അന്ന് ചിദംബരം ആഭ്യന്തരമന്ത്രി, അമിത്ഷാ അകത്ത്: ഇന്ന് അമിത്ഷാ ആഭ്യന്തര മന്ത്രി, ചിദംബരം അകത്തോട്ടോ?

അന്ന് ചിദംബരം ആഭ്യന്തരമന്ത്രി, അമിത്ഷാ അകത്ത്: ഇന്ന് അമിത്ഷാ ആഭ്യന്തര മന്ത്രി, ചിദംബരം അകത്തോട്ടോ?

ന്യൂഡൽഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ മുന്‍മന്ത്രി പി. ചിദംബരം അറസ്റ്റിലായപ്പോൾ രാജ്യം വീണ്ടും ചർച്ച ചെയ്യുന്നത് സൊഹ്‌റാബുദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസിൽ അമിത് ഷായുടെ അറസ്റ്റാണ്. 2010ല്‍ മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് മന്ത്രിസഭയില്‍ പി ചിദംബരം ആഭ്യന്തര മന്ത്രിയായിരിക്കുമ്പോഴാണ് ഗുജറാത്തിലെ വ്യാജഏറ്റുമുട്ടല്‍ കേസില്‍ ഇന്നത്തെ ആഭ്യന്തരമന്ത്രി അമിത് ഷായെ അറസ്റ്റ് ചെയ്തത്. അന്ന് മറ്റ് മാർഗ്ഗങ്ങളില്ലാതെ അറസ്റ്റിന് വഴങ്ങിക്കൊടുക്കേണ്ട അവസ്ഥയിലായ അമിത് ഷാ, ഇന്ന് അതിൻ്റെ മധുരപ്രതികാരമായാണ് അതേ നാണയത്തിൽ തിരിച്ചടിച്ചിരിക്കുന്നത്.

2005ലാണ് അമിത് ഷായുടെ അറസ്റ്റിലേക്ക് നയിച്ച വ്യാജ ഏറ്റുമുട്ടല്‍ നടന്നത്. തീവ്രവാദിയെന്ന് ആരോപിക്കപ്പെട്ട സൊറാഹ്ബുദീനെ മഹാരാഷ്ട്രയിലേക്കുള്ള യാത്രക്കിടെ ഗുജറാത്ത് എ.ടി.എസ് തട്ടിക്കൊണ്ടുപോയെന്നും 2005 നവംബറില്‍ ഗാന്ധിനഗറില്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയെന്നുമായിരുന്നു കേസ്. ഏറ്റുമുട്ടല്‍ കൊലയ്ക്ക് ദൃക്‌സാക്ഷിയായിരുന്ന തുള്‍സിറാം പ്രജാപതി 2006 ഡിസംബറില്‍ കൊല്ലപ്പെട്ടു. ഗുജറാത്തിലെ ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായുടെ അറിവോടെയായിരുന്നു വ്യാജഏറ്റുമുട്ടല്‍ എന്നായിരുന്നു സി.ബി.ഐയുടെ കണ്ടെത്തല്‍.

പി ചിദംബരം കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്നപ്പോഴാണ് 2010 ജൂലൈയില്‍ സി.ബി.ഐ ഷായെ അറസ്റ്റ് ചെയ്തത്. മൂന്ന് മാസത്തിനുശേഷം സുപ്രീംകോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചു. 2012ല്‍ സൊഹ്‌റാബുദീന്‍ കേസ് സി.ബി.ഐയുടെ അപേക്ഷ പ്രകാരം മുംബൈയിലേക്കു മാറ്റി. 2014ല്‍ മുംബൈയിലെ സി.ബി.ഐ കോടതി ഷാക്കെതിരായ കേസ് തള്ളി. ഈ വിധി സുപ്രീംകോടതി ശരിവെച്ചു. ഇതിനെതിരെ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി 2016ല്‍ തള്ളി. കേസില്‍ വാദം കേട്ട ജഡ്ജി ബി.എച്ച് ലോയയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യം ഉയര്‍ന്നെങ്കിലും സുപ്രീംകോടതി തള്ളി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യു.പി‌.എ സർക്കാരിൽ ധനമന്ത്രിയായിയിരിക്കെ ഐ.എൻ.എക്സ് മീഡിയക്ക് വിദേശ ഫണ്ട് ലഭിക്കുന്നതിന് വഴിവിട്ട സഹായം ചെയ്തു എന്നാണ് ചിദംബരത്തിനെതിരായ കേസ്. സ്റ്റാര്‍ ഇന്ത്യ മുന്‍ സി.ഇ.ഒ പീറ്റര്‍ മുഖര്‍ജി, ഭാര്യ ഇന്ദ്രാണി മുഖര്‍ജി എന്നിവരുടെ കമ്പനിയായ ഐ.എന്‍.എക്‌സ് മീഡിയയ്ക്ക് വഴിവിട്ടു വിദേശ നിക്ഷേപം സ്വീകരിക്കാന്‍ ഇടനില നിന്നെന്ന് ആരോപിക്കപ്പെട്ട് ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി നേരത്തെ അറസ്റ്റിലായിരുന്നു. പിന്നീട് ജാമ്യം ലഭിച്ചു. പീറ്റർ മുഖര്‍ജിയും ഇന്ദ്രാണി മുഖർജിയും മകള്‍ ഷീന ബോറയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നിലവിൽ ജയിലിലാണ്. ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ ചിദംബരം സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. കേസ് രാഷ്ട്രീയ പകപോക്കലാണെന്നാണ് കോണ്‍ഗ്രസിന്‍റെ വിമര്‍ശനം.