play-sharp-fill
എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിൽ പി.പി. ദിവ്യ ഭീഷണിപ്പെടുത്തിയ ബോംബ് കൃത്യം രണ്ടു ദിവസം കഴിഞ്ഞപ്പോൾ സ്വന്തം തലയിൽ വീണുപൊട്ടി: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പോയി: ദിവ്യയ്ക്കും പാർട്ടിക്കും വൻ തിരിച്ചടി

എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിൽ പി.പി. ദിവ്യ ഭീഷണിപ്പെടുത്തിയ ബോംബ് കൃത്യം രണ്ടു ദിവസം കഴിഞ്ഞപ്പോൾ സ്വന്തം തലയിൽ വീണുപൊട്ടി: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പോയി: ദിവ്യയ്ക്കും പാർട്ടിക്കും വൻ തിരിച്ചടി

കണ്ണൂർ: കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻ ബാബു ജീവനൊടുക്കിയതിനെ തുടർന്ന് ഉയർന്ന കടുത്ത സമ്മർദത്തിന് ഒടുവില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പദവി രാജിവെച്ച്‌ പി.പി.
ദിവ്യ. സിപിഎം ജില്ലാ നേതൃത്വം കൈവിട്ടതോടെ രാജിയല്ലാതെ മറ്റൊരു വഴിയും ഇല്ലാതായി.

എ.ഡി.എം നവീൻ ബാബു ഇരിക്കെ ഒരു യാത്രയയപ്പ് യോഗത്തില്‍ ക്ഷണിക്കാതെ എത്തിയ ദിവ്യ നടത്തിയ വിവാദ പ്രസംഗം ഒരു മരണത്തിന് തന്നെ കാരണം ആയി.
എ.ഡി.എം കേള്‍ക്കെ അദ്ദേഹത്തിനെതിരെ ഗുരുതര ആരോപണം ഉന്നയിക്കുകയും രണ്ട് ദിവസത്തിനുള്ളില്‍ ഒരു ബോംബ് പൊട്ടുമെന്നും ദിവ്യ പരസ്യമായി പറഞ്ഞിരുന്നു.

അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ നവീൻ ബാബുവിനെ കടുത്ത മാനസിക സമ്മർദ്ദതിലാക്കുകയും തുടർന്ന് ആത്മഹത്യയിലേക്ക് നയിക്കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദിവ്യ ആ യോഗത്തില്‍ ഉന്നയിച്ച രണ്ട് ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. കൃത്യം രണ്ടാം നാള്‍ ആ ബോംബ് പൊട്ടി വീണത് സ്വന്തം തലയിലും. പാർട്ടിയും കൈവിട്ടതോടെ ഒരിക്കലും നഷ്ടമാകില്ല എന്ന് വിചാരിച്ച അധികാരവും ഒഴിഞ്ഞു. ഇനി അന്വേഷണങ്ങളും കേസും അറസ്റ്റും ഒക്കെ കാത്ത് ഇരിക്കാം ദിവ്യക്ക്.

അതേസമയം, അഴിമതിക്കെതിരായ സദുദ്ദേശവിമർശനമാണ് താൻ നടത്തിയതെന്നും നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കുമെന്നും വ്യക്തമാക്കികൊണ്ടായിരുന്നു പി.പി. ദിവ്യയുടെ രാജി പ്രഖ്യാപനവും.

ദിവ്യയെ പദവിയില്‍നിന്ന് പുറത്താക്കുന്ന കാര്യം ഇന്നലെ രാത്രി 10മണിക്ക് ശേഷമാണ് സി.പി.എം ജില്ലാ കമ്മിറ്റി പുറത്തുവിട്ടത്. ഇതിനുപിന്നാലെ രാജി സന്നദ്ധത അറിയിച്ച്‌ ദിവ്യയുടെ കുറിപ്പും ജില്ലാ കമ്മിറ്റി പുറത്തുവിട്ടു.

ചൊവ്വാഴ്ച രാവിലെയാണ് കണ്ണൂർ എ.ഡി.എം കെ. നവീൻ ബാബുവിനെ പള്ളിക്കുന്നിലെ കോർട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂരില്‍നിന്ന് സ്വദേശമായ പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം ലഭിച്ച നവീൻ ബാബുവിന് തിങ്കളാഴ്ച കണ്ണൂർ കലക്ടറേറ്റ് കോണ്‍ഫറൻസ് ഹാളില്‍ യാത്രയയപ്പ് നല്‍കിയിരുന്നു.

ഈ ചടങ്ങില്‍ പി.പി. ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് പിറ്റേന്ന് നവീൻ ബാബുവിനെ മരിച്ച നിലയില്‍ കണ്ടത്.
യാത്രയയപ്പ് യോഗത്തില്‍ ക്ഷണിക്കാതെയാണ് പി.പി. ദിവ്യ എത്തിയത്. എ.ഡി.എമ്മിനെക്കുറിച്ച്‌ എല്ലാവരും സംസാരിക്കുന്നതിനിടെ അപ്രതീക്ഷിതമായി കയറിവന്ന ജില്ല പഞ്ചായത്ത്

പ്രസിഡന്റ്, ചെങ്ങളായിയില്‍ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നത് മാസങ്ങളോളം വൈകിപ്പിച്ച എ.ഡി.എമ്മിന്റെ നടപടിയില്‍ വിമർശനം ഉന്നയിച്ചിരുന്നു. സ്ഥലംമാറ്റം വന്നതിനുശേഷം രണ്ടുദിവസം മുമ്പ് അനുമതി നല്‍കിയെന്നും അത് എങ്ങനെയാണെന്ന് തനിക്കറിയാമെന്നും പറഞ്ഞ ദിവ്യ, രണ്ട് ദിവസത്തിനകം വിവരങ്ങള്‍ പുറത്തുവിടുമെന്നും പറഞ്ഞിരുന്നു.

നവീൻ ബാബു ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസില്‍ പി.പി. ദിവ്യയെ പ്രതിചേർത്ത് അന്വേഷണ സംഘം കോടതിയില്‍ റിപ്പോർട്ട് നല്‍കിയിരുന്നു. ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി തളിപ്പറമ്പ് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കണ്ണൂർ ടൗണ്‍ സി.ഐ റിപ്പോർട്ട് സമർപ്പിച്ചത്. വലിയ തോതില്‍ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലായിരുന്നു നടപടി.

ജാമ്യമില്ലാ വകുപ്പുപ്രകാരമുള്ള കുറ്റത്തിന് പത്തു വർഷം വരെ തടവു ശിക്ഷ ലഭിക്കാം. കേസുമായി ബന്ധപ്പെട്ട് കണ്ണൂർ കലക്ടറേറ്റ് ജീവനക്കാരില്‍നിന്ന് ഉള്‍പ്പെടെ മൊഴിയെടുത്തിരുന്നു. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് ദിവ്യയെ പ്രതി ചേർത്തത്.

നേരത്തെ പി.പി. ദിവ്യക്കെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തിരുന്നു. നിയമപരമായ നടപടികള്‍ ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് കമീഷൻ കേസെടുത്തത്. ജില്ലാ കലക്ടറും ജില്ലാ പൊലീസ് മേധാവിയും പരാതി പരിശോധിച്ച്‌ രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. നവംബർ 19 ന് കണ്ണൂർ ഗവ.ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കും.