പല രൂപത്തിലെത്തുന്ന നടൻ; വെള്ളിത്തിരിയില്‍ വിസ്‍മയങ്ങള്‍ കാഴ്‍ചവെച്ച അനില്‍ നെടുമങ്ങാട് ഓർമയായിട്ട് ഒരു വർഷം
സ്വന്തം ലേഖകൻ
ചിരിച്ചും ചിരിപ്പിച്ചും വെള്ളിത്തിരിയില്‍ വിസ്‍മയങ്ങള്‍ കാഴ്‍ചവച്ചും മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടൻ അനില്‍ നെടുമങ്ങാട് ഓർമയായിട്ട് ഇന്നലെ ഒരു വർഷം. അപ്രതീക്ഷിതമായിരുന്നു അനിലിന്റെ വിയോഗം. ലോകം ക്രിസ്‍മസ് ആഘോഷത്തിലായിരിക്കേ കേരളത്തെ കണ്ണീരിലാക്കി കടന്നുപോകുകയായിരുന്നു അനില്‍ നെടുമങ്ങാട്.
തൊടുപുഴ മലങ്കര ഡാമിൽ വച്ചാണ് അനിൽ പി നെടുമങ്ങാട് മുങ്ങിമരിച്ചത്. സ്കൂൾ ഓഫ് ഡ്രാമയിലെ ബിരുദത്തിൽ നിന്നും ടെലിവിഷനിലെ ചിരി പ്രേക്ഷകരുടെ ഇടയിലേക്ക് അനിൽ വളർന്നു.സ്വാഭാവികമായും അനിലിൽ നിന്നും എല്ലാവരും പ്രതീക്ഷിച്ച ഹാസ്യ കഥാപാത്രങ്ങൾ ഒന്നും ചെയ്യാതെ മറ്റൊരു അഭിനയതലവുമായി അനിൽ എല്ലാവരെയും ഞെട്ടിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇടയ്ക്കിടയ്ക്ക് നാടകത്തിലെ വളരെ പ്രധാനമായ കഥാപാത്രങ്ങളെ പകർന്നാടി ഞാൻ ഇവിടെയുമുണ്ട് എന്നോര്മിപ്പിച്ചു. ഒറ്റ നിമിഷം കൊണ്ട് ഒരു ഗ്രൂപ്പിനെ കയ്യിലെടുക്കുന്ന രസികൻ നമ്പറിലേക്കും അവിടെനിന്നും ഗഹനമായ ചലച്ചിത്ര സംവാദങ്ങളിലേക്കും അനിൽ കൂടുമാറും.
പല രൂപത്തിലെത്തുന്ന ഒരു നടൻ, പല രൂപത്തിലെത്തുന്ന ഒരു സുഹൃത്ത് അതായിരുന്നു അനിൽ നെടുമങ്ങാട്. സുഹൃത്തുക്കൾക്കിടയിൽ അലസമായി തമാശകൾ പറഞ്ഞ് വലിയ പൊട്ടിച്ചിരികൾ ഉണ്ടാക്കുകയും ആ ചിരിയുടെ ഒരു അറ്റത്തുനിന്നും കലഹത്തിന് മറുകരയിലേക്ക് പെട്ടെന്ന് എത്തുകയും ചെയ്തിരുന്ന അനിൽ. സുഹൃത്തുക്കൾക്കൊപ്പം ആർത്തട്ടഹസിക്കുന്ന അനിലിന് കണ്ണുനീരിന്റെയും സങ്കടത്തിന്റെയും ലോകത്തിലേക്ക് കടക്കാൻ വലിയ സമയമൊന്നും വേണ്ടിയിരുന്നില്ല എന്ന് അടുത്ത സുഹൃത്തുക്കളുടെ സാക്ഷ്യം.
ചലച്ചിത്രലോകത്തും സഹപ്രവർത്തകർക്കിടയിലും അദൃശ്യമായ സ്നേഹബന്ധമാണ് അനിൽ ഉണ്ടാക്കിയെടുത്തത്. തൊടുപുഴ മലങ്കര ഡാമിൽ മരണം തട്ടിയെടുക്കുമ്പോള്‍ അനില്‍ നെടുമങ്ങാടിനെ കാത്ത് ഒരുപാട് കഥാപാത്രങ്ങള്‍ വരിനില്‍ക്കുന്നുണ്ടായിരുന്നു. മാര്‍ട്ടിൻ പ്രക്കാടിന്റെ ‘നായാട്ട്’ സിനിമ, പൃഥ്വിരാജ് നായകനായ ‘കോള്‍ഡ് കേസ്’ എന്നിവ അനില്‍ നെടുമങ്ങാടിന്റേതായി അദ്ദേഹത്തിന്റെ മരണശേഷം പുറത്തിറങ്ങിയിരുന്നു. ഡാം സൈറ്റിൽ കുളിക്കാനിറങ്ങിയ അനിൽ കയത്തിൽപ്പെട്ടു പോകുകയായിരുന്നു.
ജോജു നായകനാവുന്ന ഒരു ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് അനിൽ തൊടുപുഴയിൽ എത്തിയത്. ഷൂട്ടിംഗിനിടവേളയിൽ അദ്ദേഹം സുഹൃത്തകൾക്കൊപ്പം ജലാശയത്തിൽ കുളിക്കാനിറങ്ങുകയായിരുന്നു. ജലാശയത്തിലെ ആഴമുള്ള കയത്തിലേക്ക് അബദ്ധത്തിൽ അനിൽ വീണു പോവുകയായിരുന്നു.