play-sharp-fill
കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് സ്വർണം പിടികൂടുന്ന കേസുകളുടെ എണ്ണം കൂടുതൽ; ഒരു മാസം പത്തു മുതല്‍ 15 കേസുകള്‍ വരെ; ലക്ഷക്കണക്കിന് രൂപയുടെ സ്വർണം പിടികൂടിയിരുന്നത് കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങുന്നവരില്‍നിന്ന്; എസ്. സുജിത്ദാസ് മലപ്പുറം പോലീസ് മേധാവിയായിരുന്ന കാലത്ത് നടന്ന സംഭവങ്ങൾ ഇപ്പോൾ സംശയത്തിന്റെ നിഴലിൽ

കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് സ്വർണം പിടികൂടുന്ന കേസുകളുടെ എണ്ണം കൂടുതൽ; ഒരു മാസം പത്തു മുതല്‍ 15 കേസുകള്‍ വരെ; ലക്ഷക്കണക്കിന് രൂപയുടെ സ്വർണം പിടികൂടിയിരുന്നത് കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങുന്നവരില്‍നിന്ന്; എസ്. സുജിത്ദാസ് മലപ്പുറം പോലീസ് മേധാവിയായിരുന്ന കാലത്ത് നടന്ന സംഭവങ്ങൾ ഇപ്പോൾ സംശയത്തിന്റെ നിഴലിൽ

മലപ്പുറം: എസ്. സുജിത്ദാസ് മലപ്പുറം പോലീസ് മേധാവിയായിരുന്ന കാലത്ത് കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് സ്വർണം പിടികൂടുന്ന കേസുകളുടെ എണ്ണം വർധിച്ചത് സംശയമുയർത്തുന്നു. ഒരു മാസം പത്തു മുതല്‍ 15 കേസുകള്‍ വരെ വിമാനത്താവളത്തിന് പുറത്ത് പിടികൂടുമായിരുന്നു.

കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങുന്നവരില്‍നിന്നാണ് ലക്ഷക്കണക്കിന് രൂപയുടെ സ്വർണം പിടികൂടിയിരുന്നത്. എന്നാല്‍, അദ്ദേഹം ചുമതലയില്‍ നിന്നൊഴിഞ്ഞതോടെ പോലീസിന്റെ സ്വർണം പിടികൂടല്‍ കേസുകള്‍ കുറഞ്ഞു. എസ്.പിക്ക് ലഭിക്കുന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് വിമാനത്താവളത്തിനടുത്തെത്തി സ്വർണം കൊണ്ടുവരുന്നവരെ പിടികൂടുകയായിരുന്നു പതിവ്.


ഇതിന്റെ പേരില്‍ എസ്.പിക്ക് പ്രശംസയും ലഭിച്ചു. മലപ്പുറം എസ്.പിക്ക് എങ്ങനെ ഇത്രമാത്രം രഹസ്യവിവരങ്ങള്‍ ലഭിക്കുന്നെന്ന ചോദ്യം അക്കാലത്തുയർന്നിരുന്നു. പി.വി. അൻവർ എം.എല്‍.എ പുറത്തുവിട്ട രഹസ്യവിവരങ്ങള്‍ ഈ സംശയത്തിന് ബലം നല്‍കുന്നവയാണ്. എ.ഡി.ജി.പി എം.ആർ. അജിത്ത്കുമാർ-എസ് സുജിത്ദാസ് കൂട്ടുകെട്ടില്‍ വൻതോതില്‍ സ്വർണം പിടികൂടുകയും അവ പകുതിയിലേറെ പോലീസ് കൈക്കലാക്കുകയും ചെയ്തെന്നാണ് എം.എല്‍.എ വെളിപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദുബൈ ഗോള്‍ഡ് മാർക്കറ്റില്‍ അജിത്കുമാറിന്റെ ചാരന്മാരുണ്ടായിരുന്നെന്നും അവിടെ സ്വർണം വാങ്ങുന്ന മലയാളികളുടെ വിവരങ്ങള്‍ ശേഖരിച്ച്‌ അവർ ഏതു വിമാനത്തില്‍ സഞ്ചരിക്കുന്നെന്ന കൃത്യമായ വിവരം എ.ഡി.ജി.പിയുടെ സംഘത്തെ അറിയിക്കുകയും ചെയ്യുമായിരുന്നെന്ന് പറയുന്നു.

എ.ഡി.ജി.പി ഈ വിവരം മലപ്പുറം എസ്.പിക്ക് കൈമാറും. ഇവിടെ പിടികൂടുന്ന സ്വർണം പകുതിയേ കണക്കില്‍ കാണിച്ചിരുന്നുള്ളൂ. സ്വർണവുമായി വന്നവരില്‍നിന്ന് മൊഴിയെടുത്താല്‍ ഇത് വ്യക്തമാകുമെന്നും എം.എല്‍.എ പറയുന്നു. എം.എല്‍.എയുടെ വെളിപ്പെടുത്തല്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെടുന്നുണ്ടെങ്കിലും സുജിത്ദാസിനുശേഷം എന്തുകൊണ്ട് സ്വർണം പിടികൂടല്‍ കേസുകള്‍ കുറഞ്ഞെന്ന ചോദ്യം ബാക്കിയാണ്.

സ്വർണക്കടത്തുമായും മറ്റും ബന്ധപ്പെട്ട ദുരൂഹമരണങ്ങള്‍ പുനരന്വേഷിക്കണമെന്നും അൻവർ ആവശ്യപ്പെട്ടിട്ടുണ്ട്. 2021ലാണ് കരിപ്പൂർ വിമാനത്താവളത്തില്‍ പോലീസ് എയ്ഡ്പോസ്റ്റ് സ്ഥാപിച്ചത്.