ഇന്ത്യയിൽ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധ്യാപക പരിശീലനം കേരളത്തിൽ
തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് അധ്യാപക പരിശീലനത്തിന് കേരളത്തില്‍ തുടക്കം.
ഇതിന്റെ മൊഡ്യൂള്‍ കഴിഞ്ഞ ദിവസം മൂന്നാറില്‍ പ്രകാശനം ചെയ്തു. മെയ് 2 മുതല്‍ ആഗസ്റ്റ് 31 വരെ നീണ്ടു നില്‍ക്കുന്ന ഈ പരിശീലനത്തില്‍ എണ്‍പതിനായിരം അധ്യാപകർ പങ്കെടുക്കും.
ഓരോ അധ്യാപകർക്കും ഇന്റർനെറ്റ് സംവിധാനമുള്ള ലാപ്ടോപ്പും മൊബൈല്‍ ഫോണും ഉപയോഗിച്ച് പ്രായോഗിക പരിശീലനമാണ് നല്‍കുന്നത്. എ.ഐ. സാധ്യതകള്‍ പരിചയപ്പെടുത്തുന്നതോടൊപ്പം തന്നെ അവയുടെ പരിമിതികളും ഡീപ്പ് ഫെയ്ക്, സ്വകാര്യത പ്രശ്നം തുടങ്ങിയ മേഖലകളിലും അധ്യാപകർക്ക് പരിശീലനത്തിലൂടെ ബോധവല്‍ക്കരണം നടത്തും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ അവയുടെ അക്കാദമിക മൂല്യം നഷ്ടപ്പെടാതെ ക്ലാസ് മുറികളില്‍ പ്രയോഗിക്കാൻ അധ്യാപകരെ പ്രാപ്തരാക്കുകയാണ് പരിശീലനം കൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്. ആദ്യ ഘട്ടത്തില്‍ എട്ട് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള മുഴുവൻ അധ്യാപകരെയും പരിശീലിപ്പിക്കും.
രണ്ടാം ഘട്ടത്തില്‍ പ്രൈമറി മേഖലയിലേക്കും അപ്പർ പ്രൈമറി മേഖലിലേയ്ക്കും പരിശീലനം വ്യാപിപ്പിക്കും. ഡിസംബർ 31 ഓടു കൂടി കേരളത്തിലെ മുഴുവൻ അധ്യാപകർക്കും ആർട്ടിഫിഷ്യല്‍ ഇന്റലിജൻസില്‍ പ്രായോഗിക പരിശീലനം നല്‍കി മറ്റൊരു കേരള മാതൃക രാജ്യത്തിന് മുന്നില്‍ കാഴ്ച വെയ്ക്കുമെന്നും മന്ത്രി വി ശിവൻകുട്ടി പത്രസമ്മേളനത്തില്‍ പറഞ്ഞു.