അപകടത്തിൽ വലം കൈ നഷ്ടപ്പെട്ടു, ഇടം കൈയ്യിൻ്റെ കരുത്തിൽ  ഐഎഎസ് എഴുതി പാർവ്വതി ; നേടിയത് ഉജ്ജ്വല വിജയം

അപകടത്തിൽ വലം കൈ നഷ്ടപ്പെട്ടു, ഇടം കൈയ്യിൻ്റെ കരുത്തിൽ ഐഎഎസ് എഴുതി പാർവ്വതി ; നേടിയത് ഉജ്ജ്വല വിജയം

ആലപ്പുഴ: സിവിൽ സര്‍വീസ് റാങ്ക് പട്ടികയിൽ അമ്പലപ്പുഴക്കാരി പാര്‍വതി ഗോപകുമാർ. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ഉണ്ടായ അപകടത്തിൽ വലം കൈ നഷ്ടപ്പെട്ട പാര്‍വതി നിശ്ചയദാര്‍ഢ്യത്തോടെ നടത്തിയ മുന്നേറ്റമാണ് ഉയരങ്ങളിലേക്കെത്താൻ കരുത്തായത്. 282ാം റാങ്ക് നേടിയ പാര്‍വതി, ഐഎഎസ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.

പാര്‍വതിയുടെ 12 ആം വയസിലാണ് ജീവിതത്തെ പിടിച്ചുലച്ച അപകടം ഉണ്ടായത്. കൈക്ക് ഗുരുതരമായി പരിക്കേറ്റ പാര്‍വ്വതിയുടെ വലുതു കൈ മുട്ടിന് താഴെ വച്ച് മുറിച്ചുമാറ്റി. ഈ സ്ഥാനത്ത് കൃത്രിമ കൈയാണ് ഇപ്പോഴുള്ളത്. ഇടംകൈ ഉപയോഗിച്ചായിരുന്നു പാര്‍വതിയുടെ തുട‍ര്‍ന്നുള്ള പഠനം. എഴുതാനടക്കം ഇടംകൈയായിരുന്നു കരുത്ത്.

പഠനത്തിൽ മിടുക്കിയായ പാര്‍വതി രണ്ടാമത്തെ ശ്രമത്തിലാണ് സിവിൽ സര്‍വീസ് റാങ്ക് പട്ടികയിൽ ഇടംപിടിച്ചത്. ആദ്യ ശ്രമത്തിൽ പ്രിലിമിനറി കടമ്പ പോലും കടക്കാൻ കഴിഞ്ഞില്ലെങ്കിലും രണ്ടാം ശ്രമത്തിൽ, ഭിന്നശേഷിക്കാരിയെന്ന പരിഗണനയോടെ ഐഎഎസ് പദവിയിലെത്താനാകുമെന്നാണ് പാര്‍വതിയും കുടുംബവും പ്രതീക്ഷിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അച്ഛൻ ഗോപകുമാറിന്റെ മേലുദ്യോഗസ്ഥനായിരുന്ന ഐഎഎസ് ഓഫീസര്‍ കൃഷ്ണതേജയാണ് പാര്‍വതിയുടെ ജീവിതത്തിൽ വഴിത്തിരിവുണ്ടാക്കിയത്. പാര്‍വതിയെ സിവിൽ സര്‍വീസ് എഴുതാൻ പ്രചോദനമായത് കൃഷ്ണതേജയുടെ ഉപദേശവും പിന്തുണയുമായിരുന്നു.

ഇടംകൈ ഉപയോഗിച്ചാണ് പാര്‍വതി എഴുതുന്നതെങ്കിലും പഠനവും പരിശീലനവും ഒട്ടും എളുപ്പമായിരുന്നില്ല. മറ്റുള്ളവരെ പോലെ വേഗത്തിൽ എഴുതാൻ പാര്‍വതിക്ക് സാധിച്ചില്ല എന്നത് തന്നെയാണ് കാരണം. മറ്റുള്ളവര്‍ സിവിൽ സര്‍വീസ് മെയിൻസ് പരീക്ഷ മൂന്ന് മണിക്കൂര്‍ വീതം എഴുതിയപ്പോൾ, പാര്‍വതി ഓരോ പരീക്ഷയും നാല് മണിക്കൂര്‍ വീതമായി 16 മണിക്കൂര്‍ കൊണ്ടാണ് എഴുതി തീര്‍ത്തത്.

ഭിന്നശേഷിക്കാരുടെ വിഭാഗത്തിൽ ഐഎഎസ് ലഭിക്കുമെന്ന പ്രതീക്ഷയാണ് കൃഷ്ണ തേജയടക്കം പങ്കുവച്ചത്. കുടുംബവും നാട്ടുകാരുമെല്ലാം വലിയ പ്രതീക്ഷയിലാണ്. ഐഎഎസ് തന്നെയായിരുന്നു ലക്ഷ്യമെന്നും അത് ലഭിക്കുമെന്ന് തന്നെയാണ് കരുതുന്നതെന്നും പാര്‍വതി പറഞ്ഞു.