കോട്ടയം ജില്ലയിൽ നിന്നും കാപ്പ ചുമത്തി നാടുകടത്തിയയാൾ അരൂരിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടു; യുവാവിനെ കൊലപ്പെടുത്തിയത് കമ്പിപ്പാര ഉപയോഗിച്ച് : ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടത് കോട്ടയം സ്വദേശി
അരൂർ: കോട്ടയത്തെ കാപ്പാ കേസ് പ്രതി എരമല്ലൂരില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത. കോട്ടയം തിരുവഞ്ചൂര്‍ സ്വദേശി ജയകൃഷ്ണന്‍ (26) ആണ് കൊല്ലപ്പെട്ടത്.
എരമല്ലൂര്‍ കിഴക്കുഭാഗത്ത് പ്രവര്‍ത്തിക്കുന്ന പൊറോട്ട കമ്പനിയോട് ചേര്‍ന്ന് ജീവനക്കാര്‍ താമസിക്കുന്ന മുറിയില്‍ ആയിരുന്നു മൃതദേഹം. കൊലപാതക വിവരം പുറത്തറിഞ്ഞപ്പോഴേക്കും ഒപ്പമുണ്ടായിരുന്ന സഹായി രക്ഷപെട്ടിരുന്നു. ഇയാളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് നിഗമനം. ഗുണ്ടാ കുടിപ്പകയാകാം കൊലയ്ക്ക് കാരണമെന്നും വിലയിരുത്തലുണ്ട്.
മൃതദേഹത്തിന് സമീപത്തുനിന്ന് തേങ്ങ പൊതിക്കുന്ന ഇരുമ്പ് പാര കണ്ടെത്തി. ഇതുകൊണ്ട് കുത്തിയും അടിച്ചുമാണ് കൊലപാതകം നടത്തിയത് എന്നാണ് പ്രാഥമിക നിഗമനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊറോട്ട കമ്പനിയിൽ നിന്നും പൊറോട്ട ശേഖരിക്കാനായി ജയകൃഷ്ണന്‍ വെള്ളിയാഴ്ച അര്‍ധരാത്രി തന്റെ വാഹനവുമായി എത്തി. വാഹനം പാര്‍ക്ക് ചെയ്തതിനുശേഷം സമീപത്തെ ജീവനക്കാരുടെ മുറിയില്‍ വിശ്രമിക്കാന്‍ പോയി. ശനിയാഴ്ച രാവിലെ പൊറോട്ട കമ്പനിയിലെ തൊഴിലാളികള്‍ ജോലിക്ക് എത്തിയപ്പോഴാണ് മൃതദേഹം കാണുന്നത്. സംഭവത്തിൽ അരൂര്‍ പോലീസ് അന്വേഷണം തുടങ്ങി.
രാത്രി തൊഴിലാളികള്‍ താമസിക്കുന്നയിടത്ത് ഉറങ്ങിയ ശേഷം പുലര്‍ച്ചെ വാഹനത്തില്‍ പൊറോട്ടയുമായി പോവുകയായിരുന്നു പതിവ്. ഇത് മനസ്സിലാക്കിയാണ് കൊലയെന്നാണ് സൂചന.കൊല്ലപ്പെട്ട ജയകൃഷ്ണന് ഗാന്ധിനഗര്‍,മണര്‍കാട്, കോട്ടയം ഈസ്റ്റ്, കോട്ടയം വെസ്റ്റ്, കുമരകം, കടുത്തുരുത്തി, ഏറ്റുമാനൂര്‍ എന്നീ സ്റ്റേഷനുകളില്‍ അടിപിടി, കൊലപാതകശ്രമം, സ്ത്രീകളോട് അപമര്യാദയായി പെരുമാറുക, കവര്‍ച്ച, മോഷണം, കഞ്ചാവ് വില്‍പ്പന തുടങ്ങിയ കേസുകളുണ്ടായിരുന്നു. കാപ്പ നിയമ പ്രകാരമാണ് കോട്ടയത്ത് നിന്നും ഇയാളെ നാടു കടത്തിയത്.