വിഷപ്പേടി ; കേരളത്തിൽ അരളിപ്പൂവിന്റെ വിലയും വില്പനയും ഇടിയുന്നു ; തെറ്റിപ്പൂവിന്റെ വില ഉയരുമെന്ന് വ്യാപാരികൾ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വിഷപ്പേടിയെ തുടർന്ന് കേരളത്തിൽ അരളിപ്പൂവിന്റെ വിലയും വില്പനയും ഇടിയുന്നു. വിദേശ യാത്രക്കിറങ്ങിയ ആലപ്പുഴ സ്വദേശിനി അരളിപ്പൂ കഴിച്ച് മരിച്ചതിന് പിന്നാലെ ആളുകൾ പൂ വാങ്ങാൻ മടിക്കുകയാണെന്ന് കേരളത്തിലെ പ്രമുഖ മാർക്കറ്റുകളിലെ വ്യാപാരികൾ പറഞ്ഞു. അതേസമയം ദേവസ്വം ബോർഡുകൾ അരളിപ്പൂ വിലക്കിയിട്ടില്ല.
വില്പന ഇടിഞ്ഞതോടെ വാങ്ങുന്ന പൂവിന്റെ അളവും വ്യാപാരികൾ കുറച്ചു. വരുംദിവസങ്ങളിലും വില്പന കുറയാനാണ് സാദ്ധ്യതയെന്ന് വ്യാപാരികൾ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവനന്തപുരം ചാല മാർക്കറ്റിൽ ഇന്നലെ ഭൂരിഭാഗം കടകളിലും അരളിപ്പൂ വില്പന കുറവായിരുന്നു. ദിവസവും 15 – 20 കിലോയുടെ വ്യാപാരം നടന്നിരുന്നു. എന്നാൽ ഇപ്പോൾ ഒരു കിലോ പോലും വിൽക്കാത്ത കടകളുണ്ട്. 20 കിലോ പൂവ് വിൽക്കാനെടുക്കുന്ന കടക്കാർ അഞ്ച് – ആറ് കിലോയായി കുറച്ചു. ചില കടകളിൽ തലേന്നത്തെ സ്റ്റോക്കാണ് ഇന്നലെ വിൽപ്പനയ്ക്ക് വച്ചത്. പൂജകൾക്ക് പുറമേ ശവസംസ്‌കാര ചടങ്ങുകൾ, ഗൃഹപ്രവേശം, വിവാഹാവശ്യങ്ങൾ എന്നിവയ്ക്കൊക്കെ ഉപയോഗിക്കുന്നതാണ് അരളിപ്പൂവ്.
തോവാള, തിരുച്ചിറപ്പള്ളി, മധുര, തോവാള എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് അരളിപ്പൂവെത്തുന്നത്. പിങ്ക് പൂവിന് 300ഉം ചുവപ്പിന് 350 വെളുപ്പിന് 400 രൂപയാണ് സാധാരണ വില. കൊച്ചിയിലും വില്പന കുറഞ്ഞിട്ടുണ്ട്.
തെറ്റിപ്പൂ കുതിക്കും
അരളിപ്പൂ വില്പന ഇടിയുന്നതോടെ തെറ്റിപ്പൂവിന്റെ വില ഉയരുമെന്ന് വ്യാപാരികൾ പറഞ്ഞു. മുൻപ് തെറ്റിപ്പൂവും തുളസിയും വാങ്ങിയിരുന്ന പൂജകളിൽ പലതിനും കുറേക്കാലമായി അരളിയായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാൽ വടക്കൻമേഖലകളിൽ നിന്നുള്ള തന്ത്രിമാരിൽ ഭൂരിഭാഗവും പൂജയ്ക്ക് ഇപ്പോഴും തെറ്റിപ്പൂവും തുളസിയിലയുമാണ് തിരഞ്ഞെടുക്കുന്നതെന്നും കച്ചവടക്കാർ പറയുന്നു.