കോവിഡ് കാലത്ത് കാണാതായി; കാണാതാകുന്നതിന് മുൻപ് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരുന്തുംപാറയും ഗ്രാമ്പിയും; അഞ്ജുവിനും സെല്‍വനും വേണ്ടി പരുന്തുംപാറയില്‍ 800 അടി താഴ്ചയില്‍ തെരച്ചില്‍
സ്വന്തം ലേഖിക
പരുന്തുംപാറ: ഇടുക്കി പീരുമേട്ടില്‍ നിന്നും കോവിഡ് കാലത്ത് കാണാതായ യുവാവിനെയും യുവതിയെയും കണ്ടെത്താന്‍ പരുന്തും പാറയില്‍ 800 അടി താഴ്ചയില്‍ തെരച്ചില്‍.
കുട്ടിക്കാനത്തുള്ള കെഎപി അഞ്ചാം ബറ്റാലിയനിലെ ഹൈ ആള്‍ട്ടിറ്റ്യൂഡ് റസ്ക്യൂ ടീമിന്‍റെ നേതൃത്വത്തിലായിരുന്നു തെരച്ചില്‍ നടന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2020 മെയ് 18 നാണ് പീരുമേട് കച്ചേരിക്കുന്ന് രണ്ടാനിക്കല്‍ മുരളീധരന്‍റെ ഭാര്യ അജ്ഞുവിനെയും പീരുമേട് ആറ്റോരം ശ്രീകൃഷ്ണവിലാസത്തില്‍ സെല്‍വനെയും കാണാതായത്. പീരുമേട്ടിലെ ടാക്സി ഡ്രൈവറായിരുന്ന സെല്‍വനും അഞുജുവും സ്നേഹത്തിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ നേരത്തെ വിശദമാക്കിയിരുന്നു.
പീരുമേടിന് സമീപമുള്ള പരുന്തുംപാറ വിനോദ സഞ്ചാര കേന്ദ്രത്തില്‍ ഇരുവരും എത്തിയതായി പൊലീസിന് സൂചന ലഭിച്ചിരുന്നു. ഇതിന് പിന്നാലെ സെല്‍വന്‍റെ കാര്‍ ഗ്രാമ്പിയില്‍ നിന്നും കണ്ടെത്തിയിരുന്നു.
ഇവരെ കണ്ടെത്താന്‍ പൊലീസ് സംസ്ഥാനം മുഴുവന്‍ തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇരുവരും ജീവിച്ചിരിക്കുന്നതായുള്ള സൂചനകളൊന്നും കിട്ടാതെ വന്നതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം മരവിച്ചിരുന്നു. പീരുമേട് ഡി വൈ എസ് പി യായി ജെ കുര്യാക്കോസ് എത്തിയതോടെ അന്വേഷണം പുനരാരംഭിക്കുകയായിരുന്നു.
കാണാതാകുന്നതിനു മുൻപ് രണ്ടു പേരുടെയും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരുന്തുംപാറയും ഗ്രാമ്പിയുമാണെന്ന് കണ്ടെത്തിയിരുന്നു. ഇതോടെ ഇരുവരും പരുന്തുംപാറയിലെ കൊക്കയില്‍ വീഴുകയോ ചാടുകയോ ചെയ്തിരിക്കാമെന്ന് സംശയമുയര്‍ന്നിരുന്നു. ഇത് സ്ഥിരീകരിക്കാനാണ് 800 അടി താഴ്ചയില്‍ ഇറങ്ങി ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പരിശോധന നടത്തിയത്.
പാറയില്‍ വടം കെട്ടിയാണ് തിരച്ചില്‍ സംഘം കൊക്കയില്‍ ഇറങ്ങിയത്. എന്നാല്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.