play-sharp-fill
‘അരുവിത്തുറ എന്ന സ്ഥലമുണ്ടോ?; ഈരാറ്റുപേട്ട എന്നാണ് സ്ഥലപ്പേര്; അങ്ങനെ പറയണം’; വന്ധ്യത ക്യാമ്പിനെ പറ്റി അറിയിക്കാന്‍ വിളിച്ച നഴ്‌സിനോട് അഹങ്കാരം പറഞ്ഞ കൗണ്‍സിലര്‍ക്ക് സസ്‌പെന്‍ഷന്‍; അവിശ്വാസത്തിന് എസ്ഡിപിഐ പിന്തുണ സ്വീകരിച്ച നേതാക്കളെ തരംതാഴ്‌ത്തി തിരുത്തൽ നടപടിയുമായി ഈരാറ്റുപേട്ടയില്‍ സിപിഎം

‘അരുവിത്തുറ എന്ന സ്ഥലമുണ്ടോ?; ഈരാറ്റുപേട്ട എന്നാണ് സ്ഥലപ്പേര്; അങ്ങനെ പറയണം’; വന്ധ്യത ക്യാമ്പിനെ പറ്റി അറിയിക്കാന്‍ വിളിച്ച നഴ്‌സിനോട് അഹങ്കാരം പറഞ്ഞ കൗണ്‍സിലര്‍ക്ക് സസ്‌പെന്‍ഷന്‍; അവിശ്വാസത്തിന് എസ്ഡിപിഐ പിന്തുണ സ്വീകരിച്ച നേതാക്കളെ തരംതാഴ്‌ത്തി തിരുത്തൽ നടപടിയുമായി ഈരാറ്റുപേട്ടയില്‍ സിപിഎം

സ്വന്തം ലേഖിക

കോട്ടയം: അവിശ്വാസ പ്രമേയത്തില്‍ എസ്ഡിപിഐ പിന്തുണച്ച സ്വീകരിച്ച സംഭവത്തിൽ ഈരാറ്റുപേട്ടയില്‍ സിപിഎം നടപടി.


ലോക്കല്‍ സെക്രട്ടറി കെ എം ബഷീറിനെയും ഏരിയ കമ്മിറ്റി അംഗം എം എച്ച്‌ ഷനീറിനേയും തരംതാഴ്‌ത്തി. എസ്ഡിപിഐ പിന്തുണയില്ലാതെ വിജയിക്കില്ലെന്ന് വ്യക്തമായിട്ടും അവിശ്വാസവുമായി മുന്നോട്ട് പോയത് പാര്‍ട്ടിക്ക് അവമതിപ്പായി എന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ നീക്കം എസ്ഡിപിഐ സിപിഎം ബന്ധമെന്ന ആരോപണം ഉയരുന്നതിനും കാരണമായി എന്നും ആക്ഷേപമുണ്ട്.

എന്നാൽ ഫോണ്‍വിളി വിവാദത്തില്‍ ഈരാറ്റുപേട്ട ലോക്കല്‍ കമ്മിറ്റി അംഗത്തെ സസ്‌പെന്റ് ചെയ്തു. ഈരാറ്റുപേട്ട നഗരസഭാ കൗണ്‍സിലര്‍ അനസ് പാറയിലിനെതിരെയാണ് നടപടി.

മൂന്ന് മാസത്തേക്കാണ് സസ്‌പെന്‍ഷന്‍. വര്‍ഗീയ പരാമര്‍ശം അടങ്ങുന്ന ഫോണ്‍വിളി വിവാദമാണ് അനസിനെതിരായ നടപടിക്ക് കാരണം. നടപടിക്ക് ജില്ലാ സെക്രട്ടറിയേറ്റ് അംഗീകാരം നല്‍കി.

സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് ഈ തീരുമാനമെല്ലാം. സൗജന്യ വന്ധ്യത ക്യാമ്പ് സംബന്ധിച്ച വിവരം അറിയിക്കാന്‍ ഫോണില്‍ വിളിച്ചപ്പോള്‍ അരുവിത്തുറ എന്ന സ്ഥലപ്പേര് പറഞ്ഞതിന് നഴ്‌സിനോട് കയര്‍ത്തത് ഈരാറ്റുപേട്ട നഗരസഭ സിപിഎം കൗണ്‍സിലര്‍ അനസ് പാറയില്‍ ആയിരുന്നു.

കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്ലിസ് ഫെര്‍ട്ടിലിറ്റി ക്ലിനിക് അരുവിത്തുറ പള്ളിക്കു സമീപമുള്ള കിസികോ ഡയഗ്നോസ്റ്റിക് സെന്റര്‍ മുഖേന നടത്തുന്ന ക്യാമ്പിനെ സംബന്ധിച്ചു അറിയിക്കാനാണ് നഴ്സ് ഫോണില്‍ വിളിച്ചത്. ക്യാമ്പ് നടക്കുന്ന സ്ഥലത്തിന്റെ പേര് അരുവിത്തുറയാണ് എന്ന് പറഞ്ഞതാണ് സിപിഎം കൗണ്‍സിലറെ ചൊടിപ്പിച്ചത്.

അരുവിത്തുറ എന്ന സ്ഥലമുണ്ടോ എന്നും ഈരാറ്റുപേട്ട എന്നാണ് സ്ഥലപ്പേരെന്നും വര്‍ഗീയത പറയുകയാണെന്നു കരുതേണ്ടെന്നും അനസ് പാറയില്‍ വിളിച്ച നഴ്‌സിനോട് പറയുന്നുണ്ട്. ക്യാമ്പ് സംഘടിപ്പിക്കുന്ന സ്ഥലത്തേക്കുറിച്ച്‌ നഴ്സ് വ്യക്തമാക്കുമ്പോഴും സ്ഥലപ്പേരിന്റെ പേരില്‍ തകര്‍ക്കം തുടരുകയാണ് സംഭാഷണത്തില്‍ ഉടനീളം കൗണ്‍സിലര്‍.
ഇതില്‍ വര്‍ഗ്ഗീയതയുണ്ടെന്ന് പാർട്ടി തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് നടപടി.

ഈ ഓഡിയോ വിവാദമായിരുന്നു. വൈറലായ ഓഡിയോ സിപിഎമ്മിന്റേയും ശ്രദ്ധയില്‍ പെട്ടു. ഈരാറ്റുപേട്ട എന്ന സ്ഥലത്തുള്ള ഒരു ഭാഗം മാത്രമാണ് അരുവിത്തുറ എന്ന് തന്റെ വാദഗതിയില്‍ കൗണ്‍സിലര്‍ ഉന്നയിക്കുന്നു. കോട്ടയം എന്ന നഗരമല്ലെ പറയു, അല്ലാതെ നാഗമ്പടം എന്ന് പറയില്ലല്ലോ എന്നാണ് ഇതിന് ഉദാഹരണമായി കൗണ്‍സിലര്‍ പറയുന്നത്. കോട്ടയം നാഗമ്പടം എന്നല്ലെ പറയേണ്ടത് എന്ന് ചോദിക്കുന്നു.

പ്രദേശവാസിയല്ലാത്ത നഴ്സ് പ്രദേശവാസികള്‍ക്ക് ഉപകാരപ്രദമായ ഒരു മെഡിക്കല്‍ ക്യാമ്പിന്റെ കാര്യം അറിയിക്കാന്‍ വിളിക്കുമ്പോഴാണ് സ്ഥലത്തിന്റെ പേരില്‍ ഈ വാദമുഖങ്ങള്‍ കൗണ്‍സിലര്‍ ഉന്നയിക്കുന്നത് എന്നതും വിചിത്രമാണ്. അരുവിത്തുറ എന്ന സ്ഥലപ്പേരില്‍ പ്രദേശം അറിയപ്പെടുന്നതിലുള്ള അസഹിഷ്ണുതയാണ് തന്റെ സംഭാഷണത്തില്‍ ഉടനീളം സിപിഎം കൗണ്‍സിലര്‍ തുറന്നുപറയുന്നത്.

അരുവിത്തുറയിലും ഈരാറ്റുപേട്ടയിലും പ്രത്യേകം പോസ്റ്റ് ഓഫീസുകളും പോസ്റ്റ് ഓഫീസുകള്‍ക്ക് വ്യത്യസ്ത പിന്‍കോഡുകളും ഉണ്ട് എന്നതിനാല്‍ രണ്ടും വ്യത്യസ്ത പ്രദേശങ്ങളാണ് എന്ന് വ്യക്തമാണ്. അനസ് പാറയലിന്റെ അഡ്രസില്‍ പോലും അരുവിത്തുറ എന്നാണ് ഔദ്യോഗികമായി ചേര്‍ത്തിട്ടുള്ളത്. പ്രസിദ്ധമായ ക്രൈസ്തവ പള്ളിയായ സെന്റ് ജോര്‍ജ് പള്ളിയെ അരുവിത്തുറ പള്ളിയെന്നാണ് അറിയപ്പെടുന്നത്.

ഇതില്‍ അസഹിഷ്ണുത പൂണ്ട എസ്ഡിപിഐ സംഘമാണ് ഇപ്പോള്‍ അരുവിത്തുറ എന്ന സ്ഥലപ്പേര് ഇല്ലാതാക്കി എല്ലാം ഈരാറ്റുപേട്ടയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നത്. ഇതേ നിലപാടാണ് മതേതരത്വം അവകാശപ്പെടുന്ന സിപിഎമ്മിന്റെ കൗണ്‍സിലറും സ്വീകരിച്ചത്. ഇത് പാര്‍ട്ടി അംഗീകരിക്കില്ല.

അരുവിത്തുറ എന്ന പേര് പോസ്റ്ററില്‍ ഉണ്ടെങ്കില്‍ വാര്‍ഡ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യില്ല ഈരാറ്റുപേട്ട ആണെങ്കില്‍ ഷെയര്‍ ചെയ്യാമെന്നാണ് നഴ്‌സിനോട് പറയുന്നത്. ഇതിനെതിരേ ക്രൈസ്തവ വിഭാഗത്തില്‍ നിന്ന് വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ക്രൈസ്തവര്‍ ഏറെയുണ്ടായിരുന്ന അരുവിത്തുറ പ്രദേശത്ത് ഇപ്പോള്‍ മുസ്ലിം സമുദായ അംഗങ്ങള്‍ കൂടുതലായി താമസിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അരുവിത്തുറ എന്ന പേരു പോലും മാറ്റാന്‍ നീക്കം നടക്കുന്നതെന്ന് നാട്ടുകാരും ആരോപിച്ചത്.

തെക്കേക്കരയില്‍ കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാനെത്തിയ പൊലീസിനെ ആക്രമിച്ച കേസിലെ പ്രതി കൂടിയാണ് ഈ സിപിഎം കൗണ്‍സിലര്‍. പൊലീസ് ഉള്‍പ്പെടെ 2 പേര്‍ക്ക് പരുക്കേറ്റിരുന്നു. കൗണ്‍സിലര്‍മാരായ അനസ് പാറയില്‍, അന്‍സര്‍ പുള്ളോലില്‍ എന്നിവര്‍ ഉള്‍പ്പെടെ 15 പേര്‍ക്കെതിരെ അന്ന് കേസെടുത്തിരുന്നു.