കോയമ്പത്തൂർ അവിനാശി അപകടം: മരണം 19; അഞ്ചു പേർ ഗുരുതരാവസ്ഥയിൽ; മരിച്ചത് ഇവർ

കോയമ്പത്തൂർ അവിനാശി അപകടം: മരണം 19; അഞ്ചു പേർ ഗുരുതരാവസ്ഥയിൽ; മരിച്ചത് ഇവർ

സ്വന്തം ലേഖകൻ

പാലക്കാട്: കോയമ്പത്തൂർ അവിനാശിയിൽ ബംഗളൂരുവിൽ നിന്നും എറണാകുളത്തേയ്ക്കു വരികയായിരുന്ന ഗരുഡ കിംങ് ക്ലാസ് ബസിൽ നിയന്ത്രണം വിട്ടെത്തിയ കണ്ടെയ്‌നർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ മരണം 19 ആയി. ഇരുപതോളം പേർ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. അപകടത്തിൽപ്പെട്ട കെ.എസ്.ആർ.ടി.സി ബസിന്റെ കണ്ടക്ടറും ഡ്രൈവറും അപകടത്തിൽ കൊല്ലപ്പെട്ടു. ആകെ 48 യാത്രക്കാരുമായാണ് ബസ് കേരളത്തിലേയ്ക്കു പോന്നിരുന്നത്.

 

എറണാകുളം സ്വദേശി ഐശ്വര്യ (28), തൃശൂർ സ്വദേശികളായ നസീഫ് മുഹമ്മദ് അലി (24), റോസിലി, കിരൺ കുമാർ എം.എസ് (33), ഹനീഷ് (25), ഇഗ്നി റാഫേൽ (39), പാലക്കാട് സ്വദേശികളായ രാഗേഷ് (35), ശിവകുമാർ (35), ആലപ്പുഴ തുറവൂർ സ്വദേശി ജിസ്‌മോൻ ഷാജു (24) എന്നിവരാണ് മരിച്ച യാത്രക്കാർ. കെ.എസ്.ആർ.ടി.സി ഡ്രൈവർ കം കണ്ടക്ടർമാരായ പെരുമ്പാവൂർ സ്വദേശി വി.ഡി ഗിരീഷ് (44), പിറവം സ്വദേശി വി.ആർ ബൈജു എന്നിവരും മരിച്ചതായി തിരിച്ചറിഞ്ഞിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരിച്ചവരിൽ ആറു പേർ മലയാളികളാണ്. ഇനി എട്ടു പേരെ കൂടി തിരിച്ചറിയാനുണ്ട്. ബസ് യാത്രക്കാരായിരുന്ന 42 പേരും മലയാളികളായിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ബസിന്റെ റിസർവേഷൻ ചാർട്ടും ഇതിനിടെ കെ.എസ്.ആർ.ടി.സി പുറത്തു വിട്ടിട്ടുണ്ട്. 25 യാത്രക്കാർ എറണാകുളത്തിലും, നാലു പേർ പാലക്കാടിനും 19 പേർ തൃശൂരിനുമാണ് ടിക്കറ്റ് എടുത്തിരുന്നത്.

അപകടത്തിൽപ്പെട്ട ബസിനുള്ളിൽ കുടുങ്ങിക്കിടന്ന ബസ് ഡ്രൈവറെ ബസ് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ബസ് ഇടിച്ചു തെറിച്ച ഡ്രൈവർ കണ്ടെയ്‌നർ ലോറിയ്ക്കുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.