ഫ്ളിപ്പ്കാർട്ടിൽ പരിശീലനത്തിനു പോയി തമിഴ്‌നാട്ടിൽ കുടുങ്ങി മലയാളികൾ: പൈപ്പ് വെള്ളം മാത്രം കുടിച്ച് വിശപ്പകറ്റി 21 മലയാളി യുവാക്കൾ: തമിഴ്‌നാട്ടിൽ ആറു മാസത്തെ പരിശീലന കോഴ്‌സിനു പോയ യുവാക്കൾ ദുരിതത്തിൽ; തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ കുടുങ്ങിക്കിടക്കുന്നവരിൽ പത്തനംതിട്ട, കോട്ടയം, ആലപ്പുഴ സ്വദേശികൾ; കണ്ണീരോടെയുള്ള യുവാക്കളുടെ വീഡിയോ വൈറലാകുന്നു

ഫ്ളിപ്പ്കാർട്ടിൽ പരിശീലനത്തിനു പോയി തമിഴ്‌നാട്ടിൽ കുടുങ്ങി മലയാളികൾ: പൈപ്പ് വെള്ളം മാത്രം കുടിച്ച് വിശപ്പകറ്റി 21 മലയാളി യുവാക്കൾ: തമിഴ്‌നാട്ടിൽ ആറു മാസത്തെ പരിശീലന കോഴ്‌സിനു പോയ യുവാക്കൾ ദുരിതത്തിൽ; തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ കുടുങ്ങിക്കിടക്കുന്നവരിൽ പത്തനംതിട്ട, കോട്ടയം, ആലപ്പുഴ സ്വദേശികൾ; കണ്ണീരോടെയുള്ള യുവാക്കളുടെ വീഡിയോ വൈറലാകുന്നു

തേർഡ് ഐ ബ്യൂറോ

കോട്ടയം: പൈപ്പ് വെള്ളം മാത്രം കുടിച്ച്, ഒരു ഇന്റക്ഷൻ കുക്കറിൽ ഭക്ഷണം ഉണ്ടാക്കി 47 ദിവസമായി 21 മലയാളി യുവാക്കൾ..! കോട്ടയം പത്തനംതിട്ട ആലപ്പുഴ ജില്ലകളിൽ നിന്നുള്ള യുവാക്കളുടെ സംഘമാണ് ഭക്ഷണവും വെള്ളവുമില്ലാതെ പണിയെടുത്തതിന്റെ ശമ്പളമില്ലാതെ തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ ഇടുങ്ങിയ കെട്ടിടത്തിൽ കുടുങ്ങിക്കിടക്കുന്നത്. തങ്ങളുടെ ദുരിത കഥ ഇവർ സാമൂഹ്യമാധ്യമങ്ങളിലൂടെ വീഡിയോയായി പുറത്തു വിട്ടു.

ആറു മാസത്തെ പരിശീലനത്തിനായി ലോക്ക് ഡൗണിനു മുൻപാണ് ലോജിസ്റ്റിക്‌സിൽ പരിശീലനം പൂർത്തിയാക്കിയ യുവാക്കളുടെ സംഘം തമിഴ്‌നാട്ടിലേയ്ക്കു പുറപ്പെട്ടത്. മഹാരാഷ്ട്രയിൽ നിന്നുള്ള സ്വകാര്യ ഏജൻസിയാണ് ഇവർക്ക് തമിഴ്‌നാട്ടിൽ പരിശീലനത്തിന് അവസരം ഒരുക്കി നൽകിയത്. തുടർന്നു ഇവർ ഇവിടെ അഞ്ചു പേർക്ക് അയ്യായിരം രൂപ നിരക്കിൽ വാടകയ്ക്കു എടുത്ത മുറിയിലാണ് ഇവർ താമസിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഇവരുടെ പരിസരത്തെ കടകൾ എല്ലാം അടച്ചു. ഇതിനു പിന്നാലെ ഇവരുടെ ഭക്ഷണവും വെള്ളവും പണവും തീർന്നു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഇവരുടെ ജോലിയും വെള്ളത്തിലായി. ആദ്യ ദിവസങ്ങളിൽ ശേഖരിച്ചു വച്ചിരുന്ന ഭക്ഷണമായിരുന്നു ഇവർ കഴിഞ്ഞത്. ഇത് തീർന്നതിനു പിന്നാലെ ആന്റോ ആന്റണി എംപിയും കൊടിക്കുന്നിൽ സുരേഷ് എം.പിയും ചേർന്നു എത്തിച്ചു നൽകിയ അരിയും ഭക്ഷണവുമായിരുന്നു ഇതുവരെയുള്ള ആശ്രയം.

ഇതിനിടെയാണ് ഇവരിൽ ചിലർക്ക് ഭക്ഷ്യവിഷബാധ ഏറ്റത്. ഇതേ തുടർന്നു മതിയായ ചികിത്സ പോലും പലർക്കും ലഭിക്കുന്നില്ല. ഭക്ഷണവും വെള്ളവും ലഭിക്കാതെ വന്നതോടെ ക്ലോറിൻ കലർന്ന പൈപ്പ് വെള്ളമാണ് ഇവർക്ക് ആശ്രയം. ഭക്ഷണമില്ലാതെ ജീവിതത്തിനും മരണത്തിനും ഇടയിലുള്ള നൂൽപ്പാലത്തിലൂടെയാണ് ഇവർ കടന്നു പോകുന്നത്.

തങ്ങളെ എത്രയും വേഗം നാട്ടിലെത്തിക്കാൻ അധികാരികൾ ഇടപെടണമെന്നാവശ്യപ്പെട്ട് ഇവർ വീഡിയോ ഇട്ടതും വൈറലായി മാറിയിട്ടുണ്ട്. തമിഴ്‌നാട് സർക്കാരോ, അമസോണോ, ഇവരെ എത്തിച്ച ഏജൻസിയോ ഇതുവരെ സഹായവുമായി എത്തിയിട്ടില്ല. ഈ ഏജൻസി ഫ്ളിപ്പ്കാർട്ടിനെ കുറ്റപ്പെടുത്തുമ്പോൾ ആമസോൺ ഏജൻസിയെ കുറ്റപ്പെടുത്തുകയാണ്. സംസ്ഥാന സർക്കാരോ വിവിധ രാഷ്ട്രീയ കക്ഷികളോ തങ്ങളെ നാട്ടിലെത്തിക്കാൻ ഇടപെടുമെന്നാണ് ഇവരുടെ പ്രതീക്ഷ.

നേരത്തെ മൂന്നു ഇന്റക്ഷൻ കുക്കറുകളാണ് ഇവർക്ക് ഉണ്ടായിരുന്നത്. എന്നാൽ, അമിതമായ ഭാരം ലഭിച്ചതോടെ ഈ ഇൻഡക്ഷൻ കുക്കറുകൾ നശിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ അടിയന്തരമായി നാട്ടിലെത്തിച്ചില്ലെങ്കിൽ തങ്ങൾ പട്ടിണി കിടന്നു മരിക്കുമെന്ന ഭീതിയിലാണ് ഈ പാവങ്ങൾ.