പഴകിയതും  ആരോഗ്യത്തിന്  ഹാനികരവുമായ  ഭക്ഷണ പദാര്‍ത്ഥങ്ങള്‍; ടോയ്ലെറ്റ് പരിസരത്ത് ആഹാരശേഖരം; ആലപ്പുഴയില്‍ നഗരസഭയിലെ വിവിധ ഹോട്ടലുകളില്‍ ആരോഗ്യ വിഭാഗത്തിൻ്റെ റെയ്ഡ്;  ഹോട്ടല്‍ അടപ്പിച്ചു

പഴകിയതും ആരോഗ്യത്തിന് ഹാനികരവുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍; ടോയ്ലെറ്റ് പരിസരത്ത് ആഹാരശേഖരം; ആലപ്പുഴയില്‍ നഗരസഭയിലെ വിവിധ ഹോട്ടലുകളില്‍ ആരോഗ്യ വിഭാഗത്തിൻ്റെ റെയ്ഡ്; ഹോട്ടല്‍ അടപ്പിച്ചു

സ്വന്തം ലേഖിക

ആലപ്പുഴ: ആലപ്പുഴയില്‍ നഗരസഭ ആരോഗ്യ വിഭാഗം വിവിധ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു.

മുട്ട പുഴുങ്ങിയത്, കക്കായിറച്ചി, കൊഞ്ച്, ചിക്കന്‍, കരിമീന്‍ തുടങ്ങിയവയെല്ലാം പിടിച്ചെടുത്ത് നശിപ്പിച്ചവയില്‍ ഉള്‍പ്പെടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആലപ്പുഴ ചങ്ങനാശ്ശേരി ജംഗ്ഷനു വടക്കുവശം സനാതനപുരം വാര്‍ഡില്‍ അരമന ഹോട്ടലില്‍ നിന്നും മനുഷ്യ ഉപയോഗമല്ലാത്തതും, മനുഷ്യ ജീവനും ആരോഗ്യത്തിനും ഹാനികരമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തു.

ഹോട്ടലിന്റെ ടോയ്‌ലറ്റ് വൃത്തിഹീനമാണെന്നും ടോയ്‌ലറ്റ് പരിസരത്ത് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ സൂക്ഷിച്ചിരിക്കുന്നതായും കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ കേരള മുനിസിപ്പല്‍ ആക്‌ട് 555 പ്രകാരം മഹസ്സര്‍ തയ്യാറാക്കി അരമന ഹോട്ടല്‍ അടച്ചു പൂട്ടി സീല്‍ ചെയ്തു.

ഹോട്ടലില്‍ നിന്നും പഴകിയ മുട്ട പുഴുങ്ങിയത് 30 എണ്ണം, 2 കിലോഗ്രാം വീതം കക്കായിറച്ചി കറിവച്ചത്, കൊഞ്ച് വേവിച്ചത്, 4 കിലോഗ്രാം ന്യൂഡില്‍സ്, വലിയ കുട്ടയില്‍ ബിരിയാണി, ഒരു ബെയ്സന്‍ ചിക്കന്‍ ഫ്രൈ, അരിപ്പത്തിരി 75 എണ്ണം, അല്‍ഫാം ചിക്കന്‍ 5 കിലോ, ഒരു കിലോഗ്രാം വീതം മുട്ട ഗ്രേവി, ചിക്കന്‍ 65, ഗോപി മഞ്ചൂരി, നെമ്മീന്‍, 2 കിലോഗ്രാം കരിമീന്‍, വരാല്‍ എന്നിവയും,

കളര്‍കോട് വാര്‍ഡിലെ അനീഷിന്റെ ഉടമസ്ഥതയിലുള്ള സാഫ്റോണ്‍ ഹോട്ടലില്‍ നിന്നും പഴകിയ അല്‍ഫാം ചിക്കന്‍ 5 കിലോഗ്രാം, ചിക്കന്‍ കറി, ബീഫ് കറി, ചിക്കന്‍ ഫ്രൈ എന്നിവയും, കൈതവന വാര്‍ഡിലെ അന്‍സറിന്റെ ഉടമസ്ഥതയിലുള്ള ബ്രൈറ്റ് ഹോട്ടലില്‍ നിന്നും ബിരിയാണി റൈസ്, അവിയല്‍, മോരുകറി എന്നിവയും പിടിച്ചെടുത്ത് നശിപ്പിച്ചു.

ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഹര്‍ഷിദിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ജെ എച്ച്‌ ഐ മാരായ അനിക്കുട്ടന്‍, സുമേഷ്, ശിവകുമാര്‍, സ്മിത എന്നിവര്‍ പങ്കെടുത്തു.