അരിക്കൊമ്പന്‍ വിഷയം: കോടതി ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്;  സര്‍ക്കാര്‍ പുനപ്പരിശോധനാ ഹര്‍ജി നല്‍കില്ലെന്ന് വനം മന്ത്രി

അരിക്കൊമ്പന്‍ വിഷയം: കോടതി ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്; സര്‍ക്കാര്‍ പുനപ്പരിശോധനാ ഹര്‍ജി നല്‍കില്ലെന്ന് വനം മന്ത്രി

സ്വന്തം ലേഖിക

തൃശ്ശൂര്‍: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിനെതിരെ സര്‍ക്കാര്‍ പുനപരിശോധന ഹര്‍ജി നല്‍കില്ലെന്ന് സംസ്ഥാന വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍.

കോടതി ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. ആനയെ മറ്റൊരു കാട്ടിലേക്ക് വിടുന്നതിനോട് സര്‍ക്കാരിന് യോജിപ്പില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനകീയ സമരം കൊണ്ട് കോടതി വിധിയില്‍ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം തൃശ്ശൂരില്‍ പറഞ്ഞു. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള ഉത്തരവ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് നെന്മാറ എംഎല്‍എ കെ.ബാബു ഇന്ന് ഹൈക്കോടതിയെ സമീപിക്കും.

പറമ്പിക്കുളത്തെ ഊരുമൂപ്പന്‍മാരും ഹര്‍ജി നല്‍കും. പറമ്പിക്കുളത്തും മുതലമടയിലും പ്രതിഷേധ സമരങ്ങള്‍ തുടരുകയാണ്.

അതേസമയം ആനയെ മയക്കു വെടിവെച്ച്‌ പിടികൂടാനുളള ദൗത്യം ഇനിയും വൈകുമെന്നാണ് വിവരം. ആനയ്ക്ക് ഘടിപ്പിക്കേണ്ട ജിപിഎസ് കോളര്‍ എത്താത്തതാണ് നടപടികള്‍ വൈകാന്‍ കാരണം.

ചൊവ്വാഴ്ച മയക്കു വെടി വയ്ക്കാനായിരുന്നു ആലോചന. അരിക്കൊമ്പനായി വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെയും അസം വനം വകുപ്പിന്‍റെയും കൈവശമുള്ള ജിപിഎസ് കോളര്‍ എത്തിക്കാനാണ് സംസ്ഥാന വനം വകുപ്പ് ശ്രമങ്ങള്‍ നടത്തുന്നത്.