അലൻ വാക്കറുടെ സംഗീതനിശയ്ക്കിടെയുണ്ടായ മൊബൈല്‍ കൂട്ട മോഷണം; ഉത്തരേന്ത്യൻ സംഘത്തിലെ രണ്ട് പേരെ കൊച്ചിയിലെത്തിച്ചു; രണ്ട് പേരെ കൂടി തിരിച്ചറിഞ്ഞെന്ന് പൊലീസ്
കൊച്ചി: ലോകപ്രശസ്ത സംഗീതജ്ഞൻ ഡി ജെ അലൻ വാക്കറുടെ സംഗീതനിശയ്ക്കിടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച ഉത്തരേന്ത്യൻ സംഘത്തിലെ രണ്ട് പേരെ കേരളത്തിലെത്തിച്ചു.
പ്രതികളായ അതിപുർ റഹ്മാൻ, വസീം അഹമ്മദ് എന്നിവരെയാണ് കൊച്ചിയിലെത്തിച്ചത്. പഴയ ഡല്‍ഹിയിലെ ദരിയാഗഞ്ച് പ്രദേശത്ത് നിന്നാണ് ഇവരെ പിടികൂടിയത്.
മുംബയ്, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ട് സംഘങ്ങളാണ് മൊബൈല്‍ കൂട്ട മോഷണത്തിന് പിന്നിലെന്ന് പൊലീസ് സ്ഥിരീകരിച്ചു.
സംഘത്തിലെ രണ്ട് പേരെ കൂടി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ പിടിയിലാകുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒക്ടോബർ ആറിന് കൊച്ചിയില്‍ നടന്ന സംഗീത നിശയ്ക്കിടെ 21 ഐഫോണുകള്‍ ഉള്‍പ്പെടെ 39 ഫോണുകളാണ് മോഷണം പോയത്. ഡല്‍ഹി സംഘം ഒക്ടോബർ ആറിന് രാവിലെ ട്രെയിൻ മാർഗം കൊച്ചിയിലെത്തി ലോഡ്ജില്‍ താമസിച്ച ശേഷമാണ് വൈകിട്ട് പരിപാടി നടക്കുന്ന സ്ഥലത്തെത്തിയത്.
മോഷണശേഷം ലോഡ്ജില്‍ തിരിച്ചെത്തി തൊട്ടടുത്ത ദിവസം തന്നെ ട്രെയിൻ മാർഗം മടങ്ങുകയും ചെയ്തു. ഡല്‍ഹിയില്‍ എത്തിയതിനുശേഷം ഫോണുകള്‍ വില്‍ക്കുന്നതിന് സംഘം ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു.