മക്കളെ ആയുധം താഴെ വയ്ക്കൂ; ഇല്ലെങ്കിൽ അമ്മമാർ കരയും: തീവ്രവാദികൾക്ക് അന്ത്യശാസനവുമായി സൈന്യം: ഇനി ഉന്മൂലനത്തിലേയ്ക്ക് കടന്ന് പട്ടാളം; പാക്കിസ്ഥാനികൾ രാജ്യം വിടാൻ നിർദേശം

മക്കളെ ആയുധം താഴെ വയ്ക്കൂ; ഇല്ലെങ്കിൽ അമ്മമാർ കരയും: തീവ്രവാദികൾക്ക് അന്ത്യശാസനവുമായി സൈന്യം: ഇനി ഉന്മൂലനത്തിലേയ്ക്ക് കടന്ന് പട്ടാളം; പാക്കിസ്ഥാനികൾ രാജ്യം വിടാൻ നിർദേശം

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പുൽവാമയിൽ രാജ്യത്തിന്റെ വീരപുത്രന്മാരായ 40 പേർ കൊല്ലപ്പെട്ടതിനു പിന്നാലെ അന്ത്യശാസനവുമായി സൈന്യം. തീവ്രവാദികളായ മക്കളോട് ആയുധം താഴെ വയ്ക്കാൻ അമ്മമാർ അഭ്യർത്ഥിക്കണമെന്നും ഇല്ലെങ്കിൽ തങ്ങൾ അവരെ കൊല്ലുമെന്നുമാണ് സൈന്യത്തിന്റെ ഭീഷണി. കാശ്മീരിൽ തമ്പടിച്ച് ഇന്ത്യയ്ക്ക് നേരെ ആക്രമണത്തിനു തന്ത്രം മെനഞ്ഞിരുന്ന ജെയ്‌ഷേ മുഹമ്മദ് തീവ്രവാദികളുടെ നേതൃത്വത്തെ പൂർണമായും ഇല്ലാതാക്കിയ ശേഷമാണ് സൈന്യം ഇപ്പോൾ ഇത്തരത്തിൽ ഒരു നിലപാട് സ്വീകരിച്ചിരിക്കുന്നത്. ആക്രമണം നടന്ന് നൂറ് മണിക്കൂറിനകമാണ് ജെയ്‌ഷേ മുഹമ്മദിന്റെ കാശ്മീർ നേതൃത്വത്തെ സൈന്യം പൂർണമായും ഇല്ലായ്മ ചെയ്തിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ നൽകുന്ന സൂചന.
കരസേനയുടെ ചിന്നാർ കോറിന്റെ കമാൻഡർ ലഫ്.ജനറൽ കൻവൽ ജീത് സിംഗ് ധില്ലനാണ് രാജ്യത്തെ ആക്രമിക്കാൻ അതിർത്തിയിൽ കോപ്പ് കൂട്ടുന്ന ഭീകരർക്ക് മുന്നറിയിപ്പ് നൽകിയത്. ആയുധങ്ങൾ അതിർത്തിയിൽ കൂട്ടുന്നത് കൊള്ളാം പക്ഷേ, അതുമായി ഇന്ത്യയെ ആക്രമിക്കാൻ എത്തിയാൽ ശവമായി മാത്രമേ തിരികെ പോകാനാവു എന്നതാണ് ഇദ്ദേഹം തീവ്രവാദികൾക്ക് നൽകുന്ന മുന്നറിയിപ്പ്. രാജ്യത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുകയാണ് തങ്ങളുടെ ലക്ഷ്യം. അതുകൊണ്ടു തന്നെ ആയുധവുമായി എത്തുന്ന ഒറ്റ തീവ്രവാദിയും ജീവനോടെ കാശ്മീരിൽ നിന്നും തിരികെ പോകില്ലെന്നും ഇദ്ദേഹം ഭീഷണി മുഴക്കുന്നു.
കാശ്മീരിൽ തോക്കെടുക്കുന്നവർക്ക് കീഴടങ്ങാൻ അവസരം ഉണ്ട്. ഇതിനു തയ്യാറാകാതെ തോക്കുമായി സൈന്യത്തെയും സാധാരണക്കാരെയും ആക്രമിക്കാനാണ് വരുന്നതെങ്കിൽ ജീവനോടെ ഇവരാരും ബാക്കിയുണ്ടാകില്ല. അമ്മമാരുടെ കണ്ണീർ ലക്ഷ്യമിടുന്നവർക്ക് രാജ്യത്തേയ്ക്ക് യുദ്ധത്തിനായി വരാമെന്നും ഇദ്ദേഹം പറയുന്നു. കാശ്മീരിൽ ജീവിച്ച് രാജ്യത്തിനെതിരെ യുദ്ധത്തിനെത്തുന്നവരോടൊണ് ഇദ്ദേഹത്തിന്റെ ഈ ഭീഷണി. കാശ്മീരിലെ അമ്മമാർക്ക് ഈ യുദ്ധത്തിനെതിരെ ഒരു പാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കും. ഭീകര സംഘടനയിൽ ചേരുന്ന മക്കളോട് കീഴടങ്ങാനും, മുഖ്യ ധാരയിലേയ്ക്ക് മടങ്ങിയെത്താനും അമ്മമാർ അപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇതിനിടെ വരുന്ന 48 മണിക്കൂറിനുള്ളിൽ
പാക് പൗരന്മാർ നഗരം വിടണമെന്ന് രാജസ്ഥാനിലെ ബിക്കാനിറിൽ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടു. പുൽവാമയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
ബിക്കാനിർ പ്രദേശിക ഭരണകൂടം സിആർപിസി 144 -ാം വകുപ്പ് പ്രകാരം നിരവധി നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
പാക് പൗരന്മാർക്ക് താമസസൗകര്യം നൽകരുതെന്ന് ജില്ലയിലെ ഹോട്ടലുകൾക്കു ലോഡ്ജുകൾക്കും നിർദേശം നൽകി. പാകിസ്ഥാനികൾക്ക് തൊഴിൽ നൽകരുത്. അയൽരാജ്യവുമായി നേരിട്ടോ അല്ലാതെയോ യാതൊരു വ്യാപാര പങ്കാളിത്തവും പാടില്ലെന്നും ഉത്തരവിൽ പറയുന്നു.
അപരിചിതരുമായി യാതൊരു വ്യാപാര പങ്കാളിത്തവും പാടില്ലെന്നും ഉത്തരവ് ചൂണ്ടിക്കാട്ടുന്നു. പാകിസ്ഥാനിൽ രജിസ്റ്റർ ചെയ്ത സിം കാർഡുകൾ ബിക്കാനിർ ജില്ലയിൽ ഉപയോഗിക്കുന്നതിനും കർശന വിലക്കുണ്ട്. രണ്ട് മാസത്തേയ്ക്കാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.