കടത്തിണ്ണയില്‍ കിടന്നുറങ്ങിയ വയോധികനെ അജ്ഞാത വാഹനം ഇടിച്ചിട്ടു; വയോധികൻ്റെ ഭാണ്ഡത്തിൽ നിന്നും പൊലീസ് കണ്ടെത്തിയത് അരലക്ഷത്തോളം രൂപ; ഞെട്ടി പൊലീസും നാട്ടുകാരും
സ്വന്തം ലേഖിക
തിരുവനന്തപുരം: കടത്തിണ്ണയില്‍ കിടന്നുറങ്ങിയ വയോധികനെ അജ്ഞാത വാഹനം ഇടിച്ചിട്ട് നിര്‍ത്താതെ പോയി.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളുടെ പക്കല്‍ നിന്നും പൊലീസ് കണ്ടെത്തിയത് അരലക്ഷത്തോളം രൂപ. തിരുവനന്തപുരം പോത്തന്‍കോട് കണിയാപുരം ദേശീയപാതയോരത്താണ് സംഭവം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എഴുപത്തിയഞ്ചു വയസുകാരനായ സേലം സ്വദേശി യുവരാജിനെയാണ് ആപകടത്തില്‍പ്പെട്ട് ആശുപത്രിയിലാക്കിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിക്കായിരുന്നു സംഭവം.
ഏറെ നാളായി ഈ ഭാഗത്ത് അലഞ്ഞുതിരിഞ്ഞ് നടക്കുന്ന യുവരാജ് ഇവിടുത്തെ കടത്തിണ്ണകളിലാണ് അന്തിയുറങ്ങിയിരുന്നത്.
വെള്ളിയാഴ്ച പതിവ് പോലെ കണിയാപുരം കെഎസ്‌ആര്‍ടിസി ഡിപ്പോയ്ക്ക് സമീപം കടത്തിണ്ണയില്‍ ഉറങ്ങുകയായിരുന്നു. ഇതേ സമയമാണ് അജ്ഞാത വാഹനം തട്ടിയിട്ട് കടന്ന് കളഞ്ഞത്.
ഇടിയില്‍ ഇയാളുടെ ഭാണ്ഡത്തില്‍ നിന്നും നാണയങ്ങളും നോട്ടുകളും തെറിച്ചുവീണു. ഈ സമയം പട്രോളിംഗ് നടത്തിയിരുന്ന മംഗലാപുരം പൊലീസ് ഹൈവെ പട്രോളിംഗ് സംഘം സ്ഥലത്ത് എത്തുകയും, അംബുലന്‍സ് വിളിച്ച് യുവരാജിനെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.
തുടര്‍ന്ന് യുവരാജിന്‍റെ ഭാണ്ഡത്തിലെ പണം നാട്ടുകാരുടെ സാന്നിധ്യത്തില്‍ പൊലീസ് എണ്ണി തിട്ടപ്പെടുത്തി. ഇത് 46,700 രൂപയോളം ഉണ്ടായിരുന്നു.
ഇതില്‍ 9,500 രൂപ ആശുപത്രി ചിലവിന് യുവരാജിന് നല്‍കിയിട്ടുണ്ട്. ബാക്കി തുക പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്. തുക ആശുപത്രി വിട്ടശേഷം യുവരാജിന് കൈമാറും.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് ഇയാളെ പ്രവേശിപ്പിച്ചിരിക്കുന്നത്. പരിക്ക് സാരമുള്ളതല്ല.