വൃദ്ധയെ തീ കൊളുത്തി കൊല്ലാൻ ശ്രമം; സി പി ഐ നേതാവ് അറസ്റ്റിൽ

വൃദ്ധയെ തീ കൊളുത്തി കൊല്ലാൻ ശ്രമം; സി പി ഐ നേതാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ

ഇടുക്കി : തൂക്കുപാലത്ത് വൃദ്ധയെ ഡീസല്‍ ഒഴിച്ച്‌ തീകൊളുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പഞ്ചായത്തംഗവും കൂട്ടാളിയും അറസ്റ്റില്‍.

നെടുങ്കണ്ടം പഞ്ചായത്തംഗവും എഐവൈഎഫ് ജില്ലാ വൈസ്പ്രസിഡന്റുമായ അജീഷും കൂട്ടാളി വിജയനുമാണ് അറസ്റ്റിലായത്.

സിപിഐ ഉടുമ്ബന്‍ചോല മണ്ഡലം കമ്മിറ്റി അംഗം കൂടിയാണ് അജീഷ്. സംഭവം വിവാദമായതോടെ അജീഷിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തതായി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍ പറഞ്ഞു.

തൂക്കുപാലം പ്രകാശ് ഗ്രാം സ്വദേശി ശശിധരന്‍ പിള്ളയുടെ ഭാര്യ തങ്കമണിക്ക് നേരെയാണ് സിപിഐ നേതാവും കൂട്ടാളികളും ചേര്‍ന്ന് അക്രമം നടത്തിയത്. പലചരക്ക് കട നടത്തുന്ന ശശിധരന്‍ പിള്ളയെ ലക്ഷ്യമിട്ടെത്തിയ സംഘം ആ സമയത്ത് കടയിലുണ്ടായിരുന്ന തങ്കമണിയെ ആക്രമിക്കുകയായിരുന്നു.

തങ്കമണിയെ ക്രൂരമായി മര്‍ദ്ദിച്ച സംഘം ഡീസലൊഴിച്ച്‌ തീകൊളുത്തി കൊല്ലാനും ശ്രമിച്ചു. ഓടി മാറിയത് കൊണ്ടു മാത്രമാണ് തങ്കമണി രക്ഷപ്പെട്ടത്. തുടര്‍ന്ന് അക്രമികള്‍ കട അടിച്ചുതകര്‍ക്കുകയും സാധനങ്ങള്‍ വലിച്ചിട്ട് കത്തിക്കുകയും ചെയ്തു.

ശശിധരന്‍ പിളളയോടുള്ള മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. ദിവസങ്ങള്‍ക്ക് മുന്‍പ് അജീഷിന്റെ സുഹൃത്ത് ബിജു കടയിലിരുന്ന് മറ്റാരാളോട് വഴക്കിട്ടിരുന്നു. എന്നാല്‍ തന്‍റെ കടയില്‍ വച്ച്‌ അടികൂടാന്‍ പറ്റില്ലെന്ന് പറഞ്ഞതോടെ ശശിധരന്‍ പിള്ളയുടെ നേര്‍ക്കായി ഇയാളുടെ ആക്രമണം. മര്‍ദ്ദനമേറ്റ ശശിധരന്‍ പിള്ള പോലീസില്‍ പരാതി നല്‍കി.

ഇതിന്‍റെ വൈരാഗ്യത്തിലാണ് ബിജുവും അജീഷും കടയിലെത്തി ആക്രമിച്ചത്.

മര്‍ദ്ദനമേറ്റ തങ്കമണി തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വധശ്രമം,വീടുകയറി അതിക്രമം തുടങ്ങിയ കുറ്റങ്ങളാണ് സിപിഐ കമ്മിറ്റിയംഗമായ അജീഷിനെതിരെ ചുമത്തിയിട്ടുള്ളത്. സംഭവശേഷം ഒളിവില്‍ പോയ മറ്റൊരു പ്രതിയായ ബിജുവിനായി അന്വേഷണം തുടരുകയാണെന്നും നെടുങ്കണ്ടം പോലീസ് പറഞ്ഞു.

കട്ടപ്പന ഡിവൈഎസ്പി. വി എ നിഷാദ് മോൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.