play-sharp-fill
ഞാൻ എന്റെ ചെരുപ്പൂരി കാണിച്ചിട്ട് 41 ആണ് ഉപയോഗിക്കുന്നതെന്ന് പറഞ്ഞു, ഇവിടെവച്ച് തല്ല് കൊള്ളുന്നോ അതോ യൂണിറ്റിലെ മറ്റുള്ളവരുടെ മുന്നിൽവച്ച് വേണോയെന്ന് ചോദിച്ചു, ഒറ്റയ്ക്കായിരുന്നത് മുതലെടുത്ത് സമീപിച്ചത് നിർമാതാവ്; മലയാള സിനിമയിലെ വിവാദങ്ങൾക്ക് പിന്നാലെ അനുഭവം തുറന്നുപറഞ്ഞ് നടി ഖുശ്‌ബു

ഞാൻ എന്റെ ചെരുപ്പൂരി കാണിച്ചിട്ട് 41 ആണ് ഉപയോഗിക്കുന്നതെന്ന് പറഞ്ഞു, ഇവിടെവച്ച് തല്ല് കൊള്ളുന്നോ അതോ യൂണിറ്റിലെ മറ്റുള്ളവരുടെ മുന്നിൽവച്ച് വേണോയെന്ന് ചോദിച്ചു, ഒറ്റയ്ക്കായിരുന്നത് മുതലെടുത്ത് സമീപിച്ചത് നിർമാതാവ്; മലയാള സിനിമയിലെ വിവാദങ്ങൾക്ക് പിന്നാലെ അനുഭവം തുറന്നുപറഞ്ഞ് നടി ഖുശ്‌ബു

ചെന്നൈ: മലയാള സിനിമയിൽ വലിയ വിവാദങ്ങൾക്ക് വഴിതെളിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ തനിക്കുണ്ടായ മോശം അനുഭവം തുറന്നുപറഞ്ഞ് നടിയും ദേശീയ വനിത കമ്മിഷൻ അംഗവുമായ ഖുശ്‌ബു. ദക്ഷിണേന്ത്യൻ സിനിമയിലെ തുടക്കകാലത്താണ് ഒരു നിർമാതാവിൽ നിന്ന് ദുരനുഭവം ഉണ്ടായതെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടി വ്യക്തമാക്കി.

‘ഞാൻ സിനിമാ മേഖലയിൽ ഒറ്റയ്ക്കായിരുന്നത് മുതലെടുത്ത് ഒരു നിർമാതാവ് എന്നെ സമീപിച്ചിരുന്നു. എനിക്കിവിടെ ഒരു ഗോഡ്‌ഫാദർ ഇല്ലായിരുന്നു. അതിനാൽ തന്നെ ഞാൻ സമ്മർദ്ദത്തിന് വഴങ്ങുമെന്ന് അയാൾ കരുതിയിരിക്കണം. ഒരു തെലുങ്ക് സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയമാണ്. എന്റെ മേക്കപ്പ് റൂമിലേയ്ക്ക് കടന്നുവന്ന അയാൾ എനിക്കൊരു സൂചന തന്നു.


ഞാൻ എന്റെ ചെരുപ്പൂരി കാണിച്ചിട്ട് ഞാൻ 41 (ചെരുപ്പിന്റെ അളവ്) ആണ് ഉപയോഗിക്കുന്നതെന്ന് പറഞ്ഞു. ഇവിടെവച്ച് തല്ല് കൊള്ളുന്നോ അതോ യൂണിറ്റിലെ മറ്റുള്ളവരുടെ മുന്നിൽവച്ച് തല്ലണോയെന്ന് ചോദിച്ചു. അതയാളെ നിലയ്ക്ക് നിർത്തി’- ഖുശ്‌ബു പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ത്രീകൾ മാത്രമല്ല, പുരുഷന്മാരും മുന്നോട്ട് വരണമെന്നും ദുരനുഭവം ഉണ്ടായവരെ പിന്തുണയ്ക്കണമെന്നും നടി ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് നടി കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിൽ കുറിപ്പ് പങ്കുവച്ചത് ഏറെ ശ്രദ്ധനേടിയിരുന്നു.

ദുരുപയോഗങ്ങൾക്ക് തടയിടാൻ ഹേമ കമ്മിറ്റി വളരെ ആവശ്യമായിരുന്നു. ഇത് എല്ലാവർക്കും തിരിച്ചറിയലിനുള്ള അവസരമായിരിക്കണമെന്നും ഖുശ്‌ബു സമൂഹമാധ്യമത്തിൽ കുറിച്ചു.

‘നിങ്ങളുടെ തുറന്നുപറച്ചിൽ ഇന്നാണോ നാളെയാണോ എന്നത് പ്രശ്നമല്ല. എത്ര നേരത്തെ പറയുന്നോ അത്രയും നേരത്തെ മുറിവുകളുണങ്ങാനും അന്വേഷണം കാര്യക്ഷമമാക്കാനും സഹായിക്കും. അതിജീവിത എനിക്കും നിങ്ങൾക്കും പരിചയമില്ലാത്തയാൾ ആയിരിക്കും.

പക്ഷേ, നമ്മുടെ പിന്തുണ അവർക്കാവശ്യമുണ്ട്. പിതാവിൽ നിന്നുണ്ടായ ദുരനുഭവങ്ങൾ തുറന്നുപറയാൻ ഒരുപാട് കാലമെടുത്തു. എനിക്ക് സംഭവിച്ചത് എന്റെ കരിയർ വളർത്താനുള്ള വിട്ടുവീഴ്‌ചയായിരുന്നില്ല. സംരക്ഷിക്കേണ്ട കൈകളുടെ ഉടമ തന്നെയാണ് എന്നെ ചൂഷണം ചെയ്തത്. ചൂഷണം ഇതോടെ നിലയ്ക്കണം.

സ്ത്രീകളേ, പുറത്തു വന്ന് സംസാരിക്കൂ. ഓർക്കുക, ജീവിതത്തിൽ നിങ്ങൾക്ക് എപ്പോഴും ഒരു തെരഞ്ഞെടുപ്പുണ്ട്. നിങ്ങളുടെ നോ തീർച്ചയായും ഒരു നോ ആണ്. നിങ്ങളുടെ അന്തസ്സും മാന്യതയും ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുത്. അമ്മ എന്ന നിലയിലും സ്ത്രീ എന്ന നിലയിലും ദുരനുഭവത്തിലൂടെ കടന്നുപോയ എല്ലാ സ്ത്രീകളെയും പിന്തുണയ്ക്കുന്നു.’- താരം കുറിപ്പിൽ വ്യക്തമാക്കി.