ്ധീകരിച്ചു.
”ചട്ടങ്ങൾ മറികടന്ന് കെ. ആർ മീരയ്ക്ക് എം.ജി. സർവകലാശാലയിലെ സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിൽ നിയമനം” എന്നു ഫ്‌ലാഷ് ന്യൂസും ബ്രേക്കിങ് ന്യൂസും ഒക്കെ ഉണ്ടായിരുന്നു.
അതിൻറെ ഫാക്ച്വൽ കറക്ട്‌നെസിനെ കുറിച്ച് എനിക്ക് അറിയാൻ താൽപര്യമുണ്ട്. ‘നിയമനം’ എന്ന വാക്ക് ഏഷ്യാനെറ്റ് ന്യൂസ് ഉപയോഗിച്ചതു ഫാക്ച്വലി കറക്ട് ആയിരുന്നോ? ‘ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ഇല്ലാത്ത ഒരു ബോർഡിലേക്കുള്ള നാമനിർദ്ദേശത്തെ’ ഏഷ്യാനെറ്റ് ന്യൂസ് ‘നിയമനം’ എന്നു വിളിച്ചതു ഫാക്ച്വലി കറക്്ട് ആയിരുന്നോ? ആ നാമനിർദ്ദേശം ‘ചട്ടങ്ങൾ മറികടന്നാണ്’ എന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തതു ഫാക്ച്വലി കറക്ട് ആയിരുന്നോ? ? നിങ്ങൾ അന്നു മുഴുവൻ സ്‌ക്രീനിൽ എഴുതിക്കാണിച്ചതുപോലെ ‘വിദഗ്ധസമിതി നൽകിയ പേരുകൾ വെട്ടിയിട്ട്’ എൻറെ പേരു തിരുകിക്കയറ്റി എന്ന ആരോപണം ഫാക്ച്വലി കറക്ട് ആയിരുന്നോ? ‘വിദഗ്ധ സമിതി ഉണ്ടായിരുന്നു’ എന്ന ധ്വനി ഫാക്ച്വലി കറക്ട് ആയിരുന്നോ? അന്ന് അർദ്ധരാത്രി വരെ ഏഷ്യാനെറ്റ് ന്യൂസ് ആ വാർത്ത തുടർച്ചയായി കാണിച്ചു കൊണ്ടിരുന്നതു വിലകുറഞ്ഞ രാഷ്ട്രീയ പക പോക്കലും എന്നെ അപകീർത്തിപ്പെടുത്തലും ലക്ഷ്യമിട്ടായിരുന്നില്ലേ? അല്ലായിരുന്നെങ്കിൽ, അതു ‘നിയമനം’ അല്ലെന്നും ചട്ടങ്ങൾ അനുസരിച്ചുള്ള നാമനിർദ്ദേശമാണെന്നും വൈസ് ചാൻസലർ പത്രസമ്മേളനത്തിൽ പറഞ്ഞതു പിറ്റേന്ന് ആദ്യത്തെ വാർത്ത കൊടുത്ത അതേ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു ഫാക്ച്വൽ കറക്ട്‌നെസിനോടുള്ള ചാനലിൻറെയും വിനുവിൻറെയും പ്രതിബദ്ധത വെളിപ്പെടുത്തേണ്ടതായിരുന്നില്ലേ?
യാസിർ എടപ്പാളിൻറെ ഫെയ്‌സ് ബുക്ക് പോസ്റ്റിലെ ഒരു വരി വി.പി.പി. മുസ്തഫ വായിച്ചതിന് പിറ്റേന്നു വിനു വിശദമായി മാപ്പു പറഞ്ഞല്ലോ. എന്നെ അപകീർത്തിപ്പെടുത്തിയതിനു പരസ്യമായല്ലെങ്കിലും ഒരു ഫോൺ കോളിലൂടെയെങ്കിലും എന്നോടു മാപ്പു പറയാനുള്ള അക്കൗണ്ടബിലിറ്റിയോ റെസ്‌പോൺസിബിലിറ്റിയോ ഇൻറഗ്രിറ്റിയോ നിങ്ങളോ നിങ്ങളുടെ മേധാവി എം.ജി. രാധാകൃഷ്ണനോ കാണിച്ചോ?
പിന്നെ എൻറെ ഫെയ്‌സ് ബുക്ക് പോസ്റ്റിലെ ഫാക്ച്വൽ കറക്ട്‌നെസിനെ കുറിച്ച് അതിലെന്താണു കറക്ട് അല്ലാത്തത്? ‘സാന്നിധ്യം’ എന്ന വാക്കോ? ആ ചർച്ച തന്നെ യാസിർ എടപ്പാൾ നേരിടുന്ന അനീതിയെ കുറിച്ച് ആയിരുന്നില്ലേ? ആ ചർച്ചയിൽ ഉടനീളം യാസിർ എടപ്പാളിൻറെ സാന്നിധ്യം വിഷ്വലുകളായും അയാളെ വെള്ള പൂശുന്ന ഡോക്യുമെൻറുകളുടെ ഭാഗങ്ങളായും പ്രദർശിപ്പിക്കുകയായിരുന്നില്ലേ? യാസിർ എടപ്പാൾ മറ്റു ചാനലുകളിൽ ആയിരുന്നതു കൊണ്ട്, യാസിറിനു വേണ്ടി സംസാരിക്കാൻ അയാളുടെ പിതാവിനെയും മറ്റു രണ്ടു പേരെയും ക്ഷണിച്ചു കൊണ്ടുവന്നിരുന്നില്ലേ?
യാസിർ എടപ്പാളിനു വേണ്ടിയായിരുന്നില്ലേ വിനുവും വാദിച്ചു കൊണ്ടിരുന്നത്? യാസിർ എടപ്പാൾ നിരന്തരം എഴുതി പ്രചരിപ്പിക്കുന്ന അശ്ലീല പോസ്റ്റുകളെ കുറിച്ചും അവയിലെ പദപ്രയോഗങ്ങളെ കുറിച്ചും സ്ത്രീവിരുദ്ധതയെക്കുറിച്ചും അറിയാതെയാണോ വിനു ആ ചർച്ച നടത്തിയത്? ഒരാൾക്കു വേണ്ടി ചർച്ച നടത്തുമ്പോൾ അയാളെ കുറിച്ചു മിനിമം ധാരണ പോലുമില്ലെങ്കിൽ, അതെന്തു തരം ജേണലിസമാണ്?
എൻറെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വിനു ഇതുവരെ വായിച്ചിട്ടില്ലെങ്കിൽ, ചുവടെ വായിക്കാം.
”മുസ്ലിം ലീഗ് പ്രവർത്തകൻ എന്നു സ്വയം അവകാശപ്പെടുന്ന യാസിർ എടപ്പാൾ ആണു രണ്ടു ദിവസമായി വാർത്തകളിൽ.
ഒരു ‘ചെറിയ’ ഫെയ്‌സ് ബുക്ക് പോസ്റ്റിൻറെ പേരിൽ മന്ത്രി കെ.ടി. ജലീലിൻറെ പീഡനം ഏറ്റുവാങ്ങുന്ന ഒരുവനായി പ്രമുഖ പത്രങ്ങളെല്ലാം ഒന്നാം പേജിലും പ്രമുഖ ചാനലുകളെല്ലാം പ്രൈം ടൈം ചർച്ചകളിലും യാസിർ എടപ്പാളിനെ അവതരിപ്പിക്കുകയുണ്ടായി.
ഗവൺമെൻറിനെ ആക്രമിക്കാൻ കിട്ടിയ അവസരമായതിനാൽ യാസിർ എടപ്പാളിനെ പത്രങ്ങളും ചാനലുകളും കോൺഗ്രസും ബി.ജെ.പിയും ഒക്കെ ഏറ്റെടുത്തു. അവരെ പ്രതിരോധിക്കാൻ സി.പി.എം. പ്രതിനിധികൾ ഉപയോഗിച്ചത് യാസിർ എടപ്പാളിൻറെ ഫെയ്‌സ് ബുക് പോസ്റ്റുകളും കമൻറുകളും വിഡിയോകളും ആണ്. കേട്ടാലറയ്ക്കുന്ന അശ്ലീലമായിരുന്നു എല്ലാം.
സ്വതന്ത്ര പത്രപ്രവർത്തകയായ സുനിത ദേവദാസിന് എതിരേയുള്ള അറപ്പ് ഉളവാക്കുന്ന ഫെയ്‌സ് ബുക് കമൻറുകൾ മിക്ക ചാനലുകളിലും അവർ ഉപയോഗിച്ചു.
ഏഷ്യാനെറ്റിലെ ചർച്ചയിൽ പങ്കെടുത്ത സി.പി.എം. പ്രതിനിധി അതിൽ ഒരു വരിയേ വായിച്ചുള്ളൂ. പക്ഷേ, വാർത്താവതാരകന് അത് ആഘാതമായി. അശ്ലീലം നിറഞ്ഞ കമൻറുകൾ വായിക്കാൻ തയ്യാറായ സി.പി.എം. പ്രതിനിധിയുടെ മാന്യതയില്ലായ്മയാണ് അതെഴുതിയ യാസിർ എടപ്പാളിൻറെ സാന്നിധ്യത്തേക്കാൾ അവതാരകനെ അലട്ടിയത്. അതുകൊണ്ട്, അദ്ദേഹം പിറ്റേന്ന് അതു സംബന്ധിച്ചു പ്രേക്ഷകരോടു മാപ്പു ചോദിച്ചു.
ഈ മാപ്പപേക്ഷയുടെ കാപട്യം വെളിപ്പെടുത്തുന്ന ഒരു വിഡിയോ സുനിത ദേവദാസ് പോസ്റ്റ് ചെയ്തു. വളരെ പ്രസക്തമായ ചോദ്യങ്ങളാണു സുനിത ഈ വിഡിയോയിൽ വാർത്താ അവതാരകൻ വിനു വി ജോണിനോടു ചോദിച്ചത്.
”ഏതോ ഒരു സ്ത്രീയെ ആരോ എഴുതിയ തെറിയൊന്നു വായിച്ചു കേട്ടപ്പോൾ കേരളം മുഴുവൻ ഞെട്ടിത്തെറിച്ചത്രേ. വേദനിച്ചത്രേ. അമ്പരന്നു പോയത്രേ. സംസ്‌കാരം തകർന്നടിഞ്ഞു പോയത്രേ. കേരളത്തിൽ ഇതു കേട്ട കുട്ടികൾ മുഴുവൻ വഴിതെറ്റിപ്പോയത്രേ. കുടുംബങ്ങളുടെ പവിത്രത ഇതു കേട്ടു നഷ്ടപ്പെട്ടത്രേ.
നിങ്ങളോർത്തു നോക്കൂ. ആരോ ആരെയോ വിളിച്ച തെറി കേട്ടിട്ടാണ് നിങ്ങൾക്ക് ഇത്രയും വികാരങ്ങൾ ഒന്നിച്ചു വന്നത്, അല്ലേ? അപ്പോൾ ആ തെറി കേട്ട സ്ത്രീയുടെ വേദന എത്ര വലുതായിരിക്കും? ആ ട്രോമ എത്ര വലുതായിരിക്കും? എന്നിട്ടും നിങ്ങളും ഏഷ്യാനെറ്റും ആ തെറി വിളിയുടെ ഒപ്പമാണു നിന്നത്. ആ ആഭാസനു വേണ്ടിയാണു നിങ്ങൾ മാപ്പു പറഞ്ഞതും അയാളെ സംരക്ഷിക്കാൻ നോക്കിയതും. കേരളത്തിൽ സൈബർ ആക്രമണത്തിനു നിരന്തരം വിധേയരായിക്കൊണ്ടിരിക്കുന്ന എത്രയോ സ്ത്രീകൾ ഇതൊക്കെ സ്വയം അനുഭവിച്ച്, സഹിച്ച് മിണ്ടാതിരിക്കണമെന്നാണോ നിങ്ങൾ ഇതിലൂടെ തരുന്ന സന്ദേശം? എന്നിട്ടു വേട്ടക്കാർ മുഴുവൻ പകൽ മാന്യൻമാരായി വിലസണം അല്ലേ? അവർക്കു ചാനലുകളിൽ ഇരിപ്പിടം, മികച്ച പേര്, പ്രശസ്തി…
യാസിർ എടപ്പാൾ പച്ചത്തെറി വിളിച്ച സ്ത്രീ ഞാനാണ്.”
ഈ സംഭവത്തിൽ ശ്രദ്ധേയമായ ചില സംഗതികളുണ്ട് :
തെറി വിളിച്ചതു യാസിർ എടപ്പാൾ.
തെറി കേട്ടതു സുനിത.
പക്ഷേ, ചാനലിനെ വേദനിപ്പിച്ചതു യാസിർ എടപ്പാൾ അല്ല.
അവതാരകൻ പ്രേക്ഷകരോടു ക്ഷമ ചോദിച്ചതു യാസിർ എടപ്പാളിനെ വിളിച്ചിരുത്തിയതിനല്ല.
തെറി എഴുതിയതിന് യാസിർ എടപ്പാളോ യാസിർ എടപ്പാളിനെ ഗവൺമെൻറ് പീഡിപ്പിക്കുന്നു എന്നു പരാതിപ്പെടുന്ന ബന്ധുമിത്രാദികളോ യാസിർ എടപ്പാളിനു വേണ്ടി വാദിക്കാൻ ചാനലിലെത്തിയ ആരെങ്കിലുമോ യാസിർ എടപ്പാൾ പ്രവർത്തിക്കുന്ന സംഘടനയുടെ നേതാക്കളോ ഇതുവരെ സുനിതയോടു മാപ്പു പറഞ്ഞിട്ടില്ല.8
അതിനു സാധ്യതയും ഇല്ല.
കാരണം, ഒരു സ്ത്രീയെ അതും വ്യത്യസ്തമായ രാഷ്ട്രീയ നിലപാടു വച്ചു പുലർത്തുന്ന ഒരുവളെ തെറി വിളിക്കുന്നതിനെ അതിക്രമമായി അംഗീകരിക്കാനോ യാസിർ എടപ്പാളിനെ തിരുത്താനോ ഈ നാട്ടിൽ ആരെങ്കിലും തയ്യാറാകുമെന്നു പ്രതീക്ഷിക്കാൻ വയ്യ. സ്ത്രീവിരുദ്ധതയുടെ കാര്യത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും കണക്കാണ്.
ഇനി ഈ സംഭവവും ഞാനുമായി എന്താണു ബന്ധം?
സുനിതയ്ക്ക് അശ്ലീലം കേൾക്കേണ്ടി വന്നത് എന്നെ അനുകൂലിച്ച് ഒരു പോസ്റ്റ് ഇട്ടതു കൊണ്ടാണ്.
ഇന്നലെ സുനിതയുടെ മറ്റൊരു വിഡിയോയിലൂടെയാണ് ഈ വിവരം ഞാൻ അറിഞ്ഞതെങ്കിലും.
എനിക്കു നേരെ സൈബർ അബ്യൂസ് അഴിച്ചു വിടാൻ തൃത്താല എം.എൽ.എ. അണികളോട് ആഹ്വാനം ചെയ്തപ്പോൾ സുനിത എന്നെ അനുകൂലിച്ച് ഒരു പോസ്റ്റ് എഴുതുകയുണ്ടായി.
ആ പോസ്റ്റിനു താഴെയാണ് യാസിർ എടപ്പാൾ സുനിതയെ കുറിച്ച് അറപ്പ് ഉളവാക്കുന്ന അശ്ലീലം എഴുതിയത്. ‘അക്ഷരം തെറ്റരുത്’ എന്ന് എം.എൽ.എ. അണികളോട് ആഹ്വാനം ചെയ്തത് അതേപടി യാസിർ എടപ്പാളിൻറെ കമൻറിൽ വായിക്കാം.
അതായത്, സുനിതയോട് മാപ്പു ചോദിക്കേണ്ടതു യാസിർ എടപ്പാൾ മാത്രമല്ല, തൃത്താല എം.എൽ.എ. കൂടിയാണ്.
പക്ഷേ ക്ഷമാപണം പ്രതീക്ഷിക്കുന്നതു വിഡ്ഢിത്തമാണ്.
അതുകൊണ്ട്, സുനിതയോടു ഞാൻ ക്ഷമ ചോദിക്കുന്നു.
കൂടുതൽ കരുത്തും കൂടുതൽ സന്തോഷവും നേരുന്നു.”