play-sharp-fill
മികച്ച സംവിധായകൻ ആയിട്ട് നടനാകണമെന്ന് മോഹിച്ചെങ്കിലും സംഭവിച്ചത് തിരിച്ച്‌ ; കഥ പറയാൻ പോയി തലവര മാറിയ നടൻ ; സിനിമയിലേക്ക് രാജേഷ് മാധവൻ്റെ രംഗ പ്രവേശനം ഇങ്ങനെ

മികച്ച സംവിധായകൻ ആയിട്ട് നടനാകണമെന്ന് മോഹിച്ചെങ്കിലും സംഭവിച്ചത് തിരിച്ച്‌ ; കഥ പറയാൻ പോയി തലവര മാറിയ നടൻ ; സിനിമയിലേക്ക് രാജേഷ് മാധവൻ്റെ രംഗ പ്രവേശനം ഇങ്ങനെ

തിരുവനന്തപുരം : അഭിനയ മികവ് കൊണ്ട്  പ്രേക്ഷക മനസ്സില്‍ ഇടം നേടുക എന്നത് അത്ര എളുപ്പം സാധിക്കുന്ന ഒന്നല്ല. അതും ചെറിയ വേഷങ്ങൾ ഭംഗിയായി ചെയ്തു കൊണ്ട്, ചിലരുടെ കാര്യത്തില്‍ ഭാഗ്യത്തിന്റെ പിന്തുണകൊണ്ട് അങ്ങനെ സംഭവിച്ച്‌ പോകാമെങ്കില്‍ മറ്റ് ചിലരുടെ കാര്യത്തില്‍ അത് കഠിനാധ്വാനത്തിന്റെ പ്രതിഫലനമായിരിക്കും.അത്തരത്തില്‍ ഒരു കഥയാണ് മലയാളികളുടെ പ്രിയപ്പെട്ട രാജേഷ് മാധവന്റെത്.

മഹേഷിന്റെ പ്രതികാരത്തിലെ സൈക്കിള്‍ ആക്സിഡന്റും തുടർന്നുള്ള ദേശീയഗാന രംഗവും പ്രേക്ഷകരെ ഏറെ ചിരിപ്പിച്ചതാണെങ്കിലും അ രംഗത്തിലെ അഭിനേതാക്കളെ പ്രേക്ഷകർക്ക് എത്ര പെട്ടെന്ന് ഓർമ്മ വരണം എന്നില്ല. എന്നാല്‍ വാടസ് ആപ്പില്‍ ആ എക്സപ്രഷനുകള്‍ സ്റ്റിക്കറായി വന്നതോടെ ആ നടന്മാരെ തിരിച്ചറിഞ്ഞ് തുടങ്ങി. അപ്പോഴും അതിലൊരാള്‍ നമ്മുടെ പ്രിയപ്പെട്ട സുരേശേട്ടൻ ആയിരുന്നുവെന്ന് പ്രേക്ഷകരില്‍ ഭുരിഭാഗം പേരും മനസിലാക്കിയിരുന്നില്ല.

രതീഷ ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത കുഞ്ചാക്കോ ബോബൻ നായകനായ ന്ന താൻ കേസ് കൊട് ചിത്രത്തിലെ സുരേശനിലൂടെയാണ് മലയാളികള്‍ രാജേഷ് മാധവനെ ശ്രദ്ധിച്ചുതുടങ്ങുന്നത്. ചിത്രത്തിന്റെ സ്പിന്ന് ഓഫായി ഇക്കഴിഞ്ഞ ദിവസം തിയേറ്ററിലെത്തിയ സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുമ്ബോള്‍ അത് രാജേഷ് മാധവൻ എന്ന നടനുള്ള അംഗീകാരം കുടിയാകുന്നു. അദ്ദേഹം ചെറിയ വേഷത്തിലെത്തിയ ചിത്രത്തെക്കുറിച്ച്‌ പോലും ഇപ്പോള്‍ പ്രേക്ഷകർ സംസാരിച്ചു തുടങ്ങിയിരിക്കുന്നു. കാസർകോട് ജില്ലയിലെ ചെറുഗ്രാമത്തില്‍ നിന്നും സിനിമയുടെ വെ്ള്ളിവെളിച്ചത്തിലേക്ക് രാജേഷ് മാധവൻ നടന്നുകയറുമ്ബോള്‍ വടക്കെ അറ്റത്തെ ജില്ലയിലെ സിനിമാ മോഹികള്‍ക്ക് അത് വലിയ പ്രചോദനം കൂടിയായി മാറുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാസർകോട്ടെ സിനിമാ മോഹി വെള്ളിത്തിരയിലെത്തിയ കഥ ഇങ്ങനെ

സിനിമയിലെ പോലെ തന്നെ നായകനെ പരിചയപ്പെടുത്തിക്കഴിഞ്ഞാല്‍ പിന്നിട്ട വഴികളിലെ ഉയർച്ച താഴ്‌ച്ചകള്‍ കാണിക്കുന്ന ഫ്ലാഷ് ബാക്ക് പറയുന്നതാകും നല്ലത്. അപ്പോഴെ കഥയിലെ നായകന്റെ ഇന്നത്തെ അവസ്ഥയ്ക്ക് ഒരു പഞ്ച് ഉണ്ടാകു. അപ്പൊ..ഒരു ഫ്ലാഷ് സീനിലേക്ക്..ദൃശ്യവും ബ്ലാക്ക് ആൻഡ് വൈറ്റ് ആയിക്കോട്ടെ…

നമ്മുടെ നായകൻ രാജേഷിന്റെ തന്നെ ഒരു കഥാപാത്രത്തിന്റെ സംഭാഷണം കടമെടുത്ത് സ്വല്‍പ്പമൊന്ന് മാറ്റിയാല്‍ ഇങ്ങനെ പറയാം..മഞ്ഞ കമ്ബളം നനച്ചിട്ട പോലെ പൂക്കള്‍ വീണുകിടപ്പുണ്ടായിരുന്നില്ല രാജേഷിന്റെ വഴികളില്‍ എന്ന്…സിനിമയില്‍ യാതൊരു പാരമ്ബര്യവും അവകാശപ്പെടാനില്ലാത്ത കാസർഗോഡ് നിന്ന് സിനിമയുടെ വെള്ളിവെളിച്ചം തേടിപ്പോയവരെല്ലാം ഒന്നും ആകാതെ തിരിച്ചുവന്ന ചരിത്രമാണ് വടക്കെ അറ്റത്തെ ഈ ജില്ലയ്ക്ക്. ജയിച്ചവരേക്കാള്‍ തോറ്റവരുടെ കഥകളാണ് ചുറ്റും. അതിനിടയില്‍ നിന്നാണ് തികച്ചും ഒരു സാധാരണ കർഷകുടുംബത്തില്‍ നിന്ന് രാജേഷ് മാധവൻ സിനിമയിലേക്ക് ബാഗും തൂക്കിയിറങ്ങിയത്.

അച്ഛൻ മാധവൻ ചെറുപ്പത്തില്‍ പറഞ്ഞുതന്ന കുറച്ച്‌ കഥകള്‍ ആദ്യമായി കലയെക്കുറിച്ച്‌ മനസ്സില്‍ വിത്ത് പാകിയത്. കലയെക്കുറിച്ചൊന്നും വ്യക്തമായ ധാരണയൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ഏകമകന്റെ ഇഷ്ടത്തിന് അച്ഛനും അമ്മയും എതിര് നിന്നല്ല. രണ്ടും ചേച്ചിമാരാണ് രാജേഷിന് ആ ഒരു പിന്തുണയും കുടുംബത്തില്‍ നിന്നും ഉണ്ടായി. ചെറുപ്പത്തില്‍ തന്നെ ഡാൻസ്, നാടകം.. അങ്ങനെ പലതിനും ഇറങ്ങിപുറപ്പെട്ടു. കൊളത്തൂർ യുപി സ്‌കൂളില്‍ പഠിക്കുമ്ബോള്‍ സബ്ജില്ലയില്‍ നാടകമത്സരത്തില്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. നാട്ടുകാരനായ മണിപ്രസാദ് ചേട്ടൻ പഠിപ്പിച്ച നാടകത്തിലെ പോസ്റ്റ്മാൻ ശിപായി എന്ന കഥാപാത്രമാണ് എന്നെ ബെസ്റ്റ് ആക്ടറാക്കിയത്. ഇതോടെ അ കഥാപാത്രത്തിന്റെ ശിപായി എന്ന പേര് നാട്ടിലെ വിളിപ്പേരായി. ഇതൊക്കെക്കൂടി ആയതോടെ മകൻ വഴി തെറ്റിയില്ല എന്നൊരു തോന്നല്‍ വീട്ടുകാർക്ക് ഉണ്ടായി.

പ്രശസ്ത നാടകപ്രവർത്തകനായ ഗോപി കുറ്റിക്കോലിന്റെ നേതൃത്വത്തില്‍ കുറ്റിക്കോലില്‍ നടത്തപ്പെടുന്ന സണ്‍ഡേ തിയേറ്ററിന്റെ ഭാഗമായതോട് കൂടിയാണ് രാജേഷിന്റെ അതുവരെയുള്ള നാടക, സിനിമ സങ്കല്‍പ്പങ്ങളെല്ലാം മാറിയത്. അങ്ങനെ ഞായറാഴ്ചകള്‍ തോറും നാടകം കളിക്കലും ലോക ക്ലാസിക് സിനിമകള്‍ കാണലുമൊക്കെയായി സണ്‍ഡേ തിയേറ്റർ എന്തെന്നില്ലാത്ത സന്തോഷം നല്‍കി. അവിടെ നിന്നാകാം എന്നിലെ സിനിമക്കാരൻ പിച്ചവെച്ചു തുടങ്ങിയതെന്നാണ് രാജേഷ് വിശ്വസിക്കുന്നത്.

പിന്നീട് ആ മോഹം വളർന്നു.എങ്ങനെയെങ്കിലും സിനിമയിലെത്താനായി അഭിനയം മുതല്‍ ഭരതനാട്യം വരെ രാജേഷ് സ്വായത്തമാക്കി. പെർളടുക്കത്തെ ശ്രുതിധാര കലാക്ഷേത്രയില്‍ രണ്ടു കൊല്ലത്തെ പഠനം.ഹൈസ്‌കൂളും പ്ലസ്ടുവും പഠിച്ചതുകൊളത്തൂർ കുണ്ടംകുഴി ഹയർ സെക്കൻഡറി സ്‌കൂളിലാണ്. അപ്പോഴെക്കും സിനിമ മോഹം വളർന്ന് സ്വപ്നത്തിനും മേലെയായിരുന്നു. കാസർകോട് നിന്ന് സിനിമയിലേക്കുള്ള യാത്ര അത്ര അടിപൊളിയായിരുന്നില്ല. പ്ലസ്ടുവിന് കൊമേഴ്സ് എടുത്തത് ചാർട്ടേഡ് അക്കൗണ്ടന്റാകാൻ ആയിരുന്നില്ല. ചേച്ചി ശ്രീജി അതാണ് പഠിച്ചത്. ആ വഴിയേ രാജേഷും നടന്നു.

മകനെ എംബിഎ പഠിപ്പിക്കണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം.അതൊരു അതിമോഹമായിരുന്നില്ല. മകൻ രക്ഷപ്പെട്ടോട്ടെ എന്നോർത്ത് ആഗ്രഹിച്ചതാണ്.പക്ഷേ, അവിടെ ഇംഗ്ലിഷ് നമ്മുടെ നായകനെ ചതിച്ചു. എംബിഎ കോഴ്സിനുള്ള അവസാനവട്ട അഭിമുഖത്തില്‍ ഇംഗ്ലിഷില്‍ തട്ടി രാജേഷ് വീണു. ഇംഗ്ലീഷുമായുള്ള എന്റെ ‘ഛഗഡ’ ഇന്നും തുടരുന്നുവെന്ന് രാജേഷ് തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.പിന്നെയും ആലോചിച്ചു.. എന്താണ് സിനിമയിലേക്കുള്ള വഴി… അങ്ങിനെ തുറന്ന വാതിലാണ് ജേണലിസം.

മനസ്സില്‍ സിനിമയും തലയില്‍ ജേണലിസവുമായി കൊച്ചിയിലേക്ക്

കൊച്ചിയിലെത്തി ജേണലിസം കോഴ്സ് പാസായി.അമൃതയില്‍ നിന്ന് ലഭിച്ച ക്ലാസുകളാണ് രാജേഷിന് സിനിമയോടും പ്രേമം വർധിപ്പിച്ചത്. കെ.ജി.ജോർജും ജോണ്‍ പോളുമൊക്കെ സിനിമ എന്ന മാജികിന്റെ വർണലോകത്തേക്ക് കുറിച്ച്‌ രാജേഷില്‍ മോഹങ്ങള്‍ക്ക് കനം വെപ്പിച്ചു. ഉപജീവനത്തിനായി പഠനശേഷം മാധ്യമമേഖലയില്‍ പല സ്ഥാപനങ്ങളില്‍ കൊച്ചിയില്‍ തന്നെ ജോലി ചെയ്തു.തിരക്കഥാകൃത്തായ രവിശങ്കറായിരുന്നു അക്കാലത്തെ പ്രധാന കൂട്ട്. രണ്ടുപേരുടെയും ലക്ഷ്യം സിനിമ. കോഴ്സ് കഴിഞ്ഞ് രാജേഷ് ചാനലില്‍

പ്രൊഡ്യൂസറും രവി പത്രത്തിലും ജോലി ചെയ്തു.പക്ഷേ, വരുമാനം വട്ടച്ചെലവിനേ തികയൂ.ഈ കാലത്തൊക്കെ തിയേറ്റർ വർക്ക്‌ഷോപ്പുകളൊക്കെ നടത്തിയാണ് കൊച്ചിയില്‍ ജീവിക്കാനുള്ള കാശ് കണ്ടെത്തിയിരുന്നത്.

തിരുവനന്തപുരത്ത് ചാനലില്‍ എന്തോ കേമപ്പെട്ട ജോലി ചെയ്യുകയായിരുന്നു രാജേഷ് എന്നാണ് അക്കാലത്ത് നാട്ടുകാരുടെ ധാരണ. ടിവിയിലേക്കെന്നു പറഞ്ഞിട്ട്, ഓനെ അതിലൊന്നും കാണാനില്ലല്ലോ.. ജോലിയൊന്നും അങ്ങോട്ട് ശരിയായില്ല അല്ലേ?’ തുടങ്ങി നാട്ടുകാരുടെ നൂറു ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനാവാതെ രാജേഷിന്റെ അച്ഛൻ കുഴങ്ങി. പ്രോഗ്രാം പ്രൊഡ്യൂസറെന്നാല്‍ ടിവിയില്‍ കാണില്ല. അതിന്റെ പിന്നിലാണ് പണിയെന്ന് പറഞ്ഞു മനസ്സിലാക്കാൻ തന്നെ പണിപ്പെട്ടു. പക്ഷെ ഈ ജോലിയൊന്നും സന്തോഷം നല്‍കാതെ വന്നപ്പോള്‍ സിനിമയ്ക്ക് തന്നെ സമയം മാറ്റിവെക്കാം എന്ന് തീരുമാനിച്ചു.അങ്ങിനെയാണ് സജിൻ ബാബുവിന്റെ അസ്തമയം വരെ എന്ന ചിത്രത്തില്‍ പ്രൊഡക്ഷൻ കണ്‍ട്രോളറായി ജോലി ചെയ്യുന്നത്.

അതോടെ സിനിമയ്ക്ക് വേണ്ടി മനസ്സില്‍ ഞാൻ കുറിച്ച കഥ തല്‍ക്കാലം മാറ്റിവെച്ചു. സിനിമയിലേക്ക് വഴിവെട്ടാനായി പിന്നെ ഷോർട് ഫിലിമില്‍ പയറ്റി തുടങ്ങാൻ തീരുമാനിച്ചു.

ചെന്നത് കഥ പറയാൻ..ലഭിച്ചത് അഭിനയിക്കാൻ അവസരവും

 

ഇനി വിഷ്വല്‍സ് അല്‍പ്പം കളറാകാം.. ഷോർട് ഫിലിമില്‍ പയറ്റി തുടങ്ങിയതാണ് വഴി തുറന്നത്. അമൃതയില്‍ എന്റെ സീനിയറായി പഠിച്ച തിരക്കഥാകൃത്ത് രവിശങ്കർ ഒരുഷോർട്ട്ഫിലിം ചെയ്തപ്പോള്‍ എന്നെയും കൂടെ കൂട്ടി. സുഭാഷ് ചന്ദ്രന്റെ ‘സന്മാർഗം ‘എന്ന കഥ അടിസ്ഥാനമാക്കിയുള്ള ‘എ നൈഫ് ഇൻ ദ് ബാർ’ എന്ന ഷോർട് ഫിലിമില്‍ ഉണ്ണിമായ പ്രസാദ് അസോസിയേറ്റ് ഡയറക്ടറായിരുന്നു. അതിന്റെ പ്രിവ്യൂ കാണാൻ ഉണ്ണിമായയുടെ ജീവിതപങ്കാളി ശ്യാം പുഷ്‌കരൻ വന്നിരുന്നു. അതാണ് രാജേഷിന്റെ തലവര മാറിയ നിമിഷം. അങ്ങനെയാണ് ശ്യാം പുഷ്‌കരനുമായുള്ള സൗഹൃദം തുടങ്ങുന്നത്.

അതുവഴി സംവിധായകരായ ദിലീഷ് പോത്തൻ, ആഷിക് അബു, തിരക്കഥാകൃത്ത് ദിലീഷ് നായർ എന്നിവരിലേക്കൊക്കെ എത്താൻ സാധിച്ചു. അത് വഴി ആഷിഖ് അബുവിന്റെ റാണി പത്മിനിയില്‍ ഒരു പാസിങ്ങ് ഷോട്ടില്‍ മുഖം കാണിച്ചു. സൗഹൃദവും ഷോർട്ട് ഫിലിമിന് കിട്ടിയ മികച്ച അഭിപ്രായവും കൂടിയായപ്പോള്‍ സിനിമ ചെയ്യാനുള്ള ധൈര്യം നല്‍കി. ഒരു കഥയെഴുതി ദിലീഷേട്ടന്റെയും ശ്യാമേട്ടന്റെയും അടുത്തേക്ക് പോയി. കഥ കേട്ട് കഴിഞ്ഞപ്പോള്‍ ദിലീഷ് പോത്തൻ രാജേഷിനെ നോക്കി പറഞ്ഞത് ‘ശ്യാമേ, ഇവനെ നമുക്ക് സിനിമയില്‍ ഒരു റോള്‍ കൊടുത്താലോ’ എന്നാണ്.

ഇ സംഭവത്തെക്കുറിച്ച്‌ രാജേഷ് മാധവൻ തന്നെ ഒരിക്കല്‍ പറഞ്ഞത് ഇങ്ങനെ ‘ഇതു കേട്ടതും തന്റെ ഉള്ളിലെ ബുദ്ധിജീവി ഉണർന്നു. ‘എഴുത്താണ് എന്റെ വഴി. എന്ന് മറുപടി പറഞ്ഞു. ഡാ നീ ചരിത്രത്തോടാണ് നീതികേട് കാണിക്കുന്നത്..എന്റെ ദാർശനിക പ്രതികരണം കേട്ട സുഹൃത്ത് രവി ഗർജിച്ചു. ‘ചരിത്രത്തോട് നീതികേട്’ കാണിക്കുന്നത് എനിക്ക് പണ്ടേ ഇഷ്ടമല്ല. ‘നിന്റെ നിലപാട് എന്തായാലും മഹേഷിന്റെ പ്രതികാരത്തില്‍ നിനക്കൊരു റോള്‍ ഉണ്ട്.’ പോത്തണ്ണൻ കട്ടായം പറഞ്ഞു. അങ്ങനെ സിനിമാ നടനായി. ‘എന്റെ കഥയെ കുറിച്ച്‌ ഒന്നുംപറഞ്ഞില്ലെങ്കിലും മഹേഷിന്റെ പ്രതികാരത്തില്‍ ചെറിയൊരു വേഷമെനിക്ക് അങ്ങനെ കിട്ടി. ‘

അച്ഛന്റെ വാക്കുകളും.. പോത്തേട്ടന്റെ ഫോണ്‍കോളും

മഹേഷിന്റെ പ്രതികാരം കഴിഞ്ഞ് ഒന്നും ശരിയാകാതെ വന്നപ്പോള്‍ മടുത്ത് ഞാൻ വീട്ടിലേക്ക് തന്നെ തിരിച്ചുവന്നു. നാട്ടില്‍ നല്ല ജോലിയൊന്നും ശരിയായില്ലെങ്കില്‍ നേരെ ദുബായിലേക്ക് പോകുക എന്നതാണ് കാസർകോട്ടെ പതിവ്. അച്ഛന് കൂലിപ്പണിക്കാരനായ അച്ഛന് പ്രായത്തിന്റെ ബുദ്ധിമുട്ടുകളും തുടങ്ങി. അതിനാല്‍ കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടതുണ്ട്. അതുവരെ അച്ഛൻ എന്നെ സഹിച്ചിട്ടുണ്ട്. അവസാനം ഒരു ഘട്ടത്തില്‍ അച്ഛൻ ഒരു ദിവസം എന്നോട് പറഞ്ഞു, ഇങ്ങനെ പോയാല്‍ ശരിയാകും എന്ന് തോന്നണില്ല. എനിക്ക് തീരെ പറ്റാണ്ടായി. ജോലി ചെയ്യാൻ. നീ എന്തെങ്കിലും നോക്കിയാലേ ശരിയാവുകയുള്ളു എന്ന് പറഞ്ഞു. ഞാൻ അത് അച്ഛനെക്കൊണ്ട് പറയിപ്പിച്ചു. അങ്ങനെ ഒന്ന് പറഞ്ഞിട്ടുണ്ട്.

അത് ഒരിക്കെ മാത്രമേ പറഞ്ഞിട്ടുള്ളു. ബാക്കി എല്ലാ സമയത്തും എന്നെങ്കിലും അവൻ രക്ഷപ്പെടുമായിരിക്കും എന്ന തോന്നല്‍ തന്നെയാണ്.അങ്ങനെ ഒരുസുഹൃത്ത് വഴി ദുബായില്‍ ഒരുജോലിയൊക്കെ ഏകദേശം വാക്കാല്‍ പറഞ്ഞുവച്ചു.പക്ഷെ അപ്പോഴും മനസ്സ് സിനിമയ്ക്കൊപ്പം തന്നെയായിരുന്നു.ദുബായിലുള്ള സുഹൃത്ത് വിനീത് ഇതിനിടയ്ക്ക് വിളിച്ചു പറഞ്ഞു. ‘നീ സിനിമയ്ക്ക് വേണ്ടി കുറച്ചു നാള്‍ കൂടി കഷ്ടപ്പെട്ടോ. അതുകഴിഞ്ഞ് നടന്നില്ലെങ്കില്‍ ഇങ്ങോട്ട് പോരൂ. ഒരു പാസ്പോർട്ട് ആദ്യം എടുത്തു വയ്ക്കൂ..’ഒന്നും ശരിയായില്ലെങ്കില്‍ ഞാൻ വിമാനം കേറിവരുമെന്ന് അവനോട് പറഞ്ഞു.

‘ലൊക്കേഷൻ ഹണ്ടിങ്, കാസ്റ്റിങ് അങ്ങനെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയുടെ ആദ്യാവസാനം ദിലീഷേട്ടന്റെ കൂടെ നില്‍ക്കാം കഴിഞ്ഞതോടെ സിനിമയുടെ പ്രോസസിങ് ഇത്രയും ഓർഗാനിക് ആയി ചെയ്യാം എന്ന് മനസ്സിലാക്കുകയായിരുന്നു. അത് പിന്നീട് ഓരോ സിനിമയിലും ജോലി ചെയ്യുമ്ബോള്‍ രാജേഷിനെ സ്വാധീനിച്ചിട്ടുണ്ട്.ആ പാസ്പോർട്ട് മനഃപൂർവം എടുക്കാതിരുന്നത് നന്നായി. അല്ലെങ്കില്‍ ഞാനിപ്പോ ദുബായിലെ ഏതെങ്കിലും ഷെയ്ഖിനൊപ്പം ഡയലോഗ് പറഞ്ഞു നടന്നേനെയെന്നാണ് രാജേഷ് പറഞ്ഞുവെക്കുന്നത്.

അഭിനയത്തെ സീരിയസ്സാക്കിയ മനാഫും ഹൃദയത്തിലേറ്റിയ സുരേശനും

സിനിമയില്‍ എത്തിപ്പെടണം എന്നാഗ്രഹിച്ച്‌ കൊച്ചിയില്‍ അലയുമ്ബോള്‍ അഭിനേതാവുക എന്നത് രാജേഷിന്റെ ആദ്യ പരിഗണനകളില്‍ ഉണ്ടായിരുന്നില്ല.എഴുത്ത്, സംവിധാനം എന്നിവയൊക്കെ ചെയ്ത ശേഷം കുറച്ച്‌ നല്ല കഥാപാത്രങ്ങള്‍ കിട്ടുകയാണെങ്കില്‍ അഭിനയിക്കാം എന്നതായിരുന്നു ചിന്ത. എന്നാല്‍ ആക്‌സ്മികമായി അഭിനയമാണ് മുന്നിലേക്ക് കയറിവന്നത്.കഥപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടതോടെ അഭിനയത്തിലേക്ക് വിളികള്‍ കൂടി. 2017ല്‍ തൊണ്ടി മുതലിന് പിന്നാലെയാണ് അതേ വർഷം രണ്ട് സിനിമകളില്‍ മുഖം കാണിക്കുന്നത്.മായാ നദിയും തൃശ്ശിവപേരുർ ക്ലിപ്തവും.തുടർന്നങ്ങോട്ട് മമ്മൂട്ടി ചിത്രം സ്ട്രീറ്റ് ലൈറ്റ്,ആൻഡ്രോയിട് കുഞ്ഞപ്പനിലെ നെഗറ്റീവ് ഷെയ്ഡുള്ള വിനു എന്ന കഥപാത്രം,ട്രാൻസ് എന്നീചിത്രങ്ങളിലെത്തുന്നത്.

 

കനകം കാമിനി കലഹത്തിലെ മനാഫിലെത്തിയതോടെ അഭിനയത്തില്‍കൂടുതല്‍ തിളക്കമായി.കനകം കാമിനി കലഹത്തിലേക്ക് കാസ്റ്റിങ് ഡയറക്ടറായാണ് വിളിക്കുന്നത്. ആ സമയത്ത് തന്നെ ‘മനാഫ് ഖാൻ’ എന്ന കഥാപാത്രം രാജേഷാണ് അവതരിപ്പിക്കേണ്ടത് സംവിധായകൻ പറഞ്ഞിരുന്നു.കാസർഗോട്ടുകാരനായ നോവല്‍ വായിക്കുന്ന ഹോട്ടല്‍ തൊഴിലാളിയായ മുസ്ലിം കഥാപാത്രം രാജേഷിനെ മനസ്സില്‍ കണ്ട് തന്നെയാണ് അദ്ദേഹം എഴുതിയതും.കോവിഡിന്റെ സമയത്ത് അബാദ് പ്ലാസ എന്ന ഹോട്ടലില്‍ താമസിച്ച്‌ അതിനുള്ളില്‍ നിന്ന് തന്നെയാണ് സിനിമ ഷൂട്ട് ചെയ്തതും.അതൊരു മികച്ച അനുഭവമായിരുന്നു.

 

ആദ്യാവസാനം നല്ല കുറേ പ്രകടനങ്ങള്‍ നടത്താൻ സാധ്യതയുള്ള കഥാപാത്രമായിരുന്നു. അത് നന്നായി തന്നെ ഉപയോഗിക്കുകയും ചെയ്തു. മഞ്ഞകാല്‍വരിപ്പൂക്കള്‍ എന്ന് തുടങ്ങി വലിയ ഡയലോഗ് മനപ്പാഠം പഠിച്ചാണ് പറഞ്ഞത്. കാരണം എല്ലാവരുടെയും നടുക്ക് നിന്നാണ് ആ സംഭാഷണം പറയേണ്ടത്.താൻ കാരണം അധികം റീടേക്കുകള്‍ പോകരുതെന്ന് ഉറപ്പിച്ചിരുന്നു.നല്ല രീതിയില്‍ തന്നെ മനാഫ് ഖാനെയും പ്രേക്ഷകർ സ്വീകരിച്ചു.ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയത്താണ് ബേസില്‍ ജോസഫ് മിന്നല്‍ മുരളിയിലേക്ക് വിളിക്കുന്നത്.ബേസില്‍ സിനിമകളിലെ കാരിക്കേച്ചറിസ്റ്റിക് രീതിയിലുള്ള കഥാപാത്രങ്ങളോട് വല്ലാത്തൊരു ഇഷ്ടം രാജേഷിന് നേരത്തെയുണ്ട്. ആയൊരു എക്‌സൈന്റമെന്റോട് കൂടി തന്നെയാണ് അഭിനയിക്കാൻ ചെന്നത്. പൊലീസ് വേഷമിട്ട് കണ്ണാടി നോക്കിയപ്പോള്‍ തന്നെ ഞാൻ വേറെരാളായി മാറി കഴിഞ്ഞു എന്ന് തോന്നിയിരുന്നുവെന്ന് രാജേഷ് പറയുന്നു.

‘മാറാലഹ’ എന്ന ഡയലോഗ് വരുന്ന സീനാണ് ഈ സിനിമയിലെ എന്റെ അടയാളപ്പെടുത്തല്‍ എന്ന് കഥ കേട്ടപ്പോള്‍ തന്നെ മനസ്സിലായി. പക്ഷേ അപ്പോഴും ബൈജു ഏട്ടനടക്കമുള്ള മുതിർന്ന അഭിനേതാക്കളുടെ കൂടെ അഭിനയിക്കുന്നതിന്റെ ടെൻഷനും കൊണ്ടാണ് സെറ്റില്‍ ചെന്നത്. അതുവരെ റിയലിസ്റ്റിക് സിനിമകളില്‍ മാത്രം അഭിനയിച്ചതിനാല്‍ ഏത് രീതിയില്‍ ചെയ്യണം എന്നൊരാശങ്ക ഉണ്ടായിരുന്നു. കുറച്ച്‌ കൂട്ടി ചെയ്‌തോ എന്ന ബേസില്‍ പറഞ്ഞതും സംഭവം മനസ്സിലായി.അതൊരു പുതിയ അനുഭവമായി. പക്ഷേ വളരെ രസകരമായി തന്നെ ഓരോ സീനും അഭിനയിക്കാൻ കഴിഞ്ഞു.

 

സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ കാസർകോട് പശ്ചാത്തലമായ സിനിമ. ‘ഒട്ടും സിനിമാറ്റിക് അല്ലാത്ത റിയല്‍ ലൈഫ് താരങ്ങളെ കണ്ടു പിടിക്കണം’രാജേഷിന് സംവിധായകൻ നല്‍കിയ നിർദ്ദേശം അതായിരുന്നു.അങ്ങനെ ‘ന്നാ താൻ കേസ് കൊട്’ സിനിമയ്ക്കായി 350 പേരെ കണ്ടെത്തി. ക്ഷമയോടെ സ്‌ക്രീൻ ടെസ്റ്റ് നടത്തി. അങ്ങനെ കാസ്റ്റിങ് ഡയറക്ടർ എന്ന പൊൻതൂവല്‍ കൂടി എനിക്ക് കിട്ടി.

ചാക്കോച്ചന്റെ പല്ലു മുതല്‍ തലമുടിയില്‍ വരെ പ്രോസ്തെറ്റിക് പരീക്ഷണങ്ങള്‍ നടത്തി രതീഷേട്ടൻ. സൗന്ദര്യം കളയുക എന്നതായിരുന്നു ടാസ്‌ക്. സിനിമ വിജയിച്ചതോടെ ഇനിയിപ്പോ അടുത്ത പടങ്ങളും വിജയിക്കാൻ ഓരോ പല്ലു വീതം ഫിറ്റ് ചെയ്യാം എന്നായിരുന്നു ചാക്കോച്ചന്റെ കമന്റ്.’എന്റെ എല്ലാ സിനിമയിലും നീയുണ്ടാകുമെടാ…’ എന്ന് ചാക്കോച്ചൻ പറഞ്ഞപ്പോള്‍ സന്തോഷം തോന്നി.

 

നടീ നടന്മാർ നന്നായി ശരീരം നോക്കും, ശരീരത്തിനും സിനിമയ്ക്കും അനുസരിച്ചും ഭക്ഷണം കഴിക്കും. എന്നെ കൊണ്ടതിന് കഴിയൂല.ഈ മെലിഞ്ഞ രൂപം ഉള്ളതു കൊണ്ടല്ലേ നിങ്ങളെന്നെ തിരിച്ചറിയുന്നത്.എന്റെ നാടകത്തോടുള്ള ഇഷ്ടം തിരിച്ചറിഞ്ഞ് കൊണ്ടാണ് ദർശനയും റോഷനും എ വെരി നോർമല്‍ ഫാമിലി എന്ന നാടകത്തിലേക്ക് എന്നെയും ക്ഷണിച്ചത്. ആ നാടകത്തിന് വേണ്ടിയുള്ള വർക്ക് ഷോപ്പും മറ്റും കഴിഞ്ഞപ്പോള്‍ റോഷനും ദർശനയും അഭിനയം കുറച്ച്‌ സീരിയസ് ആയി എടുക്കണം എന്ന് നിർദ്ദേശിച്ചു.അതിന് ശേഷം എന്നാല്‍ പറ്റുന്ന രീതിയില്‍ കിട്ടുന്ന കഥാപാത്രങ്ങളെ നന്നാക്കാൻ ശ്രമിച്ചു. ”

ലുക്കിന്റെ പേരില്‍ ഇന്ദ്രൻസ് ചേട്ടനുമായും ആലുമ്മൂടൻ ചേട്ടനുമായിട്ടൊക്കെ പലരും താരതമ്യം ചെയ്യുന്നുണ്ട്. മികവു തെളിയിച്ച ആ പ്രതിഭകളെപ്പോലെയാണ് ഞാനെന്ന് പറയുമ്ബോള്‍ ഉള്ളിലൊരു കുളിരൊക്കെയുണ്ട്. പക്ഷേ, അവർക്ക് പകരക്കാരനാകാൻ എന്നെ കൊണ്ട് ആകൂല്ല. എനിക്ക് ഞാനായാല്‍ മതി. അഭിനയിക്കുമ്ബോള്‍ ജീവിക്കാനുള്ള കാശ് കിട്ടാൻ കുറച്ച്‌ കൂടി എളുപ്പമാണ്.പിന്നണിമാത്രം ചെയ്ത് ജീവിക്കാൻ കുറച്ച്‌ ബുദ്ധിമുട്ടാണെന്നും രാജേഷ് പറഞ്ഞുവെക്കുന്നു.

 

ആഗ്രഹം പോലെ പിന്നണിയിലും സജീവം.. ഇനി സംവിധായകനും

ആദ്യം പിന്നണി.. പറ്റിയാല്‍ അഭിനയം ഇതായിരുന്നു നമ്മുടെ നായകന്റെ ലൈൻ..പക്ഷെ സംഭവിച്ചതാകട്ടെ നേരെ തിരിച്ചും.രാജേഷിന്റെ തന്നെ ഭാഷ്യത്തില്‍ ഈ കാര്യം ഇങ്ങനെ പറയാം.. ഞാൻ ലാല്‍ സാറിന്റെ വലിയ ആരാധകനാണ്.കളിയാട്ടത്തിലെ പ്രകടനം എന്നെ ഞെട്ടിച്ചിട്ടുണ്ട്.മികച്ച നടനും മികച്ച സംവിധായകനുമാണ് അദ്ദേഹം. മികച്ച സംവിധായകനായ ശേഷം അഭിനയത്തിലേക്ക് കടക്കണമെന്ന് ഞാൻ എപ്പോഴും ചിന്തിച്ചിരുന്നു.പക്ഷേ തിരിച്ചാണ് സംഭവിച്ചത്.

 

തൊണ്ടിമുതലും ദൃസാക്ഷിയിലും പിന്നണിയില്‍ പ്രവർത്തിച്ച ശേഷം അഭിനയത്തിനൊപ്പം തന്നെ സിനിമ പിന്നണിയിലെ ശ്രമകരമായ നിരവധി അവസരങ്ങള്‍ രാജേഷിനെ തേടിയെത്തി.അസിസ്റ്റന്റ് ഡയറക്ടറായും കാസ്റ്റിങ് ഡയറക്ടറായും ക്രിയേറ്റീവ് ഡയറക്ടറുമായെല്ലാം പലവിധ റോളുകളില്‍ രാജേഷ് മികച്ച സിനിമകളുടെ ഭാഗമായി. മായാനദി, കുമ്ബളങ്ങി നൈറ്റ്സ്, ആണും പെണ്ണും തുടങ്ങി നിരവധി ചിത്രങ്ങളില്‍ അസോസിയേറ്റായി.സിനിമക്കാരനാകാൻ രാജേഷ് കാസർഗോട് നിന്ന് കൊച്ചിക്ക് പോയപ്പോള്‍ സെന്ന ഹെഗ്‌ഡേ എന്ന സംവിധായകൻ എങ്ങും പോവാതെ കാസർഗോഡ് നിന്ന് തന്നെ സിനിമ ഉണ്ടാക്കി. അത് രാജേഷിനൊരു കൗതുകമായിരുന്നു. വൈകിയില്ല രാജേഷിനെ തേടി സെന്നയുടെ വിളിയെത്തി.

 

ഒരുദിവസം സെന്ന വിളിച്ചു. തിങ്കളാഴ്ച നിശ്ചയത്തിന്റെ കാസ്റ്റിങ്ങിനെ സഹായിക്കാൻ ക്ഷണിച്ചുകൊണ്ടായിരുന്നു ആ ഫോണ്‍കോള്‍. കാസ്റ്റിങ് പൂർത്തിയായപ്പോള്‍ ക്രിയേറ്റീവ് ഡയറക്ടറാകാൻ പറ്റുമോ എന്ന് ചോദിച്ചു. അങ്ങനെ തിങ്കളാഴ്ച നിശ്ചയത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറാകുന്നത്. പുതുമുഖ താരങ്ങളെ വച്ച്‌ കാസർഗോഡിന്റെ പശ്ചാത്തലത്തില്‍ എല്ലാവർക്കും ഇഷ്ടപ്പെടുന്ന മികച്ചൊരു എന്റർടെയ്‌നർ ഉണ്ടാക്കാൻ ആ സിനിമയിലൂടെ നമുക്ക് സാധിച്ചു.ന്നാ താൻ പോയി കേസ് കൊട് എന്ന ചിത്രത്തില്‍ കാസ്റ്റിങ്ങ് ഡയറക്ടറായി. അങ്ങനെ പല റോളുകളില്‍ സിനിമയില്‍ രാജേഷ് നിറഞ്ഞ് തുടങ്ങിയിരിക്കുന്നു.ഇതിനൊക്കെ മേമ്ബോടിയായി രാജേഷ് സംവിധാനം ചെയ്യുന്ന ആദ്യ സിനിമ പെണ്ണും പൊറാട്ടും ചിത്രീകരണം പുരോഗമിക്കുകയാണ്.അടുത്തിടെ തമിഴ് സിനിമാ സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ സിനിമയില്‍ അഭിനയിക്കാൻ രാജേഷിന് അവസരം വന്നു.പക്ഷേ ഡേറ്റ് പ്രശ്‌നത്തേ തുടർന്ന് വേണ്ടെന്ന് വയ്‌ക്കേണ്ടതായി വന്നു.വില്ലൻ കഥാപാത്രങ്ങള്‍ ചെയ്യാൻ താല്‍പ്പര്യമുണ്ട്. പുതിയ സിനിമകളില്‍ തന്റെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ കാണാമെന്നും രാജേഷ് പറഞ്ഞു.

ജീവിതത്തിലും പുതിയ അദ്ധ്യായം തുറക്കാൻ ഒരുങ്ങുകയാണ് രാജേഷ്. ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ അസോസിയേറ്റ് ഡയറക്ടർമാരില്‍ ഒരാളായ ദീപ്തികാരാട്ടുമായുള്ള രാജേഷിന്റെ വിവാഹ തീരുമാനവും ജീവിതത്തിലെ പുതിയവിശേഷമാണ്. ഇരുവരും പ്രണയത്തിലായിരുന്നു. ആർട്ടിസ്റ്റും പ്രൊഡക്ഷൻ ഡിസൈനറും കൂടിയാണ് ദീപ്തി.സിനിമയുടെ ജാഡകളേതുമില്ലാത്ത സാധാരണക്കാരനാണ് രാജേഷ്. അഭിമുഖങ്ങളില്‍ നിന്നും ഇടപെടലുകളില്‍ നിന്നും ഒക്കെ വ്യക്തമാകുന്നതും അതു തന്നെയാണ്. സോ കോൾഡ് സമൂഹം സിനിമയിലെ നായക സങ്കൽപ്പങ്ങൾക്ക് നൽകിയ അതിർ വരമ്പുകൾ തച്ചുതകർത്ത് മലയാള സിനിമയ്ക്ക് പുത്തൻ പ്രതീക്ഷകളുമായി രാജേഷ് തൻ്റെ സിനിമാ യാത്ര തുടരുകയാണ്.