മലയാളത്തിന്റെ മാസ്റ്റര്‍പീസ് ‘ആടുജീവിതം’ ആദ്യ ദിനം നേടിയത് 16.7 കോടി; രണ്ട് ദിവസം കൊണ്ട് 30 കോടിയില്‍

മലയാളത്തിന്റെ മാസ്റ്റര്‍പീസ് ‘ആടുജീവിതം’ ആദ്യ ദിനം നേടിയത് 16.7 കോടി; രണ്ട് ദിവസം കൊണ്ട് 30 കോടിയില്‍

സ്വന്തം ലേഖകൻ

പ്രേമലുവിന്റേയും മഞ്ഞുമ്മല്‍ ബോയ്‌സിന്റേയും വമ്പന്‍ വിജയത്തിനു ശേഷം മറ്റൊരു മലയാളം ചിത്രം കൂടി ബോക്‌സ് ഓഫിസ് കീഴടക്കുകയാണ്. പൃഥ്വിരാജ്- ബ്ലെസി ചിത്രം ആടുജീവിതം. ആഗോള ബോക്‌സ് ഓഫിസില്‍ നിന്ന് മികച്ച കളക്ഷനാണ് ചിത്രം നേടുന്നത്. ഇപ്പോള്‍ ആദ്യ ദിവസത്തെ ചിത്രത്തിന്റെ കളക്ഷന്‍ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കള്‍. ആദ്യ ദിവസം ചിത്രം 16.7 കോടി നേടിയെന്നാണ് വ്യക്തമാക്കിയത്.

ഫാന്‍സ് ഷോകള്‍ ഇല്ലാതിരുന്നിട്ടും കേരളത്തില്‍ നിന്ന് മാത്രം ചിത്രം നേടിയത് അഞ്ച് കോടി രൂപയാണ്. ലോകമെമ്പാടുമായി 1724 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. രണ്ട് ദിവസത്തില്‍ ചിത്രം 30 കോടി ക്ലബ്ബില്‍ ഇടംനേടിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യയില്‍ നിന്നും ആദ്യ ദിനം 8.78 കോടിയായിരുന്നു കളക്ഷന്‍.

രണ്ട് ശനി, ഞായര്‍ ദിവസങ്ങളിലും വലിയ രീതിയിലുള്ള അഡ്വാന്‍സ് ബുക്കിങ് ആണ് സിനിമയ്ക്കു ലഭിക്കുന്നത്. അവധി ദിനങ്ങള്‍ തുടര്‍ച്ചയായി വന്നതും മറ്റു സിനിമകളുടെ റിലീസ് ഇല്ലാതിരുന്നതും ചിത്രത്തിന് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിനിമയുടെ ഗ്രോസ് കലക്ഷന്‍ ആദ്യവാരം 60 കോടി പിന്നിട്ടേക്കുമെന്നും പറയപ്പെടുന്നു. അങ്ങനെയെങ്കില്‍ ഏറ്റവും വേഗത്തില്‍ അന്‍പത് കോടി ക്ലബ്ബിലെത്തുന്ന ആദ്യ മലയാള സിനിമയായി ആടുജീവിതം മാറും.

കേരളത്തില്‍ മാത്രമല്ല അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും മികച്ച റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കര്‍ണാടകയില്‍ നിന്നും ആദ്യദിനം ഒരുകോടി രൂപയാണ് ചിത്രം നേടിയത്. മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായാണ് ആദ്യദിനം ഒരു കോടി കളക്ഷന്‍ നേടുന്നത്. തമിഴ്‌നാട്ടിലും മികച്ച പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്. മലയാളത്തിന്റെ മാസ്റ്റര്‍പീസ് എന്നാണ് ചിത്രത്തെ വിശേഷിപ്പിക്കുന്നത്. സിനിമാരംഗത്തെ പ്രമുഖര്‍ ഉള്‍പ്പടെ നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നത്.