അവസാന വോട്ടും ചെയ്തു മടക്കം…! ലോക്സഭാ തിരഞ്ഞെടുപ്പിൽ വീട്ടിൽ വോട്ടു ചെയ്ത് മിനിറ്റുകൾക്കുള്ളിൽ മൂന്ന് പേർ മരിച്ചു; വിട പറഞ്ഞവരിൽ പാലാ സ്വദേശിയായ വയോധികനും
പാലാ: ലോക്സഭാ തിരഞ്ഞെടുപ്പിൽ വീട്ടിൽവച്ചു വോട്ടു ചെയ്തതിനു പിന്നാലെ 3 പേർ മരിച്ചു.
കോട്ടയം പാലാ കൊച്ചുകൊട്ടാരം മനക്കുന്ന് എറയണ്ണൂർ എ.കെ.രാമൻ നായർ (99), തിരുവനന്തപുരം വെള്ളനാട് നീരാഴി തങ്ക ഭവനിൽ പി.കെ.തങ്കപ്പൻ (85), അരിക്കുളം കുറ്റ്യാപ്പുറത്ത് കുഞ്ഞിമാണിക്യം (87) എന്നിവരാണു വോട്ടു ചെയ്ത ശേഷം വിടവാങ്ങിയത്.
തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഇന്നലെ ഉച്ചയ്ക്ക് 12.30നാണ് രാമൻനായർ വോട്ട് ചെയ്തത്. 15 മിനിറ്റ് കഴിഞ്ഞ്, ഉദ്യോഗസ്ഥർ ഇറങ്ങിയ ഉടൻ പരിചരിക്കാനായി എത്തിയ കൊഴുവനാൽ പഞ്ചായത്ത് പാലിയേറ്റീവ് പ്രവർത്തകരുടെ സാന്നിധ്യത്തിലായിരുന്നു മരണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭാര്യ: തോടനാൽ എള്ളംപ്ലാക്കൽ പരേതയായ സരോജിനിയമ്മ. മകൾ: പരേതയായ തങ്കമണി. മരുമകൻ: പരേതനായ പുരുഷോത്തമൻ നായർ നാരകപ്പുഴയ്ക്കൽ (തമ്പലയ്ക്കാട്). സംസ്കാരം ഇന്നു രാവിലെ 10നു കൊച്ചുമകൻ ദയൻ എറയണ്ണൂരിന്റെ വസതിയിൽ.
പോളിങ് ഉദ്യോഗസ്ഥർ വീട്ടിലെത്തി തങ്കപ്പന്റെ വോട്ട് രേഖപ്പെടുത്തി 10 മിനിറ്റ് കഴിഞ്ഞപ്പോൾ മരിച്ചു. സംസ്കാരം നടത്തി. ഭാര്യ: എസ്.തങ്കമണി. മക്കൾ: സി.ടി.ഷിബു, സി.ടി.ഷീബ, പരേതനായ ഷിജു. മരുമക്കൾ: ബി.ലേഖ, കല, പരേതനായ സനൽ കുമാർ.
ഇന്നലെ വൈകിട്ടു 4 മണിയോടെയാണ് കുഞ്ഞിമാണിക്യം വോട്ടു ചെയ്തത്. 7 മണിയോടെ മരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: ജാനകി, രാമകൃഷ്ണൻ, ഗണേശൻ, രാധ, ബാബു.