കോട്ടയം തെങ്ങണായിൽ ലൈസൻസില്ലാതെ പടക്കകട ഒരു വർഷമായി പ്രവർത്തിക്കുന്നു; അറിഞ്ഞിട്ടും നടപടിയെടുക്കാതെ അധികൃതർ; മല്ലപ്പള്ളിയിൽ ഇന്നലെയുണ്ടായ ദുരന്തത്തിൽ യുവാവിന്റെ കൈപ്പത്തി അറ്റു; നിയമങ്ങൾ കാറ്റിൽപറത്തി പല കടകളിലും വൻതോതിൽ പടക്കം സ്റ്റോക്ക് ചെയ്തിരിക്കുന്നു;. ഒരു തീപിടുത്തമുണ്ടായാൽ എല്ലാം കത്തിയമരാൻ നിമിഷനേരം മതി; കോട്ടയത്ത് വരാനിരിക്കുന്നത് വൻദുരന്തം
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം തെങ്ങണായിൽ ലൈസൻസില്ലാതെ പടക്കകട ഒരു വർഷമായി പ്രവർത്തിക്കുന്നു. ക്രിസ്മസ്- ന്യൂ ഇയർ വിപണി ലക്ഷ്യമാക്കി ജില്ലയിൽ അനധികൃത പടക്കശാലകള്‍ വ്യാപകമാണ്. താല്കാലിക ലൈസൻസിനായി കളക്ട്രേറ്റിലെത്തിയത് നാനൂറിലധികം അപേക്ഷകൾ . പലതും യാതൊരു മാനദണ്ഡവും പാലിക്കാതെയുള്ള അപേക്ഷകളാണ്. സ്ഥിരം ലൈസൻസുള്ളവരാകട്ടെ നിയമത്തെ വെല്ലുവിളിച്ചാണ് വൻതോതിൽ പടക്കം സ്റ്റോക്ക് ചെയ്യുന്നത്.
സ്ഥിരം ലൈസൻസിനായി പോലീസ്, ഫയര്‍ഫോഴ്സ്, തഹസീല്‍ദാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം തുടങ്ങിയ വകുപ്പുകളുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടറാണു ലൈസന്‍സ് അനുവദിക്കുന്നത്. എന്നാൽ പടക്കവിപണന ഷോപ്പുകളിൽ മിക്കതും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പ്രവർത്തിക്കുന്നതെന്ന ഞെട്ടിക്കുന്ന വിവരമാണ് തേർഡ് ഐ ന്യൂസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്.
തെങ്ങണായിൽ ലൈസൻസില്ലാതെ പടക്കകട ഒരു വർഷമായി പ്രവർത്തിക്കുന്നു. നിയമങ്ങൾ കാറ്റിൽപറത്തി വൻതോതിൽ ഇവിടെ പടക്കം സ്റ്റോക്ക് ചെയ്തിട്ടുണ്ട്. ഒരു തീപിടുത്തമുണ്ടായാൽ എല്ലാം കത്തിയമരാൻ നിമിഷനേരം മതി. മല്ലപ്പള്ളിയിൽ ഇന്നലെയുണ്ടായ ദുരന്തത്തിൽ യുവാവിന്റെ കൈപ്പത്തി അറ്റുപോയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മല്ലപ്പള്ളക്ക് സമീപം പുന്നവേലിയുള്ള ചായക്കടയിലായിരുന്നു സ്ഫോടനം. ആറുപേര്‍ക്ക് പരിക്കേറ്റു. കടയുടമ പി.എം. ബഷീര്‍, വേലൂര്‍ വീട്ടില്‍ സണ്ണി ചാക്കോ, എലിമുള്ളില്‍ ബേബിച്ചന്‍, ഇടത്തറ കുഞ്ഞിബ്രാഹിം, നിലമ്പാറ രാജശേഖരന്‍ നൂറോന്മാവ്, ജോണ്‍ ജോസഫ് മാക്കല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. സണ്ണി ചാക്കോയുടെ കൈവശം ഉണ്ടായിരുന്ന സ്ഫോടകവസ്തുവിൽ, കത്തിച്ച സിഗററ്റ് മുട്ടിയാണ്
തീപിടിക്കുകയും തുടർന്ന് വൻ സ്ഫോടനമുണ്ടാകുകയും ചെയ്തെന്ന് പൊലീസ് പറഞ്ഞു. സണ്ണിയുടെ കൈപ്പത്തിയാണ് അറ്റുപോയത്.
ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റുള്ളവരെ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. കിണറ്റിലെ പാറ പൊട്ടിക്കുന്ന ജോലി ചെയ്യുന്ന ആളാണ് സണ്ണി ചാക്കോ.
ചായ കുടിക്കാന്‍ കടയുടെ വരാന്തയില്‍ ഇരുന്ന ഇയാള്‍ കൈയിലുണ്ടായിരുന്ന പാറ പൊട്ടിക്കാനുള്ള സ്ഫോടക വസ്തു അടങ്ങിയ കവര്‍ അടുത്തിരുന്ന സോഡാകുപ്പിയുടെ മുകളില്‍ വെച്ചശേഷം സിഗരറ്റ് കത്തിച്ചു. ഇതിനിടെ, സിഗരറ്റിന്റെ തീ അറിയാതെ സ്ഫോടകവസ്തുവിൽ മുട്ടുകയായിരുന്നു. സ്ഫോടനത്തില്‍ കടയിലെ അലമാരയും സോഡാകുപ്പികളുമടക്കം പൊട്ടിച്ചിതറി.
കോട്ടയം ജില്ലയിലെ പടക്കക്കടകളില്‍ മിക്കവയും നിയമാനുസൃതമായ മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ടും അനധികൃതമായി ലൈസൻസ് നേടിയുമാണ് പ്രവർത്തിക്കുന്നത്.
നിയമപരമായി ലൈസൻസ് നല്കാൻ സാധിക്കാത്ത പല കടമുറികൾക്കും വിവിധ യൂണിറ്റുകളിൽ നിന്ന് അംഗീകാരം നേടിയെടുത്തതിന് പിന്നിൽ വൻ ഒത്തുകളിയാണ് നടന്നിരിക്കുന്നത്. ഇത്തരം സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് പൊതുപ്രവർത്തകനായ സജിമോൻ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.
ക്രിസ്മസ് വിപണി പ്രമാണിച്ച് ലൈസൻസുള്ളവർക്ക് സ്റ്റോക്ക് ചെയ്യാൻ സാധിക്കുന്നതിൻ്റെ പത്തിരട്ടിയിലധികം പടക്കങ്ങളാണ് പല കടകളിലും സ്റ്റോക്ക് ചെയ്തിരിക്കുന്നത്. ചെറിയ ഷെഡ്ഡുകളില്‍ പ്രവര്‍ത്തിക്കുന്ന കടകളില്‍പ്പോലും അനുവദനീയമായതില്‍ കൂടുതല്‍ പടക്കമാണ് സൂക്ഷിക്കുന്നത്. യാതൊരുവിധ സുരക്ഷാ ക്രമീകരണങ്ങളും പല കടകളിലും ഇല്ല. കോട്ടയത്ത് വരാനിരിക്കുന്നത് വൻദുരന്തം