ആലപ്പുഴ ദേവീക്ഷേത്രത്തില്‍ വന്‍ മോഷണം;  മുക്കാല്‍ കിലോ സ്വര്‍ണവും രണ്ടര ലക്ഷത്തോളം രൂപയും നഷ്ടപ്പെട്ടതായി ക്ഷേത്രം അധികൃതർ

ആലപ്പുഴ ദേവീക്ഷേത്രത്തില്‍ വന്‍ മോഷണം; മുക്കാല്‍ കിലോ സ്വര്‍ണവും രണ്ടര ലക്ഷത്തോളം രൂപയും നഷ്ടപ്പെട്ടതായി ക്ഷേത്രം അധികൃതർ

സ്വന്തം ലേഖിക

ആലപ്പുഴ: ഹരിപ്പാട് കാര്‍ത്തികപ്പള്ളി ചിങ്ങോലി കാവില്‍ പടിക്കല്‍ ദേവീക്ഷേത്രത്തില്‍ വന്‍ മോഷണം.

മുക്കാല്‍ കിലോ ഗ്രാമോളം സ്വര്‍ണവും രണ്ടര ലക്ഷത്തോളം രൂപയും നഷ്ടപ്പെട്ടതായി
ക്ഷേത്രം അധികൃതർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. ക്ഷേത്രത്തിലെ ജീവനക്കാര്‍ എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്.

ദേവസ്വം കൗണ്ടറിന്റെയും ഓഫീസിന്റെയും വാതിലുകള്‍ തുറന്നു കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഇവര്‍ ഉടന്‍ തന്നെ ക്ഷേത്രഭാരവാഹികളെ വിവരമറിയിക്കുകയായിരുന്നു. പ്രധാന ക്ഷേത്രത്തിന്റെ ഓടിനു മുകളിലൂടെ കയറി അകത്ത് മുകളില്‍ സ്ഥാപിച്ചിരുന്ന ഇരുമ്പിന്റെ നെറ്റ് ഇളക്കി ആണ് മോഷ്ടാക്കള്‍ ചുറ്റമ്പലത്തില്‍ ഇറങ്ങിയത്.

വിഗ്രഹത്തില്‍ ചാര്‍ത്തുന്ന 10 പവനിലേറെ തൂക്കമുള്ള മാലയും ഇതിനുള്ളില്‍ തന്നെ സൂക്ഷിച്ചിരുന്ന മേല്‍ശാന്തി മനുവിന്റെ രണ്ടേകാല്‍ ലക്ഷത്തോളം രൂപയും അപഹരിക്കപ്പെട്ടു.

വീടുപണിയെ തുടര്‍ന്ന് ബാങ്കില്‍ നിന്ന് എടുത്തു സൂക്ഷിച്ചിരുന്ന പണവും, ശമ്പളവും ദക്ഷിണയുമായി ലഭിച്ച പണവുമാണ് നഷ്ടമായത്.

കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് ചുറ്റമ്പലത്തിലെ പടിഞ്ഞാറെ നട തുറന്ന് കിടക്കുന്നതും ക്ഷേത്രത്തിനകത്ത് മോഷണം നടന്നതും അറിഞ്ഞത്. തുടര്‍ന്ന് കരീലകുളങ്ങര പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു.

കായംകുളം ഡിവൈഎസ്പി അലക്സ് ബേബി, കരീലക്കുളങ്ങര എസ്‌ഐ എ ഷെഫീക്ക് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.

ഫോറന്‍സിക് വിദഗ്ധ ബ്രീസി ജേക്കബ്, വിരലടയാള വിദഗ്ധരായ എസ് വിനോദ്കുമാര്‍, എസ് സന്തോഷ് എന്നിവരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ഡോഗ് സ്ക്വാഡും പരിശോധന നടത്തി.