play-sharp-fill
5 വർഷം കൊണ്ട് ജനങ്ങളില്‍ നിന്ന് പെറ്റിയിനത്തില്‍ 424 കോടി പിരിച്ചെടുക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതി ; ലക്ഷക്കണക്കിന് രൂപ പിഴയിനത്തില്‍ സർക്കാരിന് കിട്ടിയെങ്കിലും എ.ഐ ക്യാമറ സ്ഥാപിച്ച ഇനത്തില്‍ കിട്ടാനുള്ള തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് കെല്‍ട്രോണ്‍ ഹൈക്കോടതിയിൽ ; ഇതുവരെ ചുമത്തിയത് 300 കോടി രൂപയുടെ പിഴ ; ക്യാമറാ ഇടപാടില്‍ ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ഏറെ…

5 വർഷം കൊണ്ട് ജനങ്ങളില്‍ നിന്ന് പെറ്റിയിനത്തില്‍ 424 കോടി പിരിച്ചെടുക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതി ; ലക്ഷക്കണക്കിന് രൂപ പിഴയിനത്തില്‍ സർക്കാരിന് കിട്ടിയെങ്കിലും എ.ഐ ക്യാമറ സ്ഥാപിച്ച ഇനത്തില്‍ കിട്ടാനുള്ള തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് കെല്‍ട്രോണ്‍ ഹൈക്കോടതിയിൽ ; ഇതുവരെ ചുമത്തിയത് 300 കോടി രൂപയുടെ പിഴ ; ക്യാമറാ ഇടപാടില്‍ ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ഏറെ…

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗത നിരീക്ഷണത്തിന് സ്ഥാപിച്ച എ.ഐ ക്യാമറകള്‍ 50 ലക്ഷം നിയമലംഘനങ്ങള്‍ കണ്ടെത്തി ലക്ഷക്കണക്കിന് രൂപ പിഴയിനത്തില്‍ സർക്കാരിന് കിട്ടിയെങ്കിലും ക്യാമറ സ്ഥാപിച്ച കെല്‍ട്രോണിന് പണം നല്‍കുന്നില്ല.

ക്യാമറ സ്ഥാപിച്ച ഇനത്തില്‍ കിട്ടാനുള്ള തുകയുടെ മൂന്നും നാലും ഗഡുക്കള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കെല്‍ട്രോണ്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെല്‍ട്രോണിന്റെ കേസ് പരിഗണിച്ച്‌ ഒന്നും രണ്ടും ഗഡുവായി 11.79 കോടി വീതം നല്‍കാൻ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. 5 വർഷം കൊണ്ട് ജനങ്ങളില്‍ നിന്ന് പെറ്റിയിനത്തില്‍ 424 കോടി പിരിച്ചെടുക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. 236 കോടിരൂപ ചെലവിട്ട് ബില്‍ഡ് ഓണ്‍ ഓപ്പറേറ്റ് ആൻഡ് ട്രാൻസ്ഫർ (ബി.ഒ.ഒ.ടി) മാതൃകയിലുള്ള പദ്ധതിക്കാണ് ടെൻഡർ വിളിച്ചത്. പിന്നീട് പണം നല്‍കി നടപ്പാക്കുന്ന രീതിയിലേക്ക് മാറ്റി.

സംസ്ഥാനത്തുടനീളം 726 നിർമ്മിതബുദ്ധി (ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ്) ക്യാമറകള്‍ സ്ഥാപിച്ചതിലെ അഴിമതിയെക്കുറിച്ച്‌ വിജിലൻസും അന്വേഷിക്കുന്നുണ്ട്. ഇതുസംബന്ധിച്ച മോട്ടോർ വാഹന വകുപ്പിലെ ഫയലുകള്‍ ശേഖരിച്ച്‌ പരിശോധിച്ചു. സെക്രട്ടറി തലത്തില്‍ അംഗീകരിച്ച്‌ കെല്‍ട്രോണിന് കൈമാറിയ ഫയലുകളില്‍ പിന്നീട് ഇടപെടലുകളുണ്ടായെന്നാണ് കണ്ടെത്തല്‍.

കരുനാഗപ്പള്ളിയിലെ ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ എന്ന സംഘടന നല്‍കിയ പരാതിയില്‍ വിജിലൻസ് പ്രാഥമിക പരിശോധന നടത്തി പരാതിയില്‍ കഴമ്ബുണ്ടെന്നും അന്വേഷിക്കേണ്ടതാണെന്നും കണ്ടെത്തിയാണ് സർക്കാരിന്റെ അനുമതി തേടിയത്. ജോയിന്റ് ട്രാൻസ്പോർട്ട് കമ്മിഷണറായിരുന്ന രാജീവ് പുത്തലത്ത്, അക്കൗണ്ടന്റ് രാജേഷ് എന്നിവർക്കെതിരെയാണ് പരാതിയെങ്കിലും മുഴുവൻ ഇടപാടുകളും അന്വേഷിക്കു‌ന്നുണ്ട്.

ഗുണമേന്മ കുറഞ്ഞ കാമറകള്‍ വൻവിലയ്ക്ക് വാങ്ങി, ടെൻഡറിലടക്കം തിരിമറി നടത്തി, ഉയർന്ന തുകയ്ക്ക് മോട്ടോർ വാഹനവകുപ്പിനായി വൈദ്യുതി വാഹനങ്ങള്‍ വാടകയ്ക്കെടുത്ത് കാറുകള്‍ വാങ്ങുന്നതിലധികം തുക വാടകയായി നല്‍കി, കമ്ബ്യൂട്ടറുകളും ലാപ്ടോപ്പുകളും ഉയർന്ന നിരക്കില്‍ വാങ്ങിക്കൂട്ടി, വൻവിലയ്ക്ക് സെർവറുകള്‍ വാങ്ങി, സ്ഥലംമാറ്റങ്ങളില്‍ കോഴ എന്നിങ്ങനെ അഞ്ച് പരാതികളാണ് ജോയിന്റ് കമ്മിഷണർക്കെതിരേയുണ്ടായിരുന്നത്. ഇതെല്ലാം അന്വേഷിക്കുന്നുണ്ട്.‍

ക്യാമറാ ഇടപാടില്‍ ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ഏറെയുണ്ട്. 232.25 കോടിയുടെ പദ്ധതിയില്‍ ക്യാമറയ്ക്കുള്ള 74 കോടി ചെലവിനു പുറമെയുള്ള തുക സാങ്കേതിക സംവിധാനങ്ങള്‍, സെർവർ റൂം, പലിശ, പ്രവർത്തന ചെലവ് ഇനത്തില്‍ കണക്കാക്കിയത് ശരിയോ ?

സ്വന്തമായി നിർമ്മിച്ച ഉപകരണങ്ങള്‍ക്ക് കണ്‍സള്‍ട്ടൻസി തുക നല്‍കാനാവില്ലെന്ന ധനവകുപ്പിന്റെ എതിർപ്പ് വകവയ്ക്കാതെ കണ്‍സള്‍ട്ടൻസി ഫീസായി 7.56 കോടി നല്‍കിയതെന്തിന് ? സ്വകാര്യകമ്ബനിയായ എസ്.ആർ.ഐ.ടിക്ക് 121 കോടിയുടെ ഉപകരാർ നല്‍കിയപ്പോഴാണോ തുടക്കത്തില്‍ 151 കോടിയായിരുന്ന പദ്ധതി 232.25 കോടിയായി ഉയർന്നത് ?

ലോകോത്തര നിലവാരത്തിലുള്ള ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് (എ.ഐ) സാങ്കേതികവിദ്യയിലാണ് ക്യാമറകള്‍ പ്രവർത്തിക്കുന്നതെന്ന കെല്‍ട്രോണിന്റെ അവകാശവാദം ശരിയോ ? ഗതാഗത കമ്മിഷണറുമായുള്ള ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ കൃത്യതയുള്ള ടെൻഡറില്ലാതെയാണോ സ്വകാര്യകമ്ബനികള്‍ക്ക് ഉപകരാറുകള്‍ നല്‍കിയത്.

സർക്കാരില്‍ നിന്ന് പണം കിട്ടാത്തതിനാല്‍ പെറ്റി രസീത് അയയ്ക്കുന്നത് കെല്‍ട്രോണ്‍ നിർത്തിവച്ചിരിക്കുകയാണ്. ഒരുവർഷത്തേക്ക് 25 ലക്ഷം നോട്ടീസ് വിതരണംചെയ്യാനുള്ള കരാറാണ് കെല്‍ട്രോണിന് നല്‍കിയിരുന്നത്. അച്ചടിയും തപാല്‍ക്കൂലിയും കവറും ഉള്‍പ്പെടെ ഒരു നോട്ടീസിന് 20 രൂപയാണ് പ്രതിഫലം.

ഇ-ചെലാൻ വഴി പിഴചുമത്തുമ്ബോള്‍ വാഹന ഉടമയുടെ മൊബൈല്‍ നമ്ബരില്‍ എസ്.എം.എസ്. അയക്കും. എന്നാല്‍, പലരും ഇത് ശ്രദ്ധിക്കാറില്ല. മൊബൈല്‍ നമ്ബർ കൃത്യമല്ലെങ്കില്‍ നോട്ടീസിലൂടെയാണ് വിവരം അറിയുന്നത്. ഇതുവരെ 300 കോടി രൂപയുടെ പിഴയാണ്‌ ചുമത്തിയിട്ടുള്ളത്. ഇതില്‍ 64 കോടിയാണ് ഇതുവരെ അടച്ചിട്ടുള്ളത്. ക്യാമറകള്‍ക്കും കണ്‍ട്രോള്‍ റൂമുകള്‍ക്കുമായി കെല്‍ട്രോണ്‍ 165 കോടി ചെലവിട്ടിരുന്നു.