ലോക്സഭാ തിരഞ്ഞെടുപ്പ് വിധിക്ക് ഇനി ഒൻപത് നാൾ ; രാജ്യത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമായി തൃശൂർ ; ആര് ജയിച്ചാലും രണ്ട് മുന്നണികളിലും പൊട്ടിത്തെറി കൂടി പ്രവചിച്ച് രാഷ്ട്രീയ നിരീക്ഷകർ
സ്വന്തം ലേഖകൻ
തൃശൂർ: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വിധിക്ക് ഇനി ഒമ്പതുനാള്‍, മൂന്നു മുന്നണികളും വിജയം പ്രതീക്ഷിക്കുന്ന മണ്ഡലമാണ് ഇക്കുറി തൃശൂർ. ബി.ജെ.പിക്കായി മോദിയും കോണ്‍ഗ്രസിനായി ഖാർഗെ, ഡി.കെ. ശിവകുമാർ എന്നിവരും എല്‍.ഡി.എഫിനായി മുഖ്യമന്ത്രി പിണറായി വിജയനും ഡി. രാജയും എല്ലാം പ്രചാരണം നടത്തിയതോടെ രാജ്യത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമായി തൃശൂർ മാറി.
തുല്യശക്തികളുടെ പോരാട്ടത്തില്‍ വോട്ടെടുപ്പിന് ശേഷമുള്ള അവകാശ വാദങ്ങളിലും മുന്നണികള്‍ തമ്മില്‍ പോര് നടക്കുന്നു. ഇതോടൊപ്പം വോട്ട് മറിക്കല്‍ ആരോപണവും ഇതിനകം ഉയർന്നിട്ടുണ്ട്. ആര് ജയിച്ചാലും മറ്റ് രണ്ട് മുന്നണികളിലും പാർട്ടികളിലും പൊട്ടിത്തെറി കൂടി പ്രവചിക്കുന്നുണ്ട് രാഷ്ട്രീയ നിരീക്ഷകർ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
യു.ഡി.എഫ്
വൻഭൂരിപക്ഷത്തില്‍ കഴിഞ്ഞ തവണ വിജയിച്ച മണ്ഡലം ഇക്കുറിയും നിലനിറുത്താനാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. ലീഡറുടെ മകൻ കെ. മുരളീധരന്റെ രംഗപ്രവേശമാണ് ആത്മവിശ്വാസത്തിന്റെ അടിസ്ഥാനം. എന്നാല്ചില നേതാക്കള്‍ ഗുരുതരമായ വീഴ്ച വരുത്തിയെന്ന് വോട്ടെടുപ്പിന് ശേഷമുള്ള അവലോകന യോഗത്തില്‍ കെ. മുരളീധരൻ തന്നെ ആരോപിച്ചത് അണികളില്‍ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. എങ്കിലും വിജയിച്ചുകയറുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് യു.ഡി.എഫ്.
എല്‍.ഡി.എഫ്
നഷ്ടമായ സീറ്റ് തിരികെപ്പിടിക്കാനുള്ള ദൗത്യമായിരുന്നു ഇക്കുറി എല്‍.ഡി.എഫിന്. അതിനാല്‍ ജനകീയ മുഖമായ വി.എസ്. സുനില്‍കുമാറിനെ ഇറക്കി മത്സരത്തിന് വീറും വാശിയും നല്കാൻ എല്‍.ഡി.എഫിനായി. സുനില്‍കുമാറിന്റെ ശൈലി വോട്ടായി മാറുമെന്നായിരുന്നു കണക്കുകൂട്ടല്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ ത്രികോണപ്പോരാട്ടത്തില്‍ സി.പി.ഐ ജയിച്ചുകയറിയപോലെ ലോക്സഭാ മണ്ഡലത്തിലും ആവർത്തിക്കുമെന്നാണ് എല്‍.ഡി.എഫ് പ്രതീക്ഷ. എന്നാല്‍ വാർഡ് തലങ്ങളില്‍ എല്‍.ഡി.എഫ് വോട്ടുകള്‍ പൂർണമായി ചെയ്തില്ലെന്ന ആരോപണമാണ് ഒരുവശത്ത് ആശങ്ക ഉയർത്തുന്നത്.
എൻ.ഡി.എ
ഇക്കുറിയില്ലെങ്കില്‍ ഇനിയില്ല… ബി.ജെ.പിയും എൻ.ഡി.എയും പറയുന്നതിങ്ങനെ. കേരളത്തില്‍ താമര വിരിയുന്നത് തൃശൂരില്‍ നിന്നാകുമെന്നും അവർ പറയുന്നു. ത്രികോണ മത്സരത്തില്‍ കഴിഞ്ഞ തവണത്തേക്കാള്‍ ഒന്നര ലക്ഷത്തിലേറെ വോട്ടുകള്‍ നേടാനായാല്‍ വിജയിക്കുമെന്നാണ് എൻ.ഡി.എ പ്രതീക്ഷ. സ്ത്രീ വോട്ടർമാരില്‍ തന്നെയാണ് പ്രതീക്ഷയർപ്പിക്കുന്നതും. എന്നാല്‍ ന്യൂനപക്ഷ വോട്ടുകളില്‍ വിള്ളലുണ്ടാകാതെ വരികയും മറ്റ് രണ്ട് മുന്നണികള്‍ക്ക് ഒന്നിന് വീഴുകയും ചെയ്താല്‍ നിരാശയാകാം ഫലമെന്ന വിലയിരുത്തലുമുണ്ട്.
പരാജയപ്പെട്ടാല്‍ പൊട്ടിത്തെറി
ആര് വിജയിച്ചാലും പരാജിതരാകുന്ന മറ്റ് രണ്ട് മുന്നണികളില്‍ വൻ പൊട്ടിത്തെറികള്‍ക്ക് കളമൊരുങ്ങും. യു.ഡി.എഫ് സ്ഥാനാർത്ഥി മുരളീധരൻ പരാജയപ്പെട്ടാല്‍ ജില്ലാ കോണ്‍ഗ്രസിനുള്ളില്‍ വലിയ അഴിച്ചുപണികള്‍ക്ക് സാക്ഷ്യം വഹിച്ചേക്കും. നേതാക്കള്‍ക്കെതിരെയുള്ള മുരളീധരന്റെ ആരോപണം തന്നെയാകും പ്രധാന കാരണം. വിജയിക്കുമെന്ന സാഹചര്യമുണ്ടായിട്ടും പരാജയപ്പെട്ടാല്‍ പിന്നില്‍ നിന്ന് കുത്തിയെന്ന ആരോപണം ഉയരും.
എല്‍.ഡി.എഫിനെ സംബന്ധിച്ചും തൃശൂർ സീറ്റ് പിടിച്ചെടുക്കുകയെന്നത് ജീവൻ മരണ പോരാട്ടമായിരുന്നു. അതില്‍ വിജയിച്ചില്ലെങ്കില്‍ പ്രധാന ഘടകകക്ഷികളായ സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള വിള്ളലിന് ഇടയാക്കും. കരുവന്നൂർ വിഷയത്തില്‍ പ്രതികൂട്ടിലായ സി.പി.എമ്മിനോടുള്ള വോട്ടർമാക്കുള്ള എതിപ്പും പോള്‍ ചെയ്യാതിരുന്നത് സിപി.എം വോട്ടാണെന്ന ആരോപണവും ചർച്ചയാകും.
ബി.ജെ.പിയെ സംബന്ധിച്ച് മണിപ്പൂർ പോലുള്ള വിഷയത്തില്‍ തിരിച്ചടി ഉണ്ടെങ്കിലും മോദിയുടെ സന്ദർശനവും സുരേഷ് ഗോപിയുടെ വ്യക്തിപ്രഭാവും തരംഗമുണ്ടാക്കിയിട്ടും വിജയിക്കാനായില്ലെങ്കില്‍ ജില്ലാ നേതൃത്വം മുതല്‍ സംസ്ഥാന നേതൃത്വം വരെ കേന്ദ്ര നേതൃത്വത്തോട് മറുപടി പറയേണ്ടി വരുമെന്നതാണ് അവസ്ഥ.