ചങ്ങനാശേരി വലിയകുളത്തിൽ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് വൻ ദുരന്തം: അപകടത്തിൽ മൂന്നു പേർക്ക് ദാരുണാന്ത്യം; മരിച്ചവരിൽ തെങ്ങണയിലെ പച്ചക്കറി വ്യാപാരിയും എറണാകുളത്തെ വിദ്യാർത്ഥിയും; ബൈക്ക് യാത്രക്കാരിൽ ഒരാൾക്ക് ഗുരുതര പരിക്ക്
തേർഡ് ഐ ബ്യൂറോ
ചങ്ങനാശേരി: നിയന്ത്രണം വിട്ട ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ചങ്ങനാശേരി വലിയകുളത്തിൽ വൻ ദുരന്തം. ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കൾ അടക്കം മൂന്നു പേർ മരിച്ചു. ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചങ്ങനാശേരി കുട്ടമ്പേരൂർ സ്വദേശിയും എറണാകുളം രാജഗിരി കോളേജിലെ ബികോം വിദ്യാർത്ഥിയുമായ ജെറിൻ ജോണി (19), മലകുന്നം സ്വദേശി വർഗീസ് മത്തായി (ജോസ് – 69) ഇദ്ദേഹത്തിന്റെ മരുമകനും വാഴപ്പള്ളി സ്വദേശിയുമായ ജിന്റോ ജോസ് (37) എന്നിവരാണ് മരിച്ചത്. ജെറിൻ ജോണിയ്‌ക്കൊപ്പം ബൈക്കിൽ യാത്ര ചെയ്ത വാഴപ്പള്ളി സ്വദേശി കെവിൻ ഫ്രാൻസിസിനെ (19) ഗുരുതര പരിക്കുകളോടെ ചങ്ങനാശേരിയിലെ ചെത്തിപ്പുഴ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശനിയാഴ്ച രാത്രി പത്തരയോടെ ചങ്ങനാശേരി വലിയകുളത്തിലായിരുന്നു അപകടം. തെങ്ങണ ഭാഗത്തു നിന്നും സ്‌കൂട്ടറിൽ എത്തിയതായിരുന്നു ജിന്റോയും, ജോസ് വർഗീസും. ഇവർ സഞ്ചരിച്ച സ്‌കൂട്ടർ എതിർ ദിശയിൽ നിന്നും കെവിനും ജെറിനും സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ബൈക്കും സ്‌കൂട്ടറും പൂർണമായും തകർന്നു. നാലു പേരും റോഡിൽ വീണു കിടക്കുകയായിരുന്നു. അപകടത്തെ തുടർന്നു റോഡിൽ പരിക്കേറ്റു കിടന്ന ഇരുവരെയും ഓടിയെത്തിയ നാട്ടുകാരും, പൊലീസ് കൺട്രോൾ റൂം വാഹനവും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.
രാത്രി പന്ത്രണ്ടു മണിയോടെ ജെറിൻ ജോണി ആശുപത്രിയിൽ വച്ചു മരിച്ചു. പുലർച്ചെ നാലരയോടെ ജിന്റോ ജോസും, അഞ്ചരയോടെ ജോസ് വർഗീസും മരിച്ചു. മൂന്നു പേരുടെയും മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും. കൊവിഡ് പരിശോധനയ്ക്കു ശേഷമാവും മൃതദേഹങ്ങൾ വിട്ടു നൽകുക. ചങ്ങനാശേരി പൊലീസ് കേസെടുത്തു.