രണ്ടുപേരുടെ ജീവനെടുത്ത ആഢംബര കാർ ; 17- കാരന് മുത്തച്ഛൻ നൽകിയ പിറന്നാൾ സമ്മാനം
പുണെ : പുണെയിലെ കല്യാണി നഗറില്‍ രണ്ട് യുവ എൻജിനിയർമാരുടെ മരണത്തിന് ഇടയാക്കിയ അപകടമുണ്ടാക്കിയ ആഡംബര കാർ 17-കാരന് പിറന്നാള്‍ സമ്മാനമായി ലഭിച്ചതെന്ന് റിപ്പോർട്ട്.
അപകടസമയത്ത് കാറോടിച്ചിരുന്ന കൗമാരക്കാരന് പിറന്നാള്‍ സമ്മാനമായി മുത്തച്ഛൻ സുരേന്ദ്ര അഗർവാള്‍ സമ്മാനിച്ചതാണ് പോർഷെ ടെയാകാൻ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍. മെയ് 19-ന് പുലർച്ചെയാണ് അശ്വിനി കോഷ്ത, അനീഷ് ആവാഡിയ എന്നീ യുവ എൻജിനീയർമാരുടെ മരണത്തിനിടയാക്കിയ അപകടം ഉണ്ടായത്.
കൊച്ചുമകന് ആഡംബര കാർ സമ്മാനിച്ചതുമായി ബന്ധപ്പെട്ട് സുഹൃത്തുക്കള്‍ ഉള്‍പ്പെടുന്ന വാട്ട്സ്‌ആപ്പ് ഗ്രൂപ്പില്‍ സുരേന്ദ്ര അഗർവാള്‍ മെസേജ് ഇട്ടിരുന്നതായി അദ്ദേഹത്തിന്റെ സുഹൃത്ത് അമൻ വാധ്വ വെളിപ്പെടുത്തിയതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. കാറിന്റെ ചിത്രം അടക്കമാണ് സുരേന്ദ്ര അഗർവാള്‍ വാട്സ്‌ആപ്പില്‍ ഫോട്ടോ ഇട്ടതെന്നും റിപ്പോർട്ടില്‍ പറയുന്നു. കൗമാരക്കാരൻ അമിതവേഗത്തില്‍ ഓടിച്ച ഈ ആഡംബര കാറിടിച്ചാണ് ബൈക്ക് യാത്രികരായ അശ്വിനിയും അനീഷും മരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തില്‍ കേസെടുക്കാതെ 15 മണിക്കൂറിനകം കൗമാരക്കാരനെ ജാമ്യത്തില്‍ വിട്ടയച്ചതുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളുണ്ടായിരുന്നു. ഇതോടെ പതിനേഴുകാരനെയും അച്ഛനെയും പോലീസ് വീണ്ടും സ്റ്റേഷനില്‍ എത്തിച്ചിരുന്നു. ഇതിനിടെ കുറ്റം ഏല്‍ക്കാൻ ഡ്രൈവറെ പ്രേരിപ്പിച്ചതിന് കൗമാരക്കാരന്റെ മുത്തച്ഛനെയും കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തു. പുണെ പോലീസ് കമ്മീഷണർ അമിതേഷ് കുമാറാണ് ഇതുസംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടത്.
അപകടസമയത്ത് കാറോടിച്ചിരുന്നത് താനാണ് എന്ന് കുറ്റമേല്‍ക്കണം എന്നുപറഞ്ഞ് അഗർവാള്‍ കുടുംബം തനിക്ക് പണം വാഗ്ദാനം ചെയ്തതായി അവരുടെ ഡ്രൈവർ ഗംഗാറാം പൂജാരി മൊഴി നല്‍കിയിട്ടുള്ളതായി പോലീസ് പറഞ്ഞു. വാഗ്ദാനത്തില്‍ വീഴുന്നില്ല എന്ന് കണ്ടതോടെ തന്നെ രണ്ടുദിവസം വീട്ടില്‍ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തിയതായും ഗംഗാറാം പോലീസിനോട് വെളിപ്പെടുത്തി. നിലവില്‍ കേസിലെ പ്രധാന സാക്ഷിയാണ് ഗംഗാറാം.