ആലപ്പുഴയിൽ പൊലീസ് ജീപ്പ് ഇടിച്ച്‌ യുവാക്കള്‍ മരിച്ച സംഭവം;  ഡ്രൈവര്‍ അറസ്റ്റില്‍; മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസ്

ആലപ്പുഴയിൽ പൊലീസ് ജീപ്പ് ഇടിച്ച്‌ യുവാക്കള്‍ മരിച്ച സംഭവം; ഡ്രൈവര്‍ അറസ്റ്റില്‍; മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസ്

സ്വന്തം ലേഖിക

ആലപ്പുഴ: പുതുവത്സരദിനത്തില്‍ നിയന്ത്രണംവിട്ട പൊലീസ് ജീപ്പ് സ്കൂട്ടറിലടിച്ച്‌ രണ്ട് യുവാക്കള്‍ മരിച്ച സംഭവത്തില്‍ പൊലീസ് ഡ്രൈവര്‍ അറസ്റ്റില്‍.

ആലപ്പുഴ എ.ആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ വിഷ്ണുദാസിനെയാണ് (32) നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. മനഃപൂര്‍വമല്ലാത്ത നരഹത്യയും അപകടകരമായി വാഹനം ഓടിച്ചതിനുമുള്ള കുറ്റത്തിനാണ് അറസ്റ്റ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിയന്ത്രണംവിട്ട പൊലീസ് ജീപ്പ് ഇടിച്ചാണ് ബന്ധുക്കളായ രണ്ടു പേര്‍ മരിച്ചത്. ആലപ്പുഴ ബീച്ചില്‍ പുതുവത്സരാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് സ്കൂട്ടറില്‍ മടങ്ങിയ കോട്ടയം വേളൂര്‍ ചുങ്കത്ത് മുപ്പത് അകംപാടം എഡ്വേര്‍ഡിന്‍റെ മകന്‍ ജസ്റ്റിന്‍ (അനിയച്ചന്‍ -38), കുമരകം പുത്തന്‍റോഡ് നാലുകണ്ടം ജൂലിയാമ്മയുടെ മകന്‍ ആഷിക് എഡ്വേര്‍ഡ് അലക്സ് (വാവച്ചി -20) എന്നിവരാണ് മരിച്ചത്.

ജസ്റ്റിന്‍റെ അമ്മയുടെ സഹോദരിയുടെ മകനാണ് ആഷിക്. ഞായറാഴ്ച പുലര്‍ച്ച 3.30ന് ആലപ്പുഴ-മുഹമ്മ റോഡില്‍ തലവടി ജംക്‌ഷന് സമീപമായിരുന്നു അപകടം.

ആലപ്പുഴ ഡിസിആര്‍ബി ഡിവൈഎസ്പിയുടെ ജീപ്പാണ് അപകടത്തില്‍പെട്ടത്. ബീച്ചിലെ ഡ്യൂട്ടികഴിഞ്ഞ് ഡിവൈഎസ്പിയെ കോട്ടയം ചിങ്ങവനത്തെ താമസസ്ഥലത്ത് എത്തിച്ചശേഷം തണ്ണീര്‍മുക്കം വഴി ആലപ്പുഴയിലേക്ക് മടങ്ങവെ നിയന്ത്രണംവിട്ട പൊലീസ് ജീപ്പ് ജസ്റ്റിനും അലക്സും സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു.

തെറ്റായദിശയിലൂടെ എത്തിയ ജീപ്പ് ബ്രേക്കിട്ടത്തിന്‍റെ അടയാളങ്ങളും റോഡിലുണ്ട്. പൊലീസ് ജീപ്പില്‍ ഡ്രൈവര്‍ മാത്രമാണുണ്ടായിരുന്നത്. ഇയാള്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമികനിഗമനം.

ഇടിയുടെ ആഘാതത്തില്‍ സമീപത്തെ റോഡരികിലെ വീടിന്‍റെ മതിലും തകര്‍ന്നു. ആര്യാട് മുന്‍ പഞ്ചായത്ത് പ്രസിഡന്‍റും കോണ്‍ഗ്രസ് നേതാവുമായ അഡ്വ.എം.രവീന്ദ്രദാസിന്‍റെ വീടിന്‍റെ മതിലാണ് തകര്‍ന്നത്.