play-sharp-fill
കർഷകരെ ചതിച്ച് നെല്ല് മാഫിയ: കൊയ്ത്കൂട്ടിയ നെല്ല് ഒരാഴ്ചയായിട്ടും സംഭരിച്ചില്ല; വേനൽമഴയിൽ നെല്ല് കിളിത്ത് പോകുമെന്ന ഭീതിയിൽ കർഷകർ; നെല്ലുസംഭരണം വൈകുന്നത് മില്ലുകാരുടെ കടുംപിടുത്തം മൂലം

കർഷകരെ ചതിച്ച് നെല്ല് മാഫിയ: കൊയ്ത്കൂട്ടിയ നെല്ല് ഒരാഴ്ചയായിട്ടും സംഭരിച്ചില്ല; വേനൽമഴയിൽ നെല്ല് കിളിത്ത് പോകുമെന്ന ഭീതിയിൽ കർഷകർ; നെല്ലുസംഭരണം വൈകുന്നത് മില്ലുകാരുടെ കടുംപിടുത്തം മൂലം

സ്വന്തം ലേഖകൻ

കോട്ടയം: ചാക്കിന്റെ തൂക്കത്തിനൊപ്പം ഒരു ക്വിന്റലിൽ നാലു കിലോ തൂക്കം കുറയ്ക്കണമെന്ന മില്ലുടമകളുടെ വാദത്തിൽ തട്ടി നഗരപരിധിയിലെ നെല്ലു സംഭരണം വൈകുന്നു. ഇല്ലിക്കൽ പതിനഞ്ചിൽക്കടവിലെ പൈനിയർ പാടശേഖരത്തെ നെല്ലാണ് കഴിഞ്ഞ തിങ്കളാഴ്ച കൊയ്തിട്ടതിനു ശേഷം ഇതുവരെയും മില്ലുടമകൾ സംഭരിക്കാത്തത്. ഇതേ തുടർന്ന് കൊയ്ത് കൂട്ടിയ നെല്ല് പാടശേഖരത്തിൽ കൂട്ടിയിട്ടിരിക്കുകയാണ്. സാധാരണ നെല്ല് ഏറ്റെടുക്കുന്ന മില്ലുകൾ ചാക്കിന്റെ തൂക്കം മാത്രമാണ് നെല്ലിൽ കുറയ്ക്കുക. എന്നാൽ, ഇത്തവണ എത്തിയ മില്ലുകൾ നാലു കിലോ വീതം ഒരു ക്വിന്റലിൽ തൂക്കം കുറയ്ക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, കർഷകർ ഇത് അംഗീകരിച്ചില്ല. ഇതേ തുടർന്ന് തർക്കം രൂക്ഷമായതോടെ കർഷകരിൽ നിന്നും നെല്ല് ഏറ്റെടുക്കാതെ മിൽ ഉടമകൾ മടങ്ങി.
25 ഏക്കർ വരുന്ന ഈ പാടശേഖരത്ത് എട്ടോ ഒൻപതോ കർഷകർ മാത്രമാണ് ഉള്ളത്. ഇത്തവണയാകട്ടെ നല്ല വിളവ് പാടശേഖരത്തിൽ നിന്നും ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ, മിൽ ഉടമകളുടെ പിടിവാശി മൂലം നെല്ല് ദിവസങ്ങൾ കഴിഞ്ഞിട്ടും പാടത്ത് തന്നെ കിടക്കുകയാണ്. മില്ലുടമകളുടെ വാശിയെ തുടർന്ന് കർഷകരും പാടശേഖര സമിതിയും ചേർന്ന് കൃഷി വകുപ്പിനും, സപ്ലൈക്കോയ്ക്കും പരാതിയും നൽകിയിരുന്നു. എന്നാൽ, ദിവസങ്ങൾ കഴിഞ്ഞിട്ടും ഉദ്യോഗസ്ഥർ ഇവിടേയ്ക്ക് തിരിഞ്ഞു പോലും നോക്കുന്നില്ല. ഈ സാഹചര്യത്തിൽ ജില്ലാ കളക്ടർ അടക്കമുള്ളവർ പ്രശ്‌നത്തിൽ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പാടശേഖരത്തിന് സമീപത്ത് തന്നെയാണ് നെല്ല് സൂക്ഷിച്ചിരിക്കുന്നത്. ചാക്കിൽക്കെട്ടി സൂക്ഷിച്ചിരിക്കുന്ന നെല്ലിലേയ്ക്ക് ഈർപ്പം പടരാനുള്ള സാധ്യത ഏറെയാണ്. വേനൽ മഴ എല്ലാ ദിവസവും പെയ്യുന്ന സാഹചര്യത്തിൽ നെല്ലിൽ ഈർപ്പം പടർന്നാൽ ഇത് നെല്ലിനെ ബാധിക്കും. ഇത് ഒഴിവാക്കാൻ അടിയന്തര ഇടപെടൽ വേണമെന്നാണ് കർഷകരുടെ ആവശ്യം.