വസ്ത്രവ്യാപാര മേഖലയിലെ അതികായകൻ ; തൊടുപുഴയിലെ സാമൂഹ്യ, സാംസ്കാരിക,വിദ്യാഭ്യാസ മേഖലകളില്‍ നിറസാന്നിധ്യം ; പുളിമൂട്ടില്‍ സില്‍ക്സ് ഉടമ ഔസേപ്പ് ജോണ്‍ പുളിമൂട്ടില്‍ നിര്യാതനായി

വസ്ത്രവ്യാപാര മേഖലയിലെ അതികായകൻ ; തൊടുപുഴയിലെ സാമൂഹ്യ, സാംസ്കാരിക,വിദ്യാഭ്യാസ മേഖലകളില്‍ നിറസാന്നിധ്യം ; പുളിമൂട്ടില്‍ സില്‍ക്സ് ഉടമ ഔസേപ്പ് ജോണ്‍ പുളിമൂട്ടില്‍ നിര്യാതനായി

തൊടുപുഴ: വസ്ത്രവ്യാപാര മേഖലയിലെ അതികായകനും ആതിഥ്യമര്യാദയുടെ ആള്‍രൂപവുമായ ഔസേപ്പ് ജോണ്‍ പുളിമൂട്ടില്‍(88) ഓർമയായി. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നു തൊടുപുഴ സെന്‍റ് മേരീസ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്നലെ വൈകുന്നേരം മൂന്നോടെയായിരുന്നു അന്ത്യം.

തൊടുപുഴയിലെ സാമൂഹ്യ, സാംസ്കാരിക,വിദ്യാഭ്യാസ മേഖലകളില്‍ നിറസാന്നിധ്യമായിരുന്നു ഇദ്ദേഹം. വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരെയും സമഭാവനയില്‍ കണ്ടിരുന്ന ഇദ്ദേഹത്തിന്‍റെ ജീവിതശൈലി സ്ഥാപനത്തില്‍ എത്തുന്ന ഓരോരുത്തരെയും ആഴത്തില്‍ സ്പർശിച്ചിരുന്നു.

അതാണ് പുളിമൂട്ടില്‍ സില്‍ക്സ് ഉടമ ഔസേപ്പ്ജോണിന്‍റെ വിജയരഹസ്യവും. ഉദയംപേരൂർ പരേതരായ ചാക്കോ ഔസേപ്പ്-അന്നമ്മ ദന്പതികളുടെ അഞ്ചാമത്തെ മകനായി 1937 നവംബർ 15നാണ് ജനനം. ഒരു നൂറ്റാണ്ട് മുന്പാണ് പുളിമൂട്ടില്‍ കുടുംബം വ്യാപാരരംഗത്തേക്ക് കടന്നുവരുന്നത്. ആദ്യകാലത്ത് പലചരക്ക് കട, തുണിക്കട, ഓയില്‍മില്‍ എന്നിവയാണ് തൊടുപുഴയില്‍ നടത്തി വന്നിരുന്നത്. 1924ലായിരുന്നു വസ്ത്രവ്യാപാര രംഗത്തേയ്ക്കുള്ള രംഗപ്രവേശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഔസേപ്പ് ജോണിന്‍റെ പിതാവ് ചാക്കോ ഔസേപ്പ് ചെറിയ മുറിയിലാണ് തുണിക്കട ആരംഭിച്ചത്. പിന്നീട് പഴയ പ്രൈവറ്റ് ബസ് സ്റ്റാന്‍റിനു സമീപം 15,000 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടത്തില്‍ വിപുലമായ വസ്ത്രവ്യാപാര സ്ഥാപനം ആരംഭിച്ചു. 2008-ല്‍ തൊടുപുഴയില്‍ 75,000 ചതുരശ്രയടി വിസ്തീർണമുള്ള അതിവിശാലമായ പുതിയ ഷോറൂമിനു തുടക്കമിട്ടു.

തൃശൂർ, കോട്ടയം, കൊല്ലം, തിരുവല്ല, പാലാ, കൊച്ചി, തൊടുപുഴ എന്നിവിടങ്ങളിലായി പുളിമൂട്ടില്‍ സില്‍ക്സ് ഗ്രൂപ്പിന് നിലവില്‍ ഏഴ് ഷോറൂമുകളുണ്ട്. പുളിമൂട്ടില്‍ സില്‍ക്സിന്‍റെ മാർഗദർശിയായ ഒൗസേപ്പ് ജോണിന്‍റെ അസാധാരണമായ നേതൃപാടവവും കർമകുശലതയും ദീർഘവീക്ഷണവുമാണ് വസ്ത്രവ്യാപാര രംഗത്ത് വിസ്മയം ജനിപ്പിക്കുന്ന മുന്നേറ്റമുണ്ടാക്കാൻ വഴി തുറന്നത്.

നിലവില്‍ തൊടുപുഴയിലെ ഷോറൂമിന്‍റെ ഡയറക്ടറായി മകൻ റോയി ജോണും തിരുവല്ലയിലെയും കൊച്ചിയിലെയും ഡയറക്ടറായി മകൻ റോജർ ജോണും പ്രവർത്തിക്കുന്നു. രണ്ടായിരത്തോളം തൊഴിലാളികള്‍ വിവിധ ഷോറൂമുകളിലായി ജോലി ചെയ്തുവരുന്നുണ്ട്. കൃത്യനിഷ്ഠയോടെയുള്ള ജീവിതശൈലിയായിരുന്നു ഇദ്ദേഹത്തിന്‍റേത്. നാല്‍പതോളം വിദേശ രാജ്യങ്ങളും സന്ദർശിച്ചിട്ടുണ്ട്. മികച്ച ജീവകാരുണ്യ പ്രവർത്തകനുമായിരുന്നു. ഭാര്യ പെണ്ണമ്മ തൊടുപുഴ കളരിക്കല്‍ കുടുംബാംഗമാണ്.

Tags :