പീഡനക്കേസ് അന്വേഷിക്കാന്‍ വിമാനടിക്കറ്റ് ചോദിച്ചു; പൊലീസുകാരനെതിരെ നടപടിയെടുക്കും

പീഡനക്കേസ് അന്വേഷിക്കാന്‍ വിമാനടിക്കറ്റ് ചോദിച്ചു; പൊലീസുകാരനെതിരെ നടപടിയെടുക്കും

സ്വന്തം ലേഖിക

കൊച്ചി: കൊച്ചിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് അന്വേഷിക്കുന്നതിന് വിമാനടിക്കറ്റ് കൈക്കൂലിയായി വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കും.

ഇത് സംബന്ധിച്ച്‌ അന്വേഷണ സംഘം വൈകാതെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെതിരെയാണ് പെണ്‍കുട്ടിയുടെ കുടുംബം ഗുരുതരമായ പരാതി ഉന്നയിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊച്ചിയില്‍ താമസിക്കുന്ന യുപിക്കാരായ കുടുംബത്തിലെ 17കാരി കഴിഞ്ഞ ഓഗസ്റ്റില്‍ ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട യുവാവുമായി ഡെൽഹിയിലേക്ക് നാടുവിട്ടിരുന്നു. 14കാരിയായ സഹോദരിക്കൊപ്പമായിരുന്നു യാത്ര. മക്കളെ കാണാതായതോടെ മാതാപിതാക്കള്‍ എറണാകുളം നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കി.

കുട്ടികള്‍ ഡെൽഹിയിലുണ്ടെന്ന് അറിഞ്ഞിട്ടും കാര്യമായ അന്വേഷണമുണ്ടായില്ല. തുടര്‍ന്ന് മൂന്ന് വിമാനടിക്കറ്റുകള്‍ എടുത്ത് നല്‍കിയ ശേഷമാണ് പൊലീസുകാര്‍ ഡെൽഹിയിലേക്ക് പോയതെന്ന് കുടുംബം ആരോപിക്കുന്നു. ഈ ടിക്കറ്റുകള്‍ എടുക്കുന്നതിന് സമ്മര്‍ദ്ദം ചെലുത്തിയ ഉദ്യോഗസ്ഥനെതിരെയാണ് നടപടി വരുന്നത്.

കൊച്ചി ഡിസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. രണ്ട് സഹോദരന്മാര്‍ വീട്ടില്‍ വച്ച്‌ പല തവണ പീഡിപ്പിച്ചതായി 17കാരി ഡെൽഹിയില്‍ വൈദ്യപരിശോധന നടത്തിയ ഡോക്ടര്‍ക്ക് മൊഴി നല്‍കിയിരുന്നു. നിലവില്‍ കൊച്ചിയിലെ ചില്‍ഡ്രന്‍സ് ഹോമില്‍ കഴിയുന്ന കുട്ടികള്‍ അന്വേഷണ സംഘത്തിന്റെ മൊഴിയെടുപ്പിലും സഹോദരന്മാര്‍ പീഡിപ്പിച്ചിരുന്ന കാര്യം ആവര്‍ത്തിച്ചതായാണ് വിവരം.

വീട്ടിലേക്ക് തിരിച്ച്‌ പോകാന്‍ കുട്ടികള്‍ താല്‍പര്യം പ്രകടിപ്പിക്കുന്നില്ലെന്നും സൂചനയുണ്ട്. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി സ്വമേധയാ ഇടപെട്ട കേസായതിനാല്‍ അന്വേഷണം പൂര്‍ത്തിയായ ശേഷമേ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകൂ എന്ന് പൊലീസ് അറിയിച്ചു.