പാലാരിവട്ടം പാലം: സൂരജിന് പിന്നാലെ ഇബ്രഹിം കുഞ്ഞും അറസ്റ്റിലാകും; പാലാ തിരഞ്ഞെടുപ്പിന് മുൻപ് അറസ്റ്റുണ്ടായേക്കും; പാലാ കടക്കാൻ നിർണ്ണായക നടപടിയുമായി സർക്കാർ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പാലാരിവട്ടം പാലം പാലാ തിരഞ്ഞെടുപ്പിൽ തുറുപ്പുചീട്ടാക്കി മാറ്റാരൊരുങ്ങി സംസ്ഥാന സർക്കാർ. ടി.ഒ സൂരജിന് പിന്നാലെ മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ കൂടി അകത്താക്കി നിർണ്ണായകമായ തിരഞ്ഞെടുപ്പ് തുറുപ്പ് ചീട്ട് പുറത്തെടുക്കാനാണ് ഇപ്പോൾ സംസ്ഥാന സർക്കാർ ആലോചിക്കുന്നത്. അഴിമതിക്കേസിൽ മുൻ മന്ത്രിയെ തന്നെ ജയിലിലാക്കിയാൽ പാലാ തിരഞ്ഞെടുപ്പിൽ ജയിച്ച് കയറാൻ കഴിയുമെന്ന നിർണ്ണായകമായ തന്ത്രമാണ് ഇപ്പോൾ സർക്കാർ പയറ്റുന്നത്. ഇതിനു മുന്നോടിയായി വി.കെ. ഇബ്രാഹീംകുഞ്ഞിനെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്തേക്കും. മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജ് അടക്കമുള്ളവര്‍ അറസ്റ്റിലായ സാഹചര്യത്തില്‍ ഒരാഴ്ചക്കകം വിളിപ്പിച്ചേക്കുമെന്നാണ് വിവരം. വിജിലന്‍സ് എസ്.പി വി.ജി. വിനോദ്കുമാറിെന്റ നേതൃത്വത്തില്‍ കഴിഞ്ഞ 22ന് ഇബ്രാഹീംകുഞ്ഞിനെ ചോദ്യംചെയ്തിരുന്നു.
ഇതിന്റെ ചുവടുപിടിച്ചായിരിക്കും ഇബ്രാഹീംകുഞ്ഞിനെ വീണ്ടും വിളിപ്പിക്കുക. അതേസമയം, മേല്‍പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് കരാര്‍ കമ്പനിക്ക് നേരിട്ട് തുക നല്‍കാനുള്ള ഒരുഫയലും കണ്ടിട്ടില്ലെന്ന് വി.കെ. ഇബ്രാഹീംകുഞ്ഞ് എം.എല്‍.എ വ്യക്തമാക്കി. സര്‍ക്കാര്‍ നയം അനുസരിച്ചുള്ള ഫയല്‍ മാത്രമാണ് താന്‍ കണ്ടത്. വിജിലന്‍സിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ അത് വ്യക്തമാകും. ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ പരസ്യ പ്രതികരണത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു. അഴിമതിയിലൂടെ ലഭിച്ചത് എത്ര തുകയാണെന്നും ഈ പണം ഏതെല്ലാം രീതിയിലാണ് വിനിയോഗിച്ചതെന്നുമുള്ള കാര്യങ്ങളാകും വിജിലന്‍സ് അന്വേഷിക്കുക.
അറസ്റ്റിലായവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണസംഘം മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഇത് തിങ്കളാഴ്ചയാണ് പരിഗണിക്കുക. കസ്റ്റഡിയില്‍ ലഭിച്ചുകഴിഞ്ഞാല്‍ കൂടുതല്‍ ചോദ്യംചെയ്യല്‍ നടക്കും.
വെള്ളിയാഴ്ച അറസ്റ്റിലായ പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ. സൂരജ്, കരാര്‍ കമ്പനിയായ ആര്. ഡി. എസ് എം. ഡി സൂമിത് ഗോയല്‍, ആര്.ബി.ഡി.സി.കെ മുന്‍ അഡീഷനല്‍ ജനറല്‍ മാനേജര്‍ എം.ടി. തങ്കച്ചന്, കിറ്റ്കോ ജോയിന്റ് ജനറല്‍ മാനേജര്‍ ബെന്നി പോള്‍ എന്നിവരെയാണ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്.
സമൂഹത്തില്‍ ഉന്നത സ്ഥാനത്തിരുന്നവരും സാക്ഷികളെ സ്വാധീനിക്കാന്‍ കഴിയുന്നവരാണെന്നും ഇവരില്‍നിന്ന് ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള പൂര്‍ണ വിവരങ്ങള്‍ ശേഖരിക്കേണ്ടതുണ്ടെന്നും കസ്റ്റഡി അപേക്ഷയില്‍ പറയുന്നു. ഇവര്‍ നല്‍കിയിരിക്കുന്ന മൊഴികളിലെ വൈരുധ്യം പരിശോധിക്കാനും ഇവരുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ചറിയാനും പ്രതികളെ കസ്റ്റഡിയില്‍ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അപേക്ഷയില്‍ വ്യക്തമാക്കുന്നു.
അഴിമതി, ഫണ്ട് ദുര്‍വിനിയോഗം, ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിരുന്നത്. സൂരജ് പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെയാണ് പാലം നിര്‍മാണത്തിന് കരാര്‍ നല്‍കിയത്. 44 കോടി ചെലവില്‍ നിര്‍മാണം പൂര്‍ത്തിയാക്കി 2016 ഒക്ടോബര്‍ 12 ന് ഉദ്ഘാടനം ചെയ്ത പാലത്തില്‍ ഒരു വര്‍ഷത്തിനകം കുഴികളും വിള്ളലുകളും രൂപപ്പെട്ടിരുന്നു. രൂപകല്പന മുതല്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടന്നു എന്നായിരുന്നു വിജിലന്‍സ് കണ്ടെത്തല്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group