സ്കൂട്ടർ യാത്രക്കാരിയെ വാഹനം കയറ്റിയിറക്കി കൊലപ്പെടുത്തിയ സംഭവം: സുഹൃത്തിന്റെ വീട്ടിലെത്തിയ പ്രതി അജ്‌മലിന് മർദ്ദനമേറ്റു; അജ്‌മലിനെ മർദ്ദിച്ചവർക്കെതിരെ കേസെടുക്കുമെന്ന് പോലീസ്; സുഹൃത്തിനും കണ്ടാലറിയാവുന്ന ചിലർക്കുമെതിരെയാണ് കേസ്
മൈനാഗപ്പള്ളി: സ്കൂട്ടർ യാത്രക്കാരിയെ വാഹനം കയറ്റിയിറക്കി കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ ഇടക്കുളങ്ങരയിലെ സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോള്‍ പ്രതി അജ്‌മലിന് മർദ്ദനമേറ്റു. അജ്‌മലിനെ മർദ്ദിച്ചവർക്കെതിരെ കേസെടുക്കുമെന്ന് പോലീസ്. മർദ്ദനമേറ്റതായി അജ്‌മലും മൊഴി നല്‍കിയിരുന്നു.
സുഹൃത്തിനും കണ്ടാലറിയാവുന്ന ചിലർക്കുമെതിരെയാണ് കേസെടുക്കുന്നത്. കരുനാഗപ്പള്ളി പോലീസാണ് അന്വേഷണം നടത്തുന്നത്. അപകടത്തിന്റെ നിർണായകമായ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അപകടത്തിനുശേഷം പ്രതികള്‍ കാറില്‍ അമിതവേഗത്തില്‍ പോകുന്നതിന്റെയും നാട്ടുകാർ പിന്തുടരുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്.
നിർത്താതെ പോയ കാർ നാട്ടുകാർ ബൈക്കില്‍ പിന്തുടർന്നെത്തി തടഞ്ഞുനിർത്തുകയായിരുന്നു. കാർ നിയന്ത്രണംവിട്ട് റോഡ് സൈഡില്‍ നിന്നപ്പോഴായിരുന്നു ബൈക്കിലെത്തിയ യുവാക്കള്‍ കാർ തടഞ്ഞത്. കാറിന്റെ ഡോർ തുറന്ന് അജ്‌മലിനെ പുറത്തിറക്കുന്നതും നാട്ടുകാർ യുവാവിനെ ചോദ്യം ചെയ്യുന്നതും ദൃശ്യങ്ങളില്‍ കാണാം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നാട്ടുകാരോട് ചൂടായ അജ്‌മല്‍ അവരെ തട്ടിമാറ്റി കടയുടെ വശത്തിലൂടെ പോകുന്നതും കേസിലെ മറ്റൊരു പ്രതിയായ ശ്രീക്കുട്ടി പിന്നാലെ പോകുന്നതും ദൃശ്യങ്ങളിലുണ്ട്. അജ്മലിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
ഇതിനുശേഷം ആവശ്യമായ തുടർ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. അജ്‌മലിനെ പരിചയപ്പെടുന്നത് രണ്ടുമാസം മുൻപാണെന്നാണ് ഡോ.ശ്രീക്കുട്ടി പോലീസിന് മൊഴി നല്‍കിയത്. രണ്ടുമാസത്തിനിടെ അജ്‌മല്‍ ശ്രീക്കുട്ടിയില്‍ നിന്ന് എട്ടുലക്ഷം രൂപ കൈപ്പറ്റിയിരുന്നു.
പണവും സ്വർണവുമടക്കം എട്ടുലക്ഷം രൂപ അജ്‌മല്‍ വാങ്ങിയെന്നാണ് ശ്രീക്കുട്ടി പോലീസിനോട് പറഞ്ഞത്. കൂടുതല്‍ പണമിടപാടുകള്‍ നടന്നിട്ടുണ്ടോയെന്നറിയാൻ അജ്മലിന്റെയും ശ്രീക്കുട്ടിയുടെയും ബാങ്ക് രേഖകള്‍ പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.