വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ മുങ്ങിയ വരൻ പൊങ്ങിയത് മൂന്ന് വർഷങ്ങൾക്ക് ശേഷം ; യുവാവ് പൊലീസ് പിടിയിൽ
സ്വന്തം ലേഖകൻ
കൊച്ചി: വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ മുങ്ങിയ വരൻ പൊങ്ങിയത് മൂന്ന് വർഷങ്ങൾക്ക് ശേഷം. വിവാഹത്തിനായി കല്ല്യാണപ്പന്തലും സദ്യയുമെല്ലാം ഒരുക്കി കാത്തിരിക്കവെ വിവാഹത്തിന്റെ തലേദിവസമാണ് മുങ്ങിയത്. ഉദയത്തുംവാതിൽ സ്വദേശിയായ യുവാവാണ് വിവാഹം നടക്കാൻ ഏതാനും മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെ വീട്ടുകാർക്ക് ഈ ബന്ധത്തിന് താൽപര്യമില്ലെന്ന് പറഞ്ഞ് നാടുവിട്ടത്.
ചേപ്പനം സ്വദേശിനിയുമായി പ്രണയത്തിലായിരുന്ന യുവാവിന്റെയും യുവതിയുടേയും വിവാഹം 2017 ൽ നടത്താനാണ് നിശ്ചയിച്ചിരുന്നത്. യുവാവിന്റെയും യുവതിയുടെയും വീട്ടുകാരുടെ അറിവോടെയായിരുന്നു ഇവരുടെ കല്യാണം നിശ്ചയിച്ചത്. എന്നാൽ കല്ല്യാണത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതിന് ശേഷമാണ് വരൻ നാടുവിട്ട വിവരം വധുവും വീട്ടുകാരും അറിയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് വധുവിന്റെ വീട്ടുകാർ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നൽകുകയായിരുന്നു. അതിനിടെ യുവാവിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഇയാളുടെ വീട്ടുകാരും പൊലീസിൽ പരാതി നൽകി. യുവാവിനെ കണ്ടെത്താനായി പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് നെടുങ്കണ്ടത്ത് നിന്നും ഇയാളെ കണ്ടെത്തിയത്.
തന്റെ വീട്ടുകാർക്ക് ആ പെൺകുട്ടിയുമായുള്ള വിവാഹത്തിന് താത്പര്യമില്ലായിരുന്നുവെന്നും അതിനാലാണ് താൻ നാടുവിട്ടതെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. കസ്റ്റഡിയിലെടുത്ത യുവാവിന് കോടതി ജാമ്യം അനുവദിച്ചു.